സ്വന്തം ലേഖകൻ: മണിപ്പൂരിൽ നിന്ന് വീണ്ടും കൂട്ടബലാത്സംഗ വാർത്തകൾ പുറത്ത് വരുന്നു. പതിനെട്ടുകാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. മെയ് 15നാണ് സംഭവം നടന്നതെന്നാണ് വിവരം. പെൺകുട്ടി ഗുരുതരാവസ്ഥയിൽ നാഗാലാന്റിൽ ചികിത്സയിലാണ്. ബലാത്സംഗത്തിന് വിട്ടുകൊടുത്തത് സ്ത്രീകളുടെ സംഘമാണെന്നാണ് സൂചന.
മണിപ്പൂരിൽ യുവതികളെ നഗ്നരാക്കി ജനക്കൂട്ടം റോഡിലൂടെ നടത്തിക്കുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെ നിരവധി വാർത്തകളാണ് സംസ്ഥാനത്ത് നിന്ന് വരുന്നത്. മണിപ്പൂരിൽ രണ്ട് കുക്കി യുവതികളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവവും ഇന്നലെ പുറത്തുവന്നിരുന്നു. യുവതികളെ കൂട്ടബലാത്സംഗം ചെയ്യുകയും നഗ്നരാക്കി നടത്തുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഇതേ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ക്രൂരമായ കൊലപാതക വാർത്ത പുറത്തുവന്നത്.
ഇംഫാലിലെ ജോലി സ്ഥലത്ത് നിന്ന് വലിച്ചിറക്കി തട്ടിക്കൊണ്ടുപോയി ഇരുവരെയും കൂട്ട ബലാത്സംഗം ചെയ്ത് കൊലപെടുത്തുകയായിരുന്നു. സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന ഒരു സംഘം കലാപകാരികൾ ആണ് യുവതികൾക്ക് നേരെ ക്രൂരമായ അക്രമം നടത്തിയത്. സംഘത്തിൽ ഉണ്ടായിരുന്ന സ്ത്രീകൾ യുവതികളെ ലൈംഗികമായി പീഡിപ്പിക്കാൻ പുരുഷന്മാരെ പ്രേരിപ്പിച്ചിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. മെയ് നാലിന് ആണ് കൂട്ടബലാത്സംഗത്തിനിരയായി ഇരുവരും കൊല്ലപ്പെട്ടത്.
മണിപ്പൂരില്‍ 45 കാരിയെ നഗ്നയാക്കി തീ കൊളുത്തി കൊന്നുവെന്ന റിപ്പോർട്ടുകൾ കൂടി ഇന്നലെ പുറത്തുവന്നു. മെയ് ആറിന് തൗബാലിലാണ് സംഭവം നടന്നത്. യുവതിയുടെ കത്തിക്കരിഞ്ഞ ശരീരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. യുവതിയെ നഗ്നയാക്കി തീകൊളുത്തുകയായിരുന്നുവെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിരുന്നു.
യുവതികളെ കൂട്ടബലാത്സംഗം ചെയ്യുകയും നഗ്നരാക്കി നടത്തുകയും ചെയ്ത സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് 45കാരിയുടെ കൊലപാതകം നടന്നത്. മെയ് ഏഴിനാണ് യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തുന്നത്. പകുതി കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഉടന്‍ തന്നെ ഇംഫാലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചുവെന്നും എന്നാല്‍ പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് മൃതദേഹം കണ്ടെത്തിയവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന വൈദികന്‍ പ്രതികരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല