സ്വന്തം ലേഖകൻ: മണിപ്പുരിൽ രണ്ടുജില്ലകളിലായുണ്ടായ സംഘർഷത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. മെയ്ത്തി ഭൂരിപക്ഷ മേഖലയായ ബിഷ്ണുപുരിലും കുക്കി ഭൂരിപക്ഷമുള്ള ചുരാചന്ദ്പുരിലും ശനിയാഴ്ച പുലർച്ചെയാണ് സംഘർഷമുണ്ടായതെന്നാണ് വിവരം. കൊല്ലപ്പെട്ടവരിൽ മൂന്നുപേർ മെയ്ത്തി വിഭാഗത്തിൽനിന്നുള്ളവരും രണ്ടുപേർ കുക്കി വിഭാഗത്തിൽനിന്നുമുള്ളവരാണെന്ന് പോലീസ് പറഞ്ഞു. ഇതോടെ മേയ് മൂന്നിനാരംഭിച്ച മണിപ്പുരിലെ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 187 ആയി .
പുതിയ സംഘർഷത്തിന്റെ കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. ഇരുവിഭാഗങ്ങളും എതിർപക്ഷമാണ് ആദ്യം ആക്രമിച്ചതെന്നാണ് അവകാശപ്പെടുന്നത്. ഇക്കാര്യം സ്ഥിരീകരിക്കേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു. സംഘർഷങ്ങളിൽ ഒരു പോലീസുകാരനടക്കം മൂന്നുപേർക്ക് പരിക്കേറ്റു. ഇംഫാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർ അപകടനില തരണംചെയ്തതായി അധികൃതർ അറിയിച്ചു.
വീണ്ടും സംഘർഷമുണ്ടായ പശ്ചാത്തലത്തിൽ കർഫ്യൂ നിയന്ത്രണങ്ങളിൽ നൽകിയ ഇളവ് ഇംഫാൽ വെസ്റ്റ്, ഈസ്റ്റ് ജില്ലകളിൽ വെട്ടിക്കുറച്ചു. മുമ്പ് രാവിലെ അഞ്ചുമുതൽ വൈകീട്ട് ആറുവരെ ലഭിച്ചിരുന്ന ഇളവ് രാവിലെ പത്തരവരെയാക്കി ചുരുക്കി. മണിപ്പുരിലെ സംഘർഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം വെടിയണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് ആവശ്യപ്പെട്ടു. ഇത്രയൊക്കെയായിട്ടും മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ എന്തിനാണ് പദവിയിൽ തുടരാൻ അനുവദിക്കുന്നതെന്നും അദ്ദേഹം ട്വിറ്ററിൽ ചോദിച്ചു.
അതിനിടെ മണിപ്പൂരിലെ ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ 15 വീടുകള്‍ക്ക് ആള്‍ക്കൂട്ടം തീയിട്ടതായി റിപ്പോര്‍ട്ട്. ശനിയാഴ്ച വൈകിട്ട് ലാംഗോള്‍ ഗെയിംസ് വില്ലേജിലാണ് സംഭവം. സാഹചര്യം നിയന്ത്രണവിധേയമാക്കുന്നതിനായി സുരക്ഷ ഉദ്യോഗസ്ഥര്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ആക്രമണങ്ങള്‍ക്കിടെ ഒരു മധ്യവയസ്കന് വെടിയേറ്റു. ഇടത് തുടയിൽ വെടിയേറ്റ 45 വയസുകാരനെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (റിംസ്) പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായാണ് ലഭിക്കുന്ന വിവരം. ഇന്ന് രാവിലെയോടെ പ്രദേശത്തെ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതായും എന്നിരുന്നാലും നിയന്ത്രണങ്ങള്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല