1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 3, 2016

സ്വന്തം ലേഖകന്‍: തീവണ്ടി ബോഗി വീടാക്കിയ ആതിരക്കും ആര്‍ച്ചക്കും താങ്ങായി മഞ്ജു വാര്യരെത്തി. സ്വന്തമായി വീടില്ലാത്തതിനാല്‍ തീവണ്ടി ബോഗികളില്‍ കയറി കഴിച്ചുകൂട്ടുന്ന കുടുംബത്തിന്റെ വിവരം കഴിഞ്ഞ ദിവസം മലയാളത്തിലെ പ്രമുഖ പത്രം പുറത്തു വിട്ടതിനെ തുടര്‍ന്നാണ് ഇവരെ സഹായിക്കാന്‍ തയ്യാറായി മഞ്ജു മുന്നോട്ടുവന്നത്.

ആര്‍ച്ചയും ആതിരയും പിതാവ് പ്രദീപും മാതാവ് രമ്യയും വീടില്ലാത്തതിനെ തുടര്‍ന്ന് പാസഞ്ചര്‍ തീവണ്ടിയിലും മറ്റുമായിരുന്നു കഴിഞ്ഞിരുന്നത്. കൊല്ലത്തിനും എറണാകുളത്തിനും ഇടയില്‍ പോകുന്ന തീവണ്ടികളിലായിരുന്നു ഇവരുടെ താമസം. വാര്‍ത്ത അറിഞ്ഞ് മഞ്ജു ആളെ വിടുകയും താമസിക്കാനുള്ള വീടിന്റെ വാടകയും കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകളും ഏറ്റെടുക്കാനുമുള്ള താല്‍പ്പര്യം അറിയിക്കുകയായിരുന്നു.

വ്യാഴാഴ്ച മഞ്ജുവിന്റെ പ്രതിനിധികള്‍ കുടുംബത്തെ കാണുകയും വീട് ഏര്‍പ്പാടാക്കുകയും ചെയ്തു. തലത്തോട്ട മഹാദേവര്‍ ക്ഷേത്രത്തിന്റെ തെക്കേ നടയിലെ വാടക വീടാണ് ഇവര്‍ക്കായി ഒരുങ്ങിയിരിക്കുന്നത്. ചെറിയ ഒരു കടമുറി കൂടിയുള്ള വീടാണിത്.

മുട്ടം മുല്ലക്കര എല്‍പി സ്‌കൂളില്‍ നാലാം ക്‌ളാസ്സുകാരിയാണ് ആര്‍ച്ച. ആതിര രണ്ടിലും പഠിക്കുന്നു. രണ്ടു വര്‍ഷം മുമ്പ് അപകടത്തില്‍ പിതാവ് പ്രദീപിന് കാല്‍പ്പാദം നഷ്ടപ്പെട്ടതോടെയാണ് കുടുംബം ബുദ്ധിമുട്ടിലായത്. പെയ്ന്റിംഗ് തൊഴിലാളിയായിരുന്ന പ്രദീപിന് ഇതോടെ ജോലി ചെയ്യാന്‍ കഴിയാതെ വരികയായിരുന്നു. വാടകവീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.

എന്നാല്‍ വരുമാനം നിലച്ചതോടെ ഇവര്‍ക്ക് വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വരികയായിരുന്നു. പിന്നീട് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് താമസിച്ചിരുന്ന ഇവര്‍ മഴയായതോടെയാണ് തീവണ്ടിയില്‍ അഭയം തേടിയത്. മാതാവ് കുട്ടികള്‍ക്കൊപ്പം ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ പിതാവ് കാല് വയ്യാത്തതിനാല്‍ സ്‌റ്റേഷന്‍ പരിസരത്ത് തന്നെ തങ്ങും.

അധ്യാപകര്‍ കൊണ്ടുവന്നിരുന്ന പ്രഭാതഭക്ഷണവും സ്‌കൂളിലെ ഉച്ചഭക്ഷണവുമാണ് കുട്ടികള്‍ക്ക് ആശ്രയമായിരുന്നത്. മണ്ണാറശ്ശാല ക്ഷേത്രത്തിലെ ഭക്ഷണമായിരുന്നു രമ്യയ്ക്കും പ്രദീപിനും തുണയായിരുന്നത്. ക്‌ളാസ്സിലെ ഏറ്റവും മിടുക്കിയായ ആര്‍ച്ചയില്‍ നിന്നുമാണ് വിവരങ്ങള്‍ പുറത്തറിഞ്ഞത്. സര്‍ക്കാരോ ഏജന്‍സികളോ വസ്തു നല്‍കിയാല്‍ ഇവര്‍ക്ക് സ്വന്തമായി വീട് നിര്‍മ്മിച്ചു നല്‍കാന്‍ തയ്യാറാണെന്നും മഞ്ജു അറിയിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.