സ്വന്തം ലേഖകൻ: സംഘര്‍ഷാവസ്ഥ തുടരുന്ന മണിപ്പുരില്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നെത്തും. മുഖ്യമന്ത്രി ബിരേന്‍സിങ്ങുമായും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി അദ്ദേഹം സാഹചര്യം വിലയിരുത്തും. കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെ കഴിഞ്ഞ ദിവസം മണിപ്പുരിലെത്തി ക്രമസമാധാനനില വിലയിരുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അമിത് ഷായുടെ സന്ദര്‍ശനം.
സംഘര്‍ഷം തുടരുന്ന മണിപ്പുരില്‍ ഞായറാഴ്ച ഒരു പോലീസുകാരനുള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു. 12 പേര്‍ക്ക് പരിക്കേറ്റു. ആയുധധാരികളും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ക്കിടെയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. സമാധാനം പുനഃസ്ഥാപിക്കാനും ആയുധങ്ങള്‍ കണ്ടെടുക്കാനുമായി സൈന്യം നടപടിയാരംഭിച്ചതിനു പിന്നാലെയാണ് ഞായറാഴ്ചയോടെ സംഘര്‍ഷം രൂക്ഷമായത്.
അതിനിടെ, കുകികളെ സംസ്ഥാന സര്‍ക്കാര്‍ തീവ്രവാദികളായി പ്രഖ്യാപിച്ചു. 40 കുകി തീവ്രവാദികളെ ഏറ്റുമുട്ടലില്‍ വെടിവെച്ചുകൊന്നെന്ന് അവകാശപ്പെട്ട് മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ് രംഗത്തെത്തിയിട്ടുണ്ട്. ഗോത്രയിതര വിഭാഗമായ മെയ്ത്തി വിഭാഗക്കാര്‍ക്ക് പട്ടികവര്‍ഗ പദവി ആവശ്യപ്പെടുന്നതില്‍ പ്രക്ഷോഭം നടത്തുന്ന കുകി വിഭാഗത്തില്‍നിന്നുള്ള 40 പേരാണ് കൊല്ലപ്പെട്ടത്.
തീവ്രവാദികള്‍ എം-16, എ.കെ-47 തോക്കുകള്‍ ഉപയോഗിച്ചാണ് സാധാരണക്കാര്‍ക്കുനേരെ ആക്രമണം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സുരക്ഷാ സേനയുടെ സഞ്ചാരം തടസ്സപ്പെടുത്തരുതെന്ന് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ച മുഖ്യമന്ത്രി, സുരക്ഷാ സേനയെ പിന്തുണക്കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല