തമിഴ് സിനിമാലോകം കുലുങ്ങുകയാണ്. ‘തലൈ’ അജിത്തിന്‍റെ അമ്പതാം ചിത്രം ‘മങ്കാത്ത’ തമിഴ് സിനിമാചരിത്രത്തിലെ ഏറ്റവും വലിയ ഇനിഷ്യല്‍ കളക്ഷനുമായി മുന്നേറുന്നു. ഈ വര്‍ഷത്തെ ബ്ലോക്ക് ബസ്റ്ററായി മങ്കാത്ത മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വെങ്കട് പ്രഭു സംവിധാനം ചെയ്ത മങ്കാത്ത കായികരംഗത്തെ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട ത്രില്ലറാണ്. വിനായക് മഹാദേവന്‍ എന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് അജിത്ത് ഈ ചിത്രത്തില്‍ ആവിഷ്കരിക്കുന്നത്. ത്രിഷയാണ് നായിക. വന്‍ മുതല്‍മുടക്കില്‍ ദയാനിധി അളഗിരി നിര്‍മ്മിച്ച മങ്കാത്ത കോടികളുടെ ലാഭം നേടിക്കൊടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രത്തില്‍ തന്‍റെ കഥാപാത്രം പ്രാധാന്യമുള്ളതല്ലെന്ന് ആദ്യം ഒരു പരാതി രൂപേണ പ്രസ്താവിച്ച ത്രിഷ ഇപ്പോള്‍ ഹാപ്പിയാണ്. “വെങ്കട് പ്രഭു അടുത്തചിത്രത്തിലും എന്നെത്തന്നെ നായികയാക്കണം. നൂറുദിവസത്തെ ഡേറ്റ് നല്‍കാന്‍ തയ്യാറാണ്” – സ്നേഹപൂര്‍വമായ ഭീഷണിയാണ് ഒരു ഇംഗ്ലീഷ് സൈറ്റിന് അനുവദിച്ച അഭിമുഖത്തില്‍ ത്രിഷ നടത്തിയത്.
ഇളയദളപതി വിജയിന്‍റെ അമ്പതാം ചിത്രം പരാജയമായിരുന്നെങ്കില്‍ അജിത്തിന്‍റെ അമ്പതാം ചിത്രം റെക്കോര്‍ഡ് സൃഷ്ടിക്കുന്നതില്‍ തലൈ ആരാധകര്‍ സന്തോഷത്തിലാണ്. തന്‍റെ അമ്പതാം ചിത്രം ചെയ്യുന്നതിനായി ഗൌതം വാസുദേവ് മേനോന്‍, ലിംഗുസാമി, വിഷ്ണുവര്‍ദ്ധന്‍ തുടങ്ങിയ ഹിറ്റ്മേക്കര്‍മാരെയാണ് ആദ്യം അജിത്ത് പരിഗണിച്ചതെങ്കിലും ഒടുവില്‍ വെങ്കട് പ്രഭുവിനാണ് ഭാഗ്യം തെളിഞ്ഞത്. അജിത്ത് നടത്തിയ ബുദ്ധിപരമായ നീക്കങ്ങളാണ് മങ്കാത്തയുടെ മഹാവിജയത്തിന് കാരണമെന്ന് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല