സ്വന്തം ലേഖകന്‍: മോദി സര്‍ക്കാരിന്റെ കീഴില്‍ ജനാധിപത്യ മൂല്യങ്ങള്‍ ക്ഷയിക്കുന്നു; പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. നോട്ടുനിരോധനം, തൊഴില്‍ വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ മന്‍മോഹന്‍ സിങ് രാജ്യത്തെ നിലവിലെ സാഹചര്യം ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പരാജയമാണ് ചൂണ്ടിക്കാണിക്കുന്നതെന്നും ആരോപിച്ചു.
രണ്ടു കോടി തൊഴിലിനായി രാജ്യത്തെ യുവാക്കളുടെ കാത്തിരിപ്പു തുടരുകയാണ്. പിന്നിട്ട നാലു വര്‍ഷവും തൊഴിലവസരങ്ങളുടെ നിരക്കില്‍ ഇടിവുണ്ടായി. തൊഴിലവസരങ്ങളെക്കുറിച്ച് മോദി സര്‍ക്കാര്‍ നല്‍കുന്ന കണക്കുകളില്‍ ജനത്തിന് താല്‍പര്യം നഷ്ടമായെന്നും മന്‍മോഹന്‍ പറഞ്ഞു. സംരക്ഷിക്കപ്പെടേണ്ട ജനാധിപത്യമൂല്യങ്ങളെ പതുക്കെ ക്ഷയിപ്പിക്കുന്ന നിലപാടാണ് മോദി സര്‍ക്കാര്‍ തുടരുന്നതെന്നു പറഞ്ഞ മന്‍മോഹന്‍, 2019 ലെ പൊതുതിരഞ്ഞെടുപ്പില്‍ ഒരു ബദല്‍ ഉയര്‍ത്താന്‍ പ്രതിപക്ഷ കക്ഷികള്‍ ശ്രമിക്കണമെന്നും അഭിപ്രായപ്പെട്ടു.
മുന്‍ കേന്ദ്ര മന്ത്രി കപില്‍ സിബല്‍ രചിച്ച ‘ഷെയ്ഡ്‌സ് ഓഫ് ട്രൂത്ത്’ എന്ന ഗ്രന്ഥം മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിക്കൊപ്പം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി സര്‍ക്കാരിന്റെ കോട്ടങ്ങള്‍ വ്യക്തമാക്കുന്ന പുസ്തകത്തില്‍ പറയുന്ന വിഷയങ്ങളില്‍ ദേശീയതലത്തില്‍ സംവാദം ഉയര്‍ത്താനാകണമെന്നും മന്‍മോഹന്‍ അഭിപ്രായപ്പെട്ടു. നിലവിലെ സര്‍ക്കാര്‍ വന്നതിനു ശേഷം രാജ്യത്തു സൃഷ്ടിച്ച തൊഴിലവസരങ്ങളുടെ കണക്കുകള്‍ സംശയകരമാണ്. മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യതകള്‍ ഉണ്ടായിരുന്നിട്ടും സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഒട്ടും തൃപ്തികരമായില്ലെന്ന് മന്‍മോഹന്‍ പറഞ്ഞു.
വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ നിക്ഷേപിച്ചിരിക്കുന്ന കോടി കണക്കിനു ഡോളറിന്റെ കള്ളപ്പണം തിരിച്ചു കൊണ്ടുവരുന്നതിന് ഈ സര്‍ക്കാര്‍ പ്രത്യക്ഷമായി ഒന്നു ചെയ്തില്ല. നോട്ടുനിരോധനവും ജിഎസ്ടിയും പരാജയമായിരുന്നു. വേണ്ട പോലെ ആലോചനയില്ലാതെ ഇവ നടപ്പാക്കിയത് സംരംഭക മേഖലയെ തകര്‍ത്തു. മേക്ക് ഇന്‍ ഇന്ത്യക്കും സ്റ്റാന്‍ഡ് അപ്പ് ഇന്ത്യക്കും വ്യാവസായിക മേഖലയിലേക്ക് ഇനിയും കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല