സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ ജോര്‍ജ് ആലഞ്ചേരിയെ തിരഞ്ഞെടുത്തു.തക്കല രൂപതാധ്യക്ഷനാണ് അദ്ദേഹം. കാക്കനാട് സഭാകാര്യാലയത്തിലും വത്തിക്കാനിലും ഒരേസമയം പ്രഖ്യാപനം നടന്നു. സ്ഥാനാരോഹണ ചടങ്ങ് 29ന് ഉച്ചകഴിഞ്ഞ് 2.45 എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ നടക്കും.
1996 മുതല്‍ തക്കല രൂപത ബിഷപ്പായി പ്രവര്‍ത്തിച്ചുവരികയായിരുന്നു മാര്‍ ആലഞ്ചേരി. കോട്ടയം ജില്ലയിലെ തുരുത്തിയില്‍ 1945ല്‍ ജനിച്ച അദ്ദേഹം 1972 ഡിസംബര്‍ 18ന് പൗരോഹിത്യം സ്വീകരിച്ചു.മാര്‍ ആന്റണി പടിയറയ്ക്കു ശേഷം ചങ്ങനാശേരി അതിരൂപതയില്‍ നിന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പാകുന്ന ആത്മീയ നേതാവാണ് അദ്ദേഹം. 1972 ല്‍ വൈദികനായ അദ്ദേഹം ചങ്ങനാശേരി അതിരൂപതയുടെ വികാരി ജനറാളായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 1997 ഫെബ്രുവരി രണ്ടിന് ചങ്ങനാശേരി അതിരൂപത വിഭജിച്ച് തക്കല രൂപത സൃഷ്ടിച്ചപ്പോള്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പവ്വത്തില്‍ നിര്‍ദ്ദേശിച്ചത് മാര്‍ ആലഞ്ചേരിയെയാണ്.
സീറോ മലബാര്‍ സഭയിലെ 13 മെത്രാന്മാരടക്കമുള്ള 46 പേരാണ് മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കാനുള്ള പ്രക്രിയയില്‍ പങ്കാളികളായത്. ആദ്യമായാണ് സഭ സ്വയം മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കുന്നത്. കാലംചെയ്ത വര്‍ക്കി വിതയത്തില്‍, ആന്റണി പടിയറ എന്നീ പിതാക്കന്മാരെ മാര്‍പാപ്പ നേരിട്ട് നിയമിക്കുകയായിരുന്നു.
സഭാകാര്യാലയമായ കാക്കനാട് അതീവ രഹസ്യമായിട്ടാണ് തിരഞ്ഞെടുപ്പ് നടത്തിയത്. ബുധനാഴ്ച വോട്ടെടുപ്പ് പൂര്‍ത്തിയായി. ചൊവ്വാഴ്ച നാല് ഘട്ടം വോട്ടെടുപ്പ് നടന്നിരുന്നു. അഞ്ചാം ഘട്ടമാണ് ബുധനാഴ്ച നടന്നത്. വൈകീട്ട് തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. മാര്‍പാപ്പയുടെ അനുമതി ലഭിച്ച ശേഷേമാണ് മേജര്‍ ആര്‍ച്ച് ബിഷപ്പിനെ പ്രഖ്യാപിച്ചത്.സിനഡിന് അധ്യക്ഷം വഹിച്ച തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റമാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല