സഹനങ്ങളിലും ജീവിതപ്രതിസന്ധികളിലും ക്രൂശിതനായ യേശുവിന്റെ തണലില്‍ അഭയം തേടി കരുത്തു നേടാന്‍ വിശ്വാസികളെ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തു. റോമിലെ ചരിത്രപ്രസിദ്ധമായ കൊളോസിയത്തില്‍ ദുഃഖവെള്ളിയാഴ്ച രാത്രിയില്‍ നടന്ന കുരിശിന്റെവഴിക്കുശേഷം സന്ദേശം നല്‍കുകയായിരുന്നു മാര്‍പാപ്പ. സാമ്പത്തികപ്രതിസന്ധിയും തൊഴിലില്ലായ്മയും നിരവധി കുടുംബങ്ങളിലും യുവതലമുറയിലും നൈരാശ്യവും അസംതൃപ്തിയും വളര്‍ത്തുന്നുണ്ട്.
ഈ പ്രതിസന്ധികളെ ക്രൂശിതനില്നിന്നു ശക്തിസംഭരിച്ചു തരണം ചെയ്യണം. വേദനകളാലും സഹനങ്ങളാലും തളരുമ്പോള്‍ നമുക്കു കുരിശിലേക്കു കണ്ണുകളുയര്‍ത്താം. യേശുവിന്റെ പീഡാനുഭവവും കുരിശുമരണവും മനുഷ്യരാശിയെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. വിശ്വാസത്തില്‍ കൂടുതല്‍ ആഴപ്പെട്ട് ക്രൈസ്തവജീവിതം കൂടുതല്‍ അര്ഥവത്താക്കാന് ഈ വലിയ ആഴ്ച ആവശ്യപ്പെടുന്നു. കുടുംബങ്ങളിലും സമൂഹത്തിലും മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ചു ജീവിതം കൂടുതല്‍ മനോഹരമാക്കാന്‍ പ്രതിജ്ഞയെടുക്കാനുള്ള അവസരംകൂടിയാണിത് -മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
കൊളോസിയത്തിനുചുറ്റും നടന്ന കുരിശിന്റെ വഴിക്ക് കുരിശുമേന്തി മാര്‍പാപ്പ നേതൃത്വം നല്കി. വിവിധ രാജ്യങ്ങളില്‍നിന്നുള്ള തീര്‍ഥാടകരുള്‍പ്പെടെ അരലക്ഷത്തോളം പേര് കത്തിച്ച മെഴുകുതിരികളുമേന്തി കുരിശിന്റെ വഴിയില്‍ പങ്കെടുത്തു. സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന പീഡാനുഭവതിരുക്കര്മങ്ങളിലും മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിച്ചു.
ഞായറാഴ്ച പുലര്‍ച്ചെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടക്കുന്ന ഉയിര്‍പ്പിന്റെ തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കാനായി ഒരുലക്ഷത്തിലേറെ വിശ്വാസികളാണ് വത്തിക്കാനിലെത്തിയിട്ടുള്ളത്. മാര്‍പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന സമൂഹബലിയില്‍ കര്ദിനാള്മാള് സഹകാര്‍മികത്വം വഹിക്കും. തിരുക്കര്‍മങ്ങള്‍ വിവിധ രാജ്യാന്തര ടെലിവിഷന്‍ ചാനലുകള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല