സ്വന്തം ലേഖകൻ: വ്യാപക അക്രമസംഭവങ്ങള്‍ അരങ്ങേറിയ മണിപ്പുരില്‍ രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം ജോലിസ്ഥലത്തുനിന്ന് വലിച്ചിറക്കി കൂട്ടബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തല്‍. രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്നരാക്കി നടത്തിയ മെയ് നാലിന് തന്നെയാണ് ഈ സംഭവവും നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
യുവതികളെ നഗ്നരാക്കി നടത്തിയ സംഭവം നടന്ന സ്ഥലത്തുനിന്ന് 40 കിലോമീറ്റര്‍ മാത്രം അകലെയാണ് കൂട്ടബലാത്സംഗവും കൊലപാതകവും നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. ക്രൂരമായ അതിക്രമത്തിന് ഇരയായ സ്ത്രീകളെ പോലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് കണ്ടുവെന്നാണ് അവരുടെ സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. പിറ്റേദിവസം ആശുപത്രിയില്‍ചെന്ന് അന്വേഷിച്ചപ്പോള്‍ അവര്‍ മരിച്ചുവെന്ന വിവരമാണ് ലഭിച്ചതെന്നും സുഹൃത്ത് മാധ്യമങ്ങളോട് വെളിപ്പെടുത്തി.
കാങ്‌പോക്പി സ്വദേശിനികളായ 21 ഉം 24 ഉം വയസുള്ള യുവതികളാണ് കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. ഇംഫാലിലെ കാര്‍വാഷ് സ്ഥാപനത്തിലായിരുന്നു ഇവര്‍ക്ക് ജോലി. അവിടെനിന്ന് വലിച്ചിറക്കിയാണ് യുവതികളെ ക്രൂരമായി കൊലപ്പെടുത്തിയത് എന്നാണ് വിവരം. യുവതികളെ നഗ്നരാക്കി നടത്തിയ കേസിലുണ്ടായ അലംഭാവം പോലീസിന്റെ ഭാഗത്തുനിന്ന് ഈ കേസിലുണ്ടായി എന്നതാണ് ഞെട്ടിപ്പിക്കുന്നത്.
അതിനിടെ മണിപ്പുരില്‍ രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്നരാക്കി നടത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. യുമ്‌ലെംബാം നുങ്‌സിതോയി എന്ന 19-കാരനാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ച് ആയി. വ്യാഴാഴ്ച അറസ്റ്റിലായ നാലുപേരെ വെള്ളിയാഴ്ച 11 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.
അതേസമയം, കിംവദന്തികള്‍ വിശ്വസിക്കരുതെന്ന് ജനങ്ങളോട് മണിപ്പുര്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. വ്യാജവീഡിയോകളുടെ പ്രചാരണം തടയുക, ആധികാരികത ഉറപ്പാക്കുക എന്നിവയുടെ ഭാഗമായി 9233522822 എന്നൊരു rumour free ഹെല്‍പ് ലൈന്‍ നമ്പറും സജ്ജമാക്കിയിട്ടുണ്ട്. തട്ടിയെടുത്ത തോക്കുകള്‍, ആയുധങ്ങള്‍, സ്‌ഫോടക വസ്തുക്കള്‍ തുടങ്ങിയവ പോലീസിനെയോ സുരക്ഷാസേനയെയോ തിരിച്ചേല്‍പിക്കണമെന്നും സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല