സ്വന്തം ലേഖകന്‍: നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ട, ചിത്രങ്ങള്‍ പുറത്തുവിട്ടു, രക്ഷപ്പെട്ടവര്‍ക്കായി സംസ്ഥാനമൊട്ടാകെ ശക്തമാക്കി, ഏറ്റുമുട്ടല്‍ കൊലപാതകം വ്യാജമെന്നും ആരോപണം. അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ നിരീക്ഷണം ശക്തമാക്കും. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന വയനാട് ജില്ലയില്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള മാവോവാദികള്‍ തമ്പടിക്കുന്നതായി പൊലീസും ഇന്റലിജന്‍സ് വൃത്തങ്ങളുമൊക്കെ വ്യക്തമാക്കിയിരുന്നു.
ബിഹാര്‍, ആന്ധ്ര, തമിഴ്‌നാട്, ഛത്തിസ്ഗഢ് സംസ്ഥാനങ്ങള്‍ അന്വേഷിക്കുന്ന ഉന്നത മാവോവാദി നേതാക്കളടക്കമുള്ളവരാണ് പശ്ചിമഘട്ട മലനിരകളില്‍ താവളം തേടിയതെന്നാണ് പൊലീസ് വാദം. അമ്പതിലധികം മാവോവാദികള്‍ കേരള വനമേഖലയില്‍ ചേക്കേറിയിട്ടുണ്ടെന്നാണ് കണക്കുകൂട്ടല്‍.
തണ്ടര്‍ബോള്‍ട്ട് ഈ പ്രദേശങ്ങളില്‍ കനത്ത തിരച്ചില്‍ തുടരുകയാണ്. തിരുനെല്ലിയിലെ രണ്ടു റിസോര്‍ട്ടുകളും കുഞ്ഞോത്തെ ഫോറസ്റ്റ് ഔട്ട്‌പോസ്റ്റുമൊക്കെ മാവോവാദികളെന്നു സംശയിക്കുന്നവര്‍ കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ ആക്രമിച്ചിരുന്നു.
വ്യാഴാഴ്ച നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സി.പി.ഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം കുപ്പു ദേവരാജ്, കാവേരി എന്നിവരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇരുവരും മാവോയിസ്റ്റ് യൂണിഫോമാണ് ധരിച്ചിട്ടുള്ളത്?. ചിത്രങ്ങള്‍ തണ്ടര്‍ബോള്‍ട്ട് സംഘം മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കുകയായിരുന്നു.
കൊല്ലപ്പെട്ട ദേവരാജനും കാവേരിയും ആന്ധ്ര സ്വദേശികളാണ്. വ്യാഴാഴ്ച രാവിലെ 11.30നും 12നുമിടയിലാണ് നിലമ്പൂര്‍ സൗത് ഡിവിഷനില്‍ കരുളായി റേഞ്ച് പടുക്ക ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ പൂളപ്പൊട്ടി കണ്ടംതരിശ് വനമേഖലയില്‍ പൊലീസും മാവോവാദികളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. 20 മിനിറ്റോളം തുടര്‍ച്ചയായി വെടിവെപ്പ് നടന്നുവെന്ന് പൊലീസ് പറഞ്ഞു. ഒരു മാസമായി പടുക്ക വനമേഖല നക്‌സല്‍ വിരുദ്ധസേനയുടെ നിരീക്ഷണത്തിലായിരുന്നു.
അതേസമയം ഏറ്റുമുട്ടലിലാണ് മാവോവാദികള്‍ കൊല്ലപ്പെട്ടതെന്ന് പൊലീസ് വിശദീകരിക്കുമ്പോഴും അവ്യക്തതയും ദുരൂഹതകളും ബാക്കിയാകുകയാണ്. വെടിവെപ്പ് നടന്ന് 24 മണിക്കൂര്‍ പിന്നിട്ടിട്ടും ഏറ്റുമുട്ടലിന്റെ വിശദാംശങ്ങള്‍ പൊലീസ് വ്യക്തമാക്കാത്തതും സംഭവസ്ഥലത്തേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ വിലക്കിയതും സംശയം ബലപ്പെടുത്തുന്നു.
ഏറ്റുമുട്ടല്‍ നടന്നിട്ടുണ്ടെങ്കില്‍ പൊലീസിലോ തണ്ടര്‍ബോള്‍ട്ടിലോ പെട്ട ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുമായിരുന്നു. എന്നാല്‍, ഒരു സേനാംഗത്തിനും പരിക്കേറ്റതായി വിവരമില്ല. കാട്ടിലേക്ക് വ്യാഴാഴ്ച ഉച്ചയോടെ ആംബുലന്‍സ് പോയെങ്കിലും പരിക്കേറ്റവരെ ചികിത്സിക്കാനുള്ള ഡോക്ടര്‍മാരുണ്ടായിരുന്നില്ല. ചിത്രങ്ങളില്‍ വെടിയേറ്റ് മരിച്ചുകിടക്കുന്ന കുപ്പു ദേവരാജിന്റെ കഴുത്തിനോട് ചേര്‍ന്ന് ഐ പാഡ് ഓണായി കിടക്കുന്നത് കാണാം. സമീപത്ത് ആയുധങ്ങളില്ല. പൊലീസിനെ ആക്രമിക്കുമ്പോള്‍ ഐ പാഡ് കൈയില്‍ കരുതുമോയെന്ന ചോദ്യം ഉയരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല