സ്വന്തം ലേഖകൻ: കലാപം തുടരുന്ന മണിപ്പുരില്‍ കേന്ദ്ര മന്ത്രിയുടെ വീടിന് അക്രമികള്‍ തീവെച്ചു. കേന്ദ്ര മന്ത്രി ആര്.കെ.രഞ്ജന്‍ സിങിന്റെ ഇംഫാലിലെ വസതിയാണ് അക്രമികള്‍ അഗ്നിക്കിരയാക്കിയത്. മന്ത്രി സംഭവസമയത്ത് വീട്ടിലില്ലായിരുന്നു. സംഘടിച്ചെത്തിയ ആയിരത്തിലധികം പേര് വീട് വളയുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് കലാപകാരികള്‍ പെട്രോള്‍ ബോംബുകളും മറ്റുമായി മന്ത്രിയുടെ വസതി വളഞ്ഞത്.
ഈ സമയം പതിനേഴോളം സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലുണ്ടായിരുന്നെങ്കിലും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഇവര്‍ക്കായില്ല. കലാപകാരികള്‍ വീടിനും ചുറ്റും നിരന്ന് പെട്രോള്‍ ബോംബുകള്‍ വലിച്ചെറിയുകയായിരുന്നുവെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു. സാഹചര്യം കലുഷിതമായിരുന്നു എന്നും ആള്‍ക്കൂട്ടത്തെ തടയാന്‍ പരമാവധി ശ്രമിച്ചിട്ടും കഴിഞ്ഞില്ല എന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
മണിപ്പുരിലെ ഗോത്ര വിഭാഗമായ മെയ്തിയെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മെയ് മാസത്തിലാണ് പ്രബല ഗോത്ര വിഭാഗമായ കുകികളും മെയ്തികളും തമ്മില്‍ ഏറ്റുമുട്ടലാരംഭിച്ചത്. കഴിഞ്ഞ മാസം മന്ത്രി രഞ്ജന്‍ സിങ് ഇരുവിഭാഗങ്ങളേയും കൂട്ടി സമാധാന ചര്‍ച്ച വിളിച്ചു ചേര്‍ത്തിരുന്നു. സംഘര്‍ഷാവസ്ഥയ്്ക്ക് കാരണക്കാരായ നേതാക്കളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് രഞ്ജന്‍ സിങ് കത്തെഴുതുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല