സ്വന്തം ലേഖകൻ: മണിപ്പൂരിൽ കുക്കി-സോമി കമ്മ്യൂണിറ്റിയിൽ നിന്നുള്ള രണ്ട് സ്ത്രീകളെ നഗ്നരായി നടത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് ദിവസങ്ങൾക്ക് ശേഷം, കേസിലെ പ്രധാന പ്രതിയായ ഹുയിറേം ഹെറോദാസ് മെയ്തി ഉൾപ്പെടെ നാല് പേർ അറസ്റ്റിലായി.
അറസ്റ്റിലായി മണിക്കൂറുകൾക്ക് ശേഷം, പ്രധാന പ്രതിയുടെ വീടിന് വ്യാഴാഴ്ച ഒരു കൂട്ടം സ്ത്രീകൾ തീയിട്ടു. ഹുയിറേമിന്റെ അറസ്റ്റിനെ കുറിച്ച് അറിഞ്ഞ്, പെച്ചി ഗ്രാമത്തിലെ സ്ത്രീകൾ ഒത്തുകൂടി പ്രതിയുടെ വീട്ടിലേക്ക് പോയി. സ്ത്രീകളുടെ സംഘം പ്രതിയുടെ വീട് തകർക്കുകയും തീയിടുകയും ചെയ്തു.
“മെയ്തിയായാലും മറ്റ് സമുദായങ്ങളായാലും, സ്ത്രീയെന്ന നിലയിൽ, ഒരു സ്ത്രീയുടെ അന്തസ്സിനെ ദ്രോഹിക്കുന്നത് അംഗീകരിക്കാനാവില്ല. അങ്ങനെയൊരാളെ നമ്മുടെ സമൂഹത്തിൽ അനുവദിക്കില്ല. ഇത് മുഴുവൻ മെയ്തി സമൂഹത്തിനും നാണക്കേടാണ്. ” മെയ്റ പൈബി നേതാവ് പറഞ്ഞു. മെയ്റ പൈബിസ് എന്നത് കർശനമായ ശ്രേണിയോ ഘടനയോ അല്ലെങ്കിൽ പ്രത്യക്ഷമായ രാഷ്ട്രീയ ചായ്വുകളോ ഇല്ലാത്ത മുതിർന്ന സ്ത്രീകൾ നയിക്കുന്ന ആക്ടിവിസ്റ്റ് ഗ്രൂപ്പാണ്.
മണിപ്പൂരിലെ സ്ഥിതിഗതികൾ വിശദമായി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഭരിക്കുന്ന കേന്ദ്രത്തിൽ പ്രതിപക്ഷം സമ്മർദ്ദം ശക്തമാക്കിയതോടെ സംഭവം രാജ്യവ്യാപകമായി രോഷത്തിന് കാരണമായിട്ടുണ്ട്. ആക്രമണത്തെ “ലജ്ജാകരം” എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാരുകളോട് ആഹ്വാനം ചെയ്തു.
മണിപ്പൂരിനെക്കുറിച്ചുള്ള ചർച്ചയ്ക്ക് സർക്കാർ തയാറാണെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ വിഷയം വിശദമായി ചർച്ച ചെയ്യുമെന്നും പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ലോക്സഭാ സമ്മേളനത്തിൽ പറഞ്ഞു.
സുപ്രീം കോടതിയും സംഭവത്തിൽ ” ഉത്കണ്ഠ” പ്രകടിപ്പിക്കുകയും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സ്വീകരിച്ച നടപടിയെക്കുറിച്ച് അറിയിക്കാൻ സംസ്ഥാന-കേന്ദ്ര സർക്കാരുകളോട് ആവശ്യപ്പെടുകയും ചെയ്തു. വീഡിയോ ബുധനാഴ്ചയാണ് പ്രചരിക്കാൻ തുടങ്ങിയത്. വംശീയ സംഘട്ടനങ്ങളിൽ ഇതിനകം 140-ലധികം ആളുകൾ മരിച്ച സംസ്ഥാനത്ത് ഇതോടെ സ്ഥിതി രൂക്ഷമായി.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ പൊലീസ് തങ്ങളെ ആള്‍ക്കൂട്ടത്തിന് വിട്ടുകൊടുത്തുവെന്ന് ഇരകളില്‍ ഒരാള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. കാങ്പോക്പി ജില്ലയിലെ ഗ്രാമത്തെ ആൾക്കൂട്ടം ആക്രമിച്ചതിനെ തുടര്‍ന്ന് അക്രമിക്കപ്പെട്ട സ്ത്രീകൾ വനത്തിലേക്ക് ഓടിപ്പോയതായും പിന്നീട് ഇവരെ തൗബാല്‍ പൊലീസ് രക്ഷപ്പെടുത്തി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നും എന്നാല്‍ ആള്‍കൂട്ടം പൊലീസ് സ്റ്റേഷനില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ വഴിയില്‍ വാഹനം തടഞ്ഞുനിര്‍ത്തി ഇവരെ പിടിച്ചുകൊണ്ട് പോയതായും പരാതിയില്‍ പറയുന്നു.
രണ്ട് സ്ത്രീകൾക്ക് നേരെയുണ്ടായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് നൽകിയ പരാതിക്കും സംഭവത്തിന്റെ വീഡിയോ പുറത്തുവരുന്നതിനും ഇടയിലുള്ള 62 ദിവസങ്ങളിൽ, സുരക്ഷ സാഹചര്യം ചർച്ച ചെയ്യാൻ സംസ്ഥാനത്ത് നിരവധി ഉന്നതതല യോഗങ്ങൾ നടത്തിയിരുന്നു.
ഇരകൾ അവരുടെ വീടുകൾ വിട്ട് മറ്റൊരു ജില്ലയിലെ പോലീസിനെ സമീപിച്ചതിനാൽ എഫ്ഐആർ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് മാറ്റാൻ ഒരു മാസത്തിലധികം സമയമെടുത്തതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
വീഡിയോ പുറത്തുവരുകയും രാജി ആവശ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പോലീസ് നടപടിയിലെ കാലതാമസം ഉണ്ടായതിനെക്കുറിച്ച് വിശദീകരിച്ചു. “അക്രമം തുടരുമ്പോഴും 6,000 എഫ്ഐആറുകൾ ഉണ്ടായിരുന്നു. വീഡിയോ പുറത്തുവന്നതോടെ കേസ് തിരിച്ചറിയാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. വീഡിയോ ലഭിച്ചയുടൻ, കുറ്റവാളികളെ തിരിച്ചറിയാൻ കഴിഞ്ഞു. ഉടനടി നടപടിയെടുക്കുകയും പ്രധാന പ്രതിയടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
മെയ് നാലിന് താഴ്വരയിലെ തൗബാലിൽ ജില്ലയിലാണ് സംഭവം നടന്നത്. ഇരകളിൽ ഒരാളുടെ ഭർത്താവ് മെയ് 18 ന് പോലീസിൽ പരാതി നൽകി. എന്നിട്ടും, വീഡിയോ പുറത്തുവന്നതിന് ശേഷമാണ് പോലീസ് നടപടി സ്വീകരിച്ചതും വീഡിയോയിൽ കാണുന്ന നാല് പുരുഷന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.
നാലുപേരിൽ ഒരാളെ 32 കാരനായ ഹുയിറേം ഹെറോദാസ് മെയ്തിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും മറ്റുള്ളവരുടെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈ കേസിന്റെ അന്വേഷണത്തിൽ യാതൊരു ചലനവും ഉണ്ടായില്ലെങ്കിലും, അക്രമസാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ചെയ്യുന്നതിനായി ഉന്നതതല സന്ദർശനങ്ങളും യോഗങ്ങളും സംസ്ഥാനത്ത് നടന്നു. മേയ് 27ന് കരസേനാ മേധാവി മനോജ് പാണ്ഡെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്താൻ സംസ്ഥാനത്തെത്തി.
മേയ് 29ന്, ആഭ്യന്തര മന്ത്രി അമിത് ഷാ നാല് ദിവസത്തെ സന്ദർശനത്തിനായി മണിപ്പൂരിലെത്തിയിരുന്നു. ജൂൺ നാലിന് ഗുവാഹത്തി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് അജയ് ലാംബയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. ജൂൺ 24ന് അമിത് ഷാ വിളിച്ച സർവകക്ഷിയോഗം ഡൽഹിയിൽ ചേർന്നിരുന്നു.
ജൂൺ 26 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ ഷാ, ധനമന്ത്രി നിർമല സീതാരാമൻ, പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. മുഖ്യമന്ത്രി, ഡിജിപി രാജീവ് സിംഗ്, മണിപ്പൂർ ഏകീകൃത കമാൻഡ് മേധാവി കുൽദീപ് സിംഗ് എന്നിവർ സംസ്ഥാനതല സുരക്ഷാ അവലോകന യോഗങ്ങളിൽ ഈ പ്രത്യേക കേസ് തങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടോ എന്ന ചോദ്യങ്ങളോട് പ്രതികരിച്ചില്ല.
പോലീസ് നടപടിയെടുക്കാൻ രണ്ട് മാസത്തിലധികം സമയമെടുത്തത് എന്തുകൊണ്ടാണെന്ന് ഇന്ത്യൻ എക്സ്പ്രസ് തൗബൽ പോലീസ് സൂപ്രണ്ട് സച്ചിദാനന്ദയോട് ചോദിച്ചപ്പോൾ, “തെളിവുകളുടെ അഭാവം” കാരണം ഇതുവരെ ഒരു നടപടിയും എടുക്കാൻ കഴിഞ്ഞില്ല” എന്നായിരുന്നു മറുപടി. “ഞങ്ങൾ ഇന്നലെയാണ് വീഡിയോയെക്കുറിച്ച് അറിയുന്നത്. വീഡിയോയുടെ രൂപത്തിൽ തെളിവുകൾ ലഭിച്ചതിനാൽ ഞങ്ങൾ നടപടിയെടുക്കുകയും അറസ്റ്റുകൾ ആരംഭിക്കുകയും ചെയ്തു, ”സച്ചിദാനന്ദ പറഞ്ഞു. സംഭവത്തെത്തുടർന്ന് ഇരകൾ തൗബാലിൽ ഇല്ലാത്തതും കാലതാമസത്തിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.
പരാതിയിലെ ആരോപണം വാസ്തവ വിരുദ്ധമാണെന്നും സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നില്ലെന്നും എസ്പി പറഞ്ഞു. അന്ന് തന്നെ, ആയുധങ്ങൾ കൊള്ളയടിക്കാൻ ശ്രമിക്കുന്ന ആളുകൾ നോങ്പോക്ക് സെക്മായി പോലീസ് സ്റ്റേഷൻ ആക്രമിക്കുകയായിരുന്നു. പോലീസ് സ്റ്റേഷനിൽ കാവൽ നിൽക്കുന്ന തിരക്കിലായിരുന്നു പോലീസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല