സ്വന്തം ലേഖകന്‍: മാവോയിസ്റ്റ് നേതാവ് രൂപേഷും സംഘവും കോയമ്പത്തൂരില്‍ പിടിയില്‍. രൂപേഷും ഭാര്യ ഷൈനയുമടങ്ങുന്ന അഞ്ചംഗ സംഘമാണ് പിടിയിലായത്. മലയാളിയായ അനൂപ്, തമിഴ്‌നാട് സ്വദേശി കണ്ണന്‍, വീരമണി (ഈശ്വര്‍) എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍. തീവ്രവാദി സംഘത്തെ പിടികൂടിയ വിവരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സ്ഥിരീകരിച്ചു.
ആന്ധ്രയിലുള്ള കേസുമായി ബന്ധപ്പെട്ടാണ് പൊലീസ് രൂപേഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പിടികൂടിയവരെ കോയമ്പത്തൂരിലെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരികയാണ്. അഞ്ചു വര്‍ഷത്തിലേറെയായി പശ്ചിമഘട്ട മലനിരകള്‍ കേന്ദ്രമാക്കി കേരളത്തിലെയും തമിഴ്‌നാട്ടിലെയും സായുധ തീവ്രവാദി സംഘങ്ങള്‍ക്കു നേതൃത്വം നല്‍കിവന്ന രൂപേഷിനായി നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും പൊലീസ് സംഘങ്ങള്‍ വലവിരിച്ചിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സായുധ പോരാട്ടത്തിന് ഇയാള്‍ നേതൃത്വം നല്‍കിയെന്നാണ് പൊലീസ് നിഗമനം.
തൃശൂര്‍ ജില്ലയിലെ വാടാനപ്പള്ളി സ്വദേശിയായ രൂപേഷ് സിപിഐ എംഎല്‍ റെഡ്ഫ്‌ലാഗിന്റെ പ്രവര്‍ത്തകനായാണ് രാഷ്ട്രീയത്തില്‍ സജീവമായത്. അഭിഭാഷക കൂടിയായ ഭാര്യ ഷൈന വലപ്പാട് സ്വദേശിയാണ്. പൊലീസിന്റെ രേഖകള്‍ പ്രകാരം 2011 മുതല്‍ ഇരുവരും ഒളിവിലാണ്. ഇവരുടെ കുട്ടികളെ മാവേലിക്കരയില്‍ വച്ച് പൊലീസ് ചോദ്യം ചെയ്തതു വിവാദമായിരുന്നു.
അടുത്തിടെ ഷൈനയെ നേതാവാക്കി ‘ഭവാനി ദളം’ എന്ന വനിതാ വിഭാഗത്തിനും രൂപം നല്‍കിയിരുന്നു. കബനി ദളം, നാടുകാണി ദളം, ഭവാനിദളം എന്നിങ്ങനെ മൂന്നു ദളങ്ങളാണ് കേരളത്തില്‍. അടുത്തിടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന മാവോയിസ്റ്റ് ആക്രമണത്തിന് പിന്നില്‍ രൂപേഷും സംഘവുമാണെന്നാണ് നിഗമനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല