1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 4, 2023

സ്വന്തം ലേഖകൻ: മണിപ്പൂരില്‍ പോലീസിന്റെ ആയുധശാലയില്‍നിന്ന് വീണ്ടും വന്‍തോതില്‍ തോക്കുകളും വെടിയുണ്ടകളും അപഹരിച്ചുവെന്ന് വെളിപ്പെടുത്തല്‍. ബിഷ്ണുപുര്‍ ജില്ലയിലുള്ള ഇന്ത്യ റിസര്‍വ് ബെറ്റാലിയന്‍ (ഐ.ആര്‍.ബി) ആസ്ഥാനത്തേക്ക് അതിക്രമിച്ചുകടന്ന ജനക്കൂട്ടം എ.കെ 47 തോക്കുകള്‍ അടക്കമുള്ള നിരവധി ആയുധങ്ങളും 19,000 വെടിയുണ്ടകളും അപഹരിച്ചവെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

എ.കെ 47 തോക്കുകള്‍, ചേതക് റൈഫിളുകള്‍ പിസ്റ്റളുകള്‍ എന്നിവയ്ക്ക് പുറമെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും ഗ്രനേഡുകളും അടക്കമുള്ളവ അപഹരിക്കപ്പെട്ടുവെന്നാണ് വെളിപ്പെടുത്തല്‍. വ്യാപക അക്രമ സംഭവങ്ങള്‍ അരങ്ങേറിയ മണിപ്പുരില്‍ സുരക്ഷാസേനകളുടെ ആയുധങ്ങള്‍ മുന്‍പും വന്‍തോതില്‍ മോഷ്ടിക്കപ്പെട്ടിരുന്നു. ഈ ആയുധങ്ങളുമായാണ് അക്രമികള്‍ ഗ്രാമങ്ങള്‍ ആക്രമിച്ചതെന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവന്നിരുന്നു.

രണ്ട് സ്ത്രീകളെ പീഡിപ്പിക്കുകയും നഗ്നരാക്കി നടത്തുകയും ചെയ്ത സംഭവത്തിനുമുമ്പും സുരക്ഷാസേനകളില്‍നിന്ന് കവര്‍ന്ന ആയുധങ്ങളുമായി അക്രമികള്‍ തങ്ങളുടെ ഗ്രാമം വളഞ്ഞുവെന്ന് ഇരകള്‍ വെളിപ്പെടുത്തിയിരുന്നു. അതിനിടെ സുരക്ഷാസേനകളില്‍നിന്ന് മോഷ്ടിച്ച ആയുധങ്ങള്‍ എത്രയുംവേഗം തിരിച്ചേല്‍പ്പിക്കണമെന്ന അഭ്യര്‍ഥന അധികൃതര്‍ നടത്തിയിരുന്നു. എന്നാല്‍ വളരെ കുറച്ച് ആയുധങ്ങള്‍ മാത്രമാണ് തിരിച്ചേല്‍പ്പിക്കപ്പെട്ടത്.

മണിപ്പുര്‍ സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തരമനന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിനുശേഷവും ആയുധങ്ങള്‍ ജനങ്ങള്‍ തിരിച്ചേല്‍പ്പിക്കണമെന്ന അഭ്യര്‍ഥന അധികൃതര്‍ നടത്തിയിരുന്നു. അതിനിടെയാണ് വീണ്ടും വന്‍തോതില്‍ ആയുധ കവര്‍ച്ച നടന്നിരിക്കുന്നത്‌.

കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കൂട്ടമായി സംസ്‌കരിക്കാനുള്ള നീക്കം സംസ്ഥാനത്ത് വീണ്ടും സംഘര്‍ഷസാധ്യത സൃഷ്ടിച്ചിട്ടുണ്ട്. ബിഷ്ണുപുര്‍ ജില്ലയില്‍ വ്യാഴാഴ്ചയുണ്ടായ സംഘര്‍ഷത്തിലും 25 പേര്‍ക്ക് പരിക്കേറ്റിരുന്നു. അതിനിടെ ഇംഫാലിലുള്ള മറ്റ് ആയുധശാലകളില്‍നിന്നും ആയുധങ്ങള്‍ കവരാന്‍ ശ്രമം നടന്നുവെങ്കിലും സുരക്ഷാസേന അവ പരാജയപ്പെടുത്തിയിരുന്നു. മണിപ്പുരില്‍ മെയ് മൂന്നിന് തുടങ്ങിയ അക്രമ സംഭവങ്ങളില്‍ ഇതുവരെ 160-ലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.