സ്വന്തം ലേഖകന്‍: പ്യൂര്‍ട്ടോറിക്കോയെ തകര്‍ത്തെറിഞ്ഞ് മരിയയുടെ സംഹാര താണ്ഡവം, അര ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഇര്‍മ ചുഴലിക്കാറ്റിന് പിന്നാലെയെത്തിയ മരിയ ചുഴലിക്കാറ്റ് ഉഗ്രരൂപം പൂണ്ട് വീശിയടിച്ചപ്പോള്‍ പ്യൂര്‍റ്റോറിക്ക തകര്‍ന്നു തരിപ്പണമായതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം കിഴക്കന്‍ കരീബിയന്‍ ദ്വീപായ ഡൊമിനിക്കയും മരിയ ഇളക്കിമറിച്ചിരുന്നു.
പ്യൂര്‍ട്ടോറിക്കയിലെ യാബുക്കോ തീരനഗരത്തില്‍ കനത്തമഴയും കാറ്റുമുണ്ടായി. അടുത്ത ഏതാനും മണിക്കൂറുകളില്‍ 18 ഇഞ്ചുവരെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണു പ്രവചനം. 67000 പേരെ പാര്‍പ്പിക്കാവുന്ന 500 ഷെല്‍റ്ററുകള്‍ തുറന്നതായി ഗവര്‍ണര്‍ റിക്കാര്‍ഡോ റോസല്ലോ അറിയിച്ചു. പ്യൂര്‍ട്ടോറിക്കോക്കാരെ സഹായിക്കുമെന്നു പ്രസിഡന്റ് ട്രംപ് ട്വീറ്റു ചെയ്തു. കാറ്റഗറി നാലില്‍പ്പെടുത്തിയിട്ടുള്ള കൊടുങ്കാറ്റാണു മരിയ.
രാജ്യത്തെ മൊത്തം വൈദ്യുതി വിതരണ സംവിധാനവും കൊടുങ്കാറ്റില്‍ തകര്‍ന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. കാറ്റിന്റെ ശക്തി മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗത്തിലേക്ക് കുറഞ്ഞെങ്കിലും നശീകരണം തുടരുകയാണ്. വന്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും പലയിടത്തുമുണ്ടായിട്ടുണ്ട്. പ്യൂര്‍ട്ടോറിക്കോയെ ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. അമേരിക്കന്‍ അധീനതയിലുള്ള ദ്വീപാണ് പ്യൂര്‍ട്ടോറിക്കോ.
ഒരു നൂറ്റാണ്ടിനിടെ രാജ്യത്തു വീശിയടിക്കുന്ന ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റായിരിക്കും മരിയ എന്നും പോര്‍ട്ടറീക്കോ ഗവര്‍ണര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. കാറ്റഗറി 5ല്‍പ്പെട്ടിരിക്കെ കരീബിയന്‍ ദ്വീപുകളില്‍ വീശിയടിച്ച് രണ്ടു പേരുടെ മരണത്തിനിടയാക്കിയിരുന്നു മരിയ. ചുഴലിക്കാറ്റില്‍ രാജ്യം തകര്‍ക്കപ്പെട്ടെന്ന് ഡൊമനിക്കന്‍ പ്രധാനമന്ത്രി റൂസ്വെല്‍റ്റ് സ്‌കേറിറ്റ് ഫെയ്‌സ്ബുക്കിലൂടെ ലോകത്തെ അറിയിച്ചിരുന്നു. വിര്‍ജിന്‍ ഐലന്‍ഡ്‌സിലും മരിയ നാശം വിതച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല