സ്വന്തം ലേഖകന്‍: കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്ത്തകന് സി.പി ജലീലിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ തീരുമാനം; മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം. വയനാട്ടില്‍ പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്ത്തകന് സി.പി ജലീലിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ തീരുമാനം. പോസ്റ്റ് മോര്‍ട്ടം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും.
മൃതദേഹം വിട്ടു കിട്ടണമെന്ന സഹോദരന് സി.പി റഷീദിന്റെ ആവശ്യം പരിഗണിച്ചാണ് മൃതദേഹം വിട്ടുകൊടുക്കാന്‍ തീരുമാനമായത്. ഇതിനിടെ സി.പി ജലീലിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ജലീലിന്റെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയത് മൂന്ന് വെടിയുണ്ടകളാണ്.ശരീരത്തിന് പിന്‍വശത്ത് ഏറ്റ വെടിയുണ്ട തുളച്ച് മുന്നിലെത്തിയെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. മൃതദേഹത്തിന് അടുത്ത് നിന്ന് നാടന്‍ തോക്കുകളും എട്ട് തിരകളും കണ്ടെത്തി.
നേരത്തെ ആദ്യം വെടിവച്ചത് മാവോയിസ്റ്റുകളാണെന്ന പൊലീസിന്റെ വാദം തള്ളി വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടിലെ ജീവനക്കാര്‍ രംഗത്തെത്തിയിരുന്നു. മാവോയിസ്റ്റുകളെത്തിയ വിവരം പൊലീസിനെ അറിയിച്ചിട്ടില്ലെന്നും റിസോര്‍ട്ട് ജീവനക്കാര്‍ പറയുന്നു. മാവോയിസ്റ്റുകള്‍ എത്തിയിട്ടുണ്ടെന്ന വിവരമറിഞ്ഞെത്തിയ പൊലീസ് ആദ്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ഉപവന്‍ റിസോര്‍ട്ട് മാനേജര്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല