സ്വന്തം ലേഖകന്‍: റിപ്പബ്ലിക് ദിന പരേഡിനിടെ ഗാലറിയില്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടെ ഉറക്കം, സമൂഹ മാധ്യമങ്ങളില്‍ പൊങ്കാല. ഗാലറിയില്‍ ഇരുന്ന് ഉറങ്ങുന്ന കേന്ദ്രപ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ തരംഗമായി. ചാനലുകളിലൂടെ ജനങ്ങള്‍ റിപ്പബ്ലിക് ദിനാഘോഷപരിപാടികള്‍ കണ്ടപ്പോള്‍ വിഐപി ഗ്യാലറിയില്‍ ഇരുന്ന് ഉറങ്ങുന്ന മന്ത്രിയേയും രാജ്യം മുഴുവന്‍ ലൈവായി കണ്ടു.
പരേഡിലെ വിശിഷ്ടാതിഥിയായ അബുദാബി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നാഹ്യനും അദ്ദേഹത്തിനൊപ്പമുള്ളവരുടെയും അരികിലിരുന്നായിരുന്നു മന്ത്രിയുടെ ഉറക്കം. അതിഥികള്‍ക്ക് അരികിലിരുന്ന ഉറങ്ങിയതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
രാജ്പഥില്‍ റിപ്പബ്ലിക് ദിന പരേഡ് നടക്കവെയാണ് മന്ത്രി ഉറങ്ങിയത്. ഇതല്‍പ്പം കൂടി പോയെന്നാണ് പ്രധാന പരിഹാസം. ഇതാദ്യമായല്ല പരീക്കര്‍ ഒരു പൊതു പരിപാടിക്കിടെ ഉറങ്ങുന്നത്. പ്രധാനമന്ത്രി മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയെക്കുറിച്ച് നടത്തിയ പ്രസംഗത്തിനിടെ വാ പൊളിച്ചുറങ്ങുന്ന പരീക്കറുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
രാജ്യത്തിന്റെ ശോഭനമായ ഭാവി സ്വപ്‌നം കണ്ടു കൊണ്ട് മന്ത്രി ഉറങ്ങുകയാണെന്നാണ് സോഷ്യല്‍ മീഡിയ ട്രോളുകളില്‍ നിറയുന്ന കമന്റുകളിലൊന്ന്. അതല്ല, രാത്രി ഗോവയില്‍ നടത്താനിരിക്കുന്ന പ്രസംഗത്തെക്കുറിച്ചാണ് സ്വപ്‌നം കാണുന്നതെന്നും പറയുന്നു. സുരക്ഷയ്ക്കായി അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ മഞ്ഞും വെയിലും കൊള്ളുമ്പോള്‍ പ്രതിരോധ മന്ത്രി സുഖമായി ഉറങ്ങുന്നോ എന്നും ചോദിക്കുന്നവരുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല