സ്വന്തം ലേഖകൻ: മരടിലെ തീരദേശ പരിപാലന ചട്ടം ലംഘിച്ച് പണിത ഫ്‌ളാറ്റുകളില്‍ രണ്ടെണ്ണം പൊളിച്ചു. സമുച്ചയങ്ങളില്‍ ഒന്നാമത്തേതായ എച്ച്ടു ഒ ഫ്‌ളാറ്റാണ് ആദ്യം പൊളിച്ചത്. 11.18 നാണ് ആദ്യത്തെ സ്‌ഫോടനം നടന്നത്. നിയന്ത്രിത സ്‌ഫോടനത്തിലൂടെയാണ് ഫ്‌ളാറ്റ് പൊളിച്ചത്. തുടർന്ന് രണ്ടാമത്തെ ഫ്‌ളാറ്റായ ആല്‍ഫാ സെറീനു പൊളിച്ചു. രണ്ടു ടവറുകളായിരുന്നു ആല്‍ഫാ സെറീന്‍ കോംപ്ലക്‌സില്‍ ഉണ്ടായിരുന്നത്. സെക്കന്റുകളുടെ വ്യത്യാസത്തിലാണ് രണ്ടു ടവറുകളും പൊളിച്ചത്. 11.44നാണ് ടവറുകള്‍ തകര്‍ത്തത്.
ആല്‍ഫാ ടവറുകളിലൊന്നിന്റെ അവശിഷ്ടങ്ങളില്‍ വലിയൊരു ഭാഗം കായിലേക്ക് നിലംപതിച്ചിട്ടുണ്ട്. നാവിക സേനയുടെ ഹെലികോപ്റ്റര്‍ നീങ്ങാനെടുത്ത സമയം മൂലം രണ്ടാമത്തെ സൈറണ്‍ വൈകിയാണ് മുഴങ്ങിയത്. ആദ്യത്തെ ഫ്‌ളാറ്റ് പൊളിച്ചതിന് ശേഷം കാര്യമായ അപകടങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. കായലിലേക്ക് അവശിഷ്ടങ്ങളൊന്നും തന്നെ വീണിട്ടില്ല.
ഇതോടെ ഇന്നത്തെ സ്‌ഫോടനം അവസാനിച്ചു. സ്‌ഫോടനം നടത്തുന്ന ഭാഗത്തുനിന്ന് ആളുകളെ നേരത്തെ മാറ്റിയിരുന്നു. ഫ്ലാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ വൈകിട്ട് 5 മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഫ്ലാറ്റുകള്‍ തകര്‍ന്നുവീഴുമ്പോഴുള്ള പൊടി 50 മീറ്റര്‍ ചുറ്റളവില്‍ നിറയുമെന്നതിനാലായിരുന്നു ഈ മുൻകരുതൽ. വൻ ജനക്കൂട്ടമാണ് സ്ഫോടനം കാണാൻ കൊച്ചിയിൽ തടിച്ചുകൂടിയത്.
മരടിലെ രണ്ടാംദിവസത്തെ പൊളിക്കലിനുള്ള നടപടിക്രമങ്ങളും പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. ജെയിന്‍ കോറല്‍കോവും ഗോള്‍ഡന്‍ കായലോരവുമാണ് നാളെ പൊളിക്കുന്നത്. ഏറ്റവും അവസാനം പൊളിക്കുന്ന ഗോൾഡൻ കായലോരത്തെ മോക് ഡ്രില്ലും പൂർത്തിയാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല