സ്വന്തം ലേഖകൻ: മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തു . സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ഭീഷണിപ്പെടുത്തി എന്ന പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. തനിക്കെതിരെ തുടര്‍ച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് മഞ്ജുവിന്റെ പരാതി.
കേസില്‍ മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് എടുക്കുകയായിരുന്നു. വന്നത് പൊലീസുകാരല്ലെന്നും അവര്‍ തന്നെ കൊല്ലാനുള്ള ശ്രമം നടത്തുകയാണെന്നും സനല്‍കുമാര്‍ഫെയ്‌സ്ബുക്ക് ലൈവിലൂടെ പറഞ്ഞു. മഞ്ജു വാര്യരുടെ ജീവന്‍ തുലാസിലാണെന്നും അവര്‍ തടവറയിലാണെന്നും സൂചിപ്പിച്ചുകൊണ്ട് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റുകള്‍ വിവാദമായിരുന്നു.
നടിയെ പീഡിപ്പിച്ചെന്ന കേസിലെ അന്വേഷണ സംഘത്തെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മഞ്ജുവിന്റെ മൊഴിയെടുത്തതിന് തൊട്ടുപിന്നാലെയാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും സാഹചര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍ മഞ്ജു ഉള്‍പ്പെടെ ചില മനുഷ്യരുടെ ജീവന്‍ തുലാസിലാണെന്ന് സംശയിക്കുന്നതായും സനല്‍ പോസ്റ്റില്‍ ആരോപിച്ചിരുന്നു.
തന്റെ ‘കയറ്റം’ എന്ന സിനിമയുടെ സെറ്റില്‍ മാനേജര്‍മാരുടെ നിയന്ത്രണത്തിലായിരുന്നു നടിയെന്നും അവര്‍ ഒരു ടെന്റിലാണ് താമസിച്ചിരുന്നത് എന്നതുള്‍പ്പെടെള്ള കാര്യങ്ങള്‍ സനല്‍കുമാര്‍ ചൂണ്ടിക്കാണിച്ചിരുന്നു. മഞ്ജു നായികയായ ചിത്രം പൂര്‍ണ്ണമായും ഹിമാലയത്തിലാണ് ചിത്രീകരിച്ചത്. ഭീഷണിപ്പെടുത്തല്‍, ഐ.ടി ആക്ട് അടക്കം ഉള്ള വകുപ്പുകള്‍ ചുമത്തിയാണ് എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല