1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 18, 2017

 

സ്വന്തം ലേഖകന്‍: സംവിധായകന്‍ കമലിന്റെ മാധവിക്കുട്ടിയാകാന്‍ മഞ്ജു വാര്യര്‍, നടിക്കെതിരെ സംഘപരിവാരിന്റെ സൈബര്‍ ആക്രമണം, ഫേസ്ബുക്ക് പോസ്റ്റിലൂടെ ചുട്ട മറുപടിയുമായി മഞ്ജു. മലയാളത്തിലെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടയുടെ ജീവിതകഥ പറയുന്ന കമലിന്റെ ആമി എന്ന ചിത്രത്തില്‍ മഞ്ജു അഭിനയിക്കുന്നതിന് എതിരേയാണ് സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനവുമായി ചിലര്‍ രംഗത്തെത്തിയത്. മഞ്ജു പ്രധാന കഥാപാത്രമായെത്തുന കെയര്‍ ഓഫ് സൈറ ബാനു എന്ന ചിത്രത്തിലെ തട്ടമിട്ടുകൊണ്ടുള്ള ചിത്രം മഞ്ജു ഫേസ്ബുക്ക് പ്രൊഫൈല്‍ പിക്ചര്‍ ആക്കിയിരുന്നു. ഇതിന് താഴെയാണ് മഞ്ജുവിനെ അവഹേളിക്കുന്ന ഭാഷയില്‍ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്.

രാജ്യത്തോടുള്ള വെല്ലുവിളിയാണ് മഞ്ജുവിന്റെ തീരുമാനം എന്നാണ് ചിലരുടെ കമന്റ്. വിദ്യബാലന്‍ സ്‌ക്രിപ്റ്റ് വായിച്ച് ഗൂഢലക്ഷ്യം മനസിലാക്കി ഒഴിവാക്കിയ സിനിമ മഞ്ജു ഏറ്റെടുത്തത് ശരിയായില്ലെന്ന് മറ്റു ചിലര്‍. പിറന്ന സമുദായത്തെ ഉപേക്ഷിച്ച് മാധവിക്കുട്ടിക്ക് ഉണ്ടായ അനുഭവം മഞ്ജുവിന് ഉണ്ടാവരുതെന്ന പ്രാര്‍ഥനകളും കൂട്ടത്തിലുണ്ട്. അസിഹിഷ്ണുതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ സംവിധായകന്‍ കമലിന് പിന്തുണ അറിയിച്ചതിനുള്ള ഉപകാര സ്മരണയായാണ് മഞ്ജുവിന് ആമിയുടെ വേഷം ലഭിച്ചെന്നാണ് മറ്റു ചിലരുടെ കണ്ടെത്തല്‍.

എന്നാല്‍, മഞ്ജുവിനെ പിന്തുണച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. ഭീഷണികള്‍ വകവെക്കാതെ ധൈര്യപൂര്‍വം കഥാപാത്രത്തെ ഏറ്റെടുക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നു. മഞ്ജുവിന്റെ കരിയറിലെ മികച്ച ചിത്രമായിരിക്കും ആമിയെന്നും ഇവര്‍ പറയുന്നു. ചിത്രത്തില്‍ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് ബോളിവുഡ് നടി വിദ്യാ ബാലനെയായിരുന്നു. എന്നാല്‍, സിനിമയുടെ ചിത്രീകരണം തുടങ്ങാന്‍ അഞ്ച് ദിവസം മാത്രം ശേഷിക്കെ വിദ്യാബാലന്‍ സിനിമയില്‍ നിന്ന് പിന്‍മാറി. ഇതിനെ തുടര്‍ന്നാണ് മഞ്ജു നായികയാവുന്നത്. ആമി സിനിമയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്നിട്ടുള്ള ആരോപണങ്ങള്‍ക്ക് ഫേസ്ബുക്കിലൂടെ മഞ്ജു വിശദീകരണം നല്‍കി.

ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നത് എന്റെ രാഷ്ട്രീയത്തിന്റെ പ്രഖ്യാപനമായിട്ടല്ല. രാഷ്ട്രീയ ചര്‍ച്ചകളില്‍ പക്ഷം ചേരലായി ഇതിനെ കണക്കാക്കരുത്. സംവിധായകന്‍ കമല്‍ തനിക്ക് ഗുരുതുല്യനാണെന്നും ഇരുപത് വര്‍ഷത്തിന് ശേഷം അദ്ദേഹത്തിന് ഒപ്പം പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയതിലുള്ള ആവേശമാണ് ഇപ്പോഴുള്ളതെന്നും മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു.

മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം,

‘മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ‘ആമി’ എന്ന സിനിമയില്‍ മാധവിക്കുട്ടിയായി അഭിനയിക്കാനൊരുങ്ങുകയാണ്. ഇതിനകം ഈ ചിത്രത്തെച്ചൊല്ലി ധാരാളം വാദപ്രതിവാദങ്ങളും പ്രചാരണങ്ങളും ഉയര്‍ന്നതുകൊണ്ട് ഒരു കാര്യം വ്യക്തമാക്കട്ടെ. ഞാന്‍ ഇതില്‍ അഭിനയിക്കുന്നത് എന്റെ രാഷ്ട്രീയത്തിന്റെ പ്രഖ്യാപനമായിട്ടല്ല. ചിത്രത്തിന്റെ സംവിധായകന്‍ കമല്‍സാറിനെ ചുറ്റിയുളള രാഷ്ട്രീയചര്‍ച്ചകളിലെ പക്ഷംചേരലായി ഇതിനെ വ്യാഖ്യാനിക്കുകയുമരുത്.

കമല്‍ സാര്‍ എനിക്ക് ഗുരുതുല്യനാണ്. അദ്ദേഹത്തിന്റെ ‘ഈ പുഴയും കടന്നും’, ‘കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്തും’ പോലെയുള്ള സിനിമകള്‍ എന്റെ അഭിനയജീവിതത്തിലെ എക്കാലത്തെയും വലിയ ഭാഗ്യങ്ങളാണ്. കമല്‍ സാറിന്റെ രാഷ്ട്രീയമല്ല, അദ്ദേഹത്തിലെ കലാകാരനോടുള്ള ആദരവും ഇരുപതുവര്‍ഷത്തിനുശേഷം ഒപ്പം പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയതിലുള്ള ആവേശവുമാണ് ഇപ്പോള്‍ ഉള്ളില്‍.

ഭാരതത്തില്‍ ജനിച്ച ഏതൊരാളെയും പോലെ ‘എന്റെ രാജ്യമാണ് എന്റെ രാഷ്ട്രീയം’. മറ്റൊന്ന് കൂടി. എന്നും രണ്ടുനേരം അമ്പലത്തില്‍ ദീപാരാധന തൊഴുന്നയാളാണ് ഞാന്‍. അതേപോലെ പള്ളിക്കും മസ്ജിദിനും മുന്നിലെത്തുമ്പോള്‍ പ്രണമിക്കുകയും ചെയ്യുന്നു.

മാധവിക്കുട്ടിയെന്ന എഴുത്തുകാരി ഒരു ഇതിഹാസമാണ്. അവരെ വെളളിത്തിരയില്‍ അവതരിപ്പിക്കാനുള്ള അവസരം ഏതൊരു അഭിനേത്രിയേയും പോലെ എന്നെയും കൊതിപ്പിക്കുന്നു. ദയവായി ആമിയെ ഒരു സിനിമയായും എന്‍േറത് അതിലെ ഒരു കഥാപാത്രമായും മാത്രം കാണുക. സിനിമ ഒരു കലാരൂപമാണ്. അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പല ആശയ സംഹിതകളും രാഷ്ട്രീയ നിലപാടുകളുമുണ്ടാകാം.

അവര്‍ അത് മറന്ന് ഒരേ മനസോടെയും നിറത്തോടെയും പ്രവര്‍ത്തിക്കുന്നത് നല്ലൊരുസിനിമ സൃഷ്ടിക്കാനാണ്. ‘ആമി’യിലും അതുതന്നെയാണ് സംഭവിക്കുക. ഇല്ലാത്ത അര്‍ഥതലങ്ങള്‍ നല്‍കി വിവാദമുണ്ടാക്കുന്നവര്‍ ഉദ്ദേശിക്കുന്നത് മറ്റുപലതുമാണ്. അത് തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഈ സിനിമ ഓരോ മലയാളിയുടെയും അഭിമാനമായി മാറുമെന്നും ഇത് ലോകസിനിമയ്ക്കുള്ള മലയാളത്തിന്റെ ഐതിഹാസികമായ സമര്‍പ്പണമാകുമെന്നുമാണ് വിശ്വാസം. അതുകൊണ്ട് പ്രിയപ്പെട്ടവരേ… എന്നെ മുന്‍നിര്‍ത്തി ചേരിതിരിഞ്ഞുള്ള വിവാദ ചര്‍ച്ചകള്‍ക്കു പകരം ഈ നല്ല സിനിമക്കായി ഒരുമിച്ചു നില്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഈ വലിയ വേഷം ഏറ്റെടുക്കുമ്പോള്‍ നിങ്ങളുടെ പിന്തുണമാത്രമാണ് കരുത്ത്. കൂടെയുണ്ടാകണം.’

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.