സ്വന്തം ലേഖകൻ: സംഘര്‍ഷം തുടരുന്ന മണിപ്പുരില്‍ വെള്ളിയാഴ്ച മൂന്ന് മരണം. പതിനേഴുകാരനായ ഒരു കൗമാരക്കാരൻ ഉൾപ്പെടെ മൂന്ന് പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ ബിഷ്ണുപൂർ ജില്ലയിലാണ് സംഭവം.
മരിച്ചവരില്‍ രണ്ട് പേര് കുകി വിഭാഗത്തിലും ഒരാള്‍ മെയ്തി വിഭാഗത്തില്‍ നിന്നുമാണെന്ന് പോലീസ് അറിയിച്ചു. സായുധരായ അക്രമികൾ തമ്മിൽ വെടിവെപ്പുണ്ടായപ്പോൾ ഗ്രാമത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പതിനേഴുകാരന് വെടിയേറ്റത്.
അഞ്ച് ഇടതുപക്ഷ എംപിമാർ വെള്ളിയാഴ്ച മണിപ്പുർ സന്ദർശിച്ചിരുന്നു. നിരവധി ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ജനങ്ങളുമായി ഇവർ സംവദിക്കുകയും ചെയ്തു. തുടർന്ന് സംസ്ഥാനത്തെ ക്രമസമാധാനനിലയുണ്ടായിരിക്കുന്ന പ്രശ്നം മണിപ്പുർ ഗവർണർ അനസൂയിയ യൂകിയെ ബോധ്യപ്പെടുത്തിയതായി ജോൺ ബ്രിട്ടാസ് ട്വിറ്ററിൽ കുറിച്ചു.
ബിരേൻ സിങ് സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. പ്രധാനമന്ത്രിയുടെ മൗനത്തെ ജനങ്ങൾ ചോദ്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. രണ്ട് മാസമായി സംഘർഷം തുടരുന്ന സംസ്ഥാനത്ത് 100-ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായും 3000-ത്തിലധികം പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല