ഈ നാടിനെ തീറ്റിപ്പോറ്റുന്ന കര്‍ഷകമക്കളെ രണ്ടാംതരം പൗരന്മാരായി കാണുന്ന അധികാരകേന്ദ്രങ്ങളുടെ വിരുദ്ധനിലപാടുകളും ധിക്കാരമനോഭാവവും അതിര്‍വരമ്പ് ലംഘിച്ചിരിക്കുകയാണെന്നും ഇത് ഒരു കാരണവശാലും ഇനി അനുവദിക്കില്ലെന്നും ഇന്‍ഫാം ദേശീയരക്ഷാധികാരി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍.
ആരെയും എതിര്‍ക്കുവാനോ തോല്പിക്കുവാനോ കര്‍ഷകര്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ പിറന്നുവീണ മണ്ണില്‍ ജീവിക്കുവാന്‍ അനുവദിക്കണം. കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബഹുഭൂരിപക്ഷം ജനങ്ങളുടെയും ജീവനും സ്വത്തിനും സംരക്ഷണമുണ്ടാകണം. കാര്‍ഷിക വിളകള്‍ക്ക് ന്യായമായ വില ലഭിക്കണം. അറിവും അക്ഷരജ്ഞാനവുമില്ലാത്തവരെന്നുപറഞ്ഞ് കഴിഞ്ഞ നാളുകളിലേതുപോലെ ഇനിയും കര്‍ഷകരെ പറ്റിക്കുവാന്‍ ആരും ശ്രമിക്കണ്ട. വസ്തുതകള്‍ മനസിലാക്കുവാനും ശക്തമായി പ്രതികരിക്കാനുമുള്ള ആര്‍ജ്ജവവും തന്റേടവും കര്‍ഷകനുണ്ട്. കര്‍ഷകനിലെ സംഘടനാബോധം ശക്തമായി വളര്‍ന്നിരിക്കുന്നുവെന്നതിന്റെ പ്രകടമായ ഉദാഹരണമാണ് ദ പീപ്പിളിന്റെ ആഭിമുഖ്യത്തില്‍ ഇവിടെ സംഘടിപ്പിച്ചിരിക്കുന്ന ഉപവാസസമരത്തിലെ അനേകായിരങ്ങളുടെ പങ്കാളിത്തം. ഇതൊരു മുന്നറിയിപ്പ് മാത്രമാണ്.
കര്‍ഷകജനങ്ങളുടെ കണ്ണീരും ദുഃഖവും വേദനയും കണ്ടില്ലെന്നു നടിക്കാനാവില്ല. വലിയദുരന്തങ്ങള്‍ നാടിന്റെ നട്ടെല്ല് തകര്‍ക്കുമല്ലോ എന്ന ഭയപ്പാട് എല്ലായിടത്തുമുണ്ട്. അത്രമാത്രം ദയനീയമാണ് കര്‍ഷകരുടെ സ്ഥിതി. അധികാരത്തിലിരിക്കുന്നവരുടെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും വഴിപാടുസമരങ്ങള്‍ ആരും മുഖവിലയ്ക്കെടുക്കില്ലെന്നുള്ള യാഥാര്‍ത്ഥ്യം തിരിച്ചറിയണം. ഒട്ടേറെ വാഗ്ദാനങ്ങള്‍ നമ്മള് കേട്ടു. എന്തിവിടെ നടപ്പിലായി? വാഗ്ദാനങ്ങള്‍ നല്കി വഞ്ചിക്കുന്നത് വലിയ ക്രൂരതയാണ്. ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ പോലും നടപ്പിലാക്കുന്നതില്‍ നാം വിജയിച്ചുവോയെന്ന് ആത്മപരിശോധന നടത്തണം. സംഘടിത ശക്തിക്കുമാത്രമേ ഇന്ന് നാട്ടില്‍ നിലനില്ക്കാനാവുകയുള്ളൂ എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളണം. അതൊടൊപ്പം പുത്തനൊരു കാര്‍ഷിക സംസ്കാരം നമുക്കു രൂപപ്പെടുത്തണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല