1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 19, 2011

കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ പൈതൃകത്തില്‍ സീറോ മലബാര്‍ സഭയെ പണിതുയര്‍ത്താന്‍ പരിശ്രമിക്കണമെന്നു ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തു. മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തിലുള്ള സീറോ മലബാര്‍ സഭയിലെ മെത്രാന്‍സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണു മാര്‍പാപ്പ ഇക്കാര്യം ഓര്‍മിപ്പിച്ചത്. മേജര്‍ ആര്‍ച്ച്ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായാണു മാര്‍ ജോര്‍ജ് ആലഞ്ചേരി മാര്‍പാപ്പയെ സന്ദര്‍ശിച്ചത്. സീറോ മലബാര്‍ സഭ സമൂഹത്തിന്റെ മുഴുവന്‍ ആദരവിന് അര്‍ഹമായതിനു പിന്നിലുള്ള വിദ്യാഭ്യാസ, ആതുര മേഖലകളിലെ സേവനങ്ങളില്‍ മാര്‍പാപ്പ സംതൃപ്തി അറിയിച്ചു.

ഭാരതത്തിലെയും കേരളത്തിലെയും നല്ല മനസുള്ള എല്ലാവരുമായും, പ്രത്യേകിച്ചു മറ്റു മതസ്ഥരുമായി ഒന്നുചേര്‍ന്നു സമൂഹത്തില്‍ സമാധാനവും സഹവര്‍ത്തിത്വവും സൃഷ്ടിക്കണം. വര്‍ഗീയമോ ജാതീയമോ ആയ ചേരിതിരിവുകള്‍ ഒഴിവാക്കണം. ഇന്ത്യയുടെ മഹാനായ അപ്പോസ്തലന്‍ മാര്‍ തോമാ ശ്ളീഹായുടെയും വിശുദ്ധ അല്‍ഫോന്‍സായുടെയും വാഴ്ത്തപ്പെട്ട കുര്യാക്കോസച്ചന്റെയും മറ്റു സഭാ പിതാക്കന്മാരുടെയും വിശ്വാസം അഭംഗുരം പാലിക്കണം. നിങ്ങളുടെ ആരാധനക്ര മപൈതൃകം സംരക്ഷിക്കുകവഴി വിശ്വാസത്തില്‍ പിതാക്കന്‍മാരായവര്‍ കൈമാറി നല്കിയതനുസരിച്ച് നിങ്ങളുടെ വിശ്വാസിസമൂഹം ദൈവവചനത്താലും കൂദാശകളാ ലും പരിപോഷിപ്പിക്കപ്പെടുന്നു.

ലോകം മുഴുവനുമുള്ള സീറോ മലബാര്‍ കത്തോലിക്കരുടെ അജപാലനത്തിലുള്ള മെത്രാന്മാരുടെ താത്പര്യത്തെ മാര്‍പാപ്പ അഭിനന്ദിച്ചു. കേരളത്തിനു പുറത്തുള്ള സീറോ മലബാര്‍ കത്തോലിക്കരുടെ അജപാലനത്തിനു മറ്റു റീത്തുകളിലെ മെത്രാന്മാരുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനും മാര്‍പാപ്പ ആഹ്വാനം ചെയ്തു.

തിങ്കളാഴ്ചയാണു മെത്രാന്‍സംഘം മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. മെത്രാപ്പോലീത്തമാരായ മാര്‍ ജോര്‍ജ് വലിയമറ്റം, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ മാത്യു മൂലക്കാട്ട്, ബിഷപ് മാര്‍ തോമസ് ചക്യത്ത്, കൂരിയ ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍ എന്നിവരും മേജര്‍ ആര്‍ച്ച്ബിഷപ്പിനൊപ്പം മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.