സ്വന്തം ലേഖകന്‍: മഞ്ജു വാര്യര്‍ മലയാളത്തിന്റെ മാധവിക്കുട്ടിയായി കാമറക്കു മുന്നില്‍, ആമി ചിത്രീകരണം തുടങ്ങി, അക്ഷരങ്ങളെ നൃത്തം ചെയ്യിച്ച വിരലുകള്‍ വാത്സല്യത്തിന്റെ തണുപ്പോടെ മൂര്‍ദ്ധാവില്‍ തൊടുന്നതായി മഞ്ജു. മഞ്ജു വാര്യര്‍ കമലാ സുരയ്യയായി എത്തുന്ന കമല്‍ ചിത്രം ‘ആമി’യുടെ ചിത്രീകരണം പുന്നയൂര്‍ക്കുളത്തെ കമലസുരയ്യ സ്മാരകത്തില്‍ തുടങ്ങി.
വന്‍ ജനാവലിയുടെയും സിനിമാ,സാംസ്‌കാരികപ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ സുവര്‍ണ്ണ നാലപ്പാട്ട്, കെ വി അബ്ദുള്‍ഖാദര്‍ എംഎല്‍എ, കെപിഎസി ലളിത, സംവിധായകന്‍ കമല്‍, മഞ്ജുവാര്യര്‍ എന്നിവര്‍ ചേര്‍ന്ന് തിരികൊളുത്തി. തുടര്‍ന്ന് ചിത്രത്തില്‍ മാധവിക്കുട്ടിയുടെ ബാല്യകാലം അഭിനയിക്കുന്ന ആഞ്ജലീന, നീലാഞ്ജന, എന്നിവരും മഞ്ജുവും ചേര്‍ന്ന് ആദ്യ ക്‌ളാപ്പടിച്ചു. പ്രമുഖരെ അണിനിരത്തി ക്യാമറാമാന്‍ മധു നീലകണ്ഠന്‍ ആദ്യ ഷോട്ടും ചെയ്തതതോടെ സ്മാരകമന്ദിരത്തിനുള്ളില്‍ മാധവിക്കുട്ടിയെഴുതുന്ന രംഗം ചിത്രീകരിച്ചു.
ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് മഞ്ജു ആമിയാകുന്ന ആദ്യദിവസത്തെ ഉന്മാദത്തെക്കുറിച്ച് എഴുതിയത്. എഴുത്തുമേശയക്കരികിലിരിക്കുന്ന കഥാകാരിയായി മഞ്ജു വാര്യര്‍ എത്തുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് ഫസ്റ്റ്‌ലുക്കില്‍.
ആമിയിലേക്കുള്ള മഞ്ജുവെന്ന അഭിനേത്രിയുടെ ദൂരം കൂടുതലാണെന്ന് മഞ്ജു വാര്യര്‍ പറയുന്നു. ഭാവനയ്ക്കും യാഥാര്‍ത്ഥ്യത്തിനുമിടയിലെരിടെയേ ആണ് മാധവിക്കുട്ടി പൂത്തു നിന്നത്. ആ പരകായപ്രവേശം എളുപ്പമല്ലെന്ന് മഞ്ജു വെളിപ്പെടുത്തുന്നു.അക്ഷരങ്ങളെ നൃത്തം ചെയ്യിച്ച വിരലുകള്‍ വാത്സല്യത്തിന്റെ തണുപ്പോടെ മൂര്‍ദ്ധാവില്‍ തൊടുന്നു എന്ന് കുറിച്ചാണ് മഞ്ജു ആമിയെന്ന കഥാപാത്രമാകുന്നത്.
ഒട്ടേറെ വിവാദങ്ങള്‍ക്കുശേഷമാണ് സിനിമയുടെ ചിത്രീകരണമാരംഭിക്കുന്നത്. വിദ്യാ ബാലന്‍ വേണ്ടെന്നുവെച്ചിടത്തു നിന്നാണ് ആമിയാകാന്‍ മഞ്ജു വാര്യര്‍ എത്തുന്നത്. വിദ്യാ ബാലന്‍ പിന്മാറിയിടത്ത് തബു, പാര്‍വതി, പാര്‍വതി ജയറാം എന്നിവരുടെയെല്ലാം പേരുകളെ വകഞ്ഞു മാറ്റിയാണ് മഞ്ജുവാണ് ആമിയെന്ന വെളിപ്പെടുത്തലുമായി കമല്‍ എത്തിയത്. വിവാദങ്ങള്‍ കെട്ടടങ്ങി. മഞ്ജുവിന്റെ ആമിയായുള്ള പകര്‍ന്നാട്ടം അത്ഭുതപ്പെടുത്തിയതായി കമലും വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല