സ്വന്തം ലേഖകന്‍: ഇര്‍മക്കും ജോസെക്കും പിന്നാലെ കരീബിയന്‍ തീരത്തെ നിലംപരിശാക്കാന്‍ മരിയ ചുഴലിക്കാറ്റ് വരുന്നു. മരിയ കൊടുങ്കാറ്റിന്റെ പ്രഭവകേന്ദ്രം പടിഞ്ഞാറന്‍ അറ്റ്ലാന്റിക്കാണെന്ന് നാഷണല്‍ ഹറിക്കെയ്ന്‍ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലെസ്സര്‍ അന്ഡലീസിന് 460 മൈല്‍ അകലെ അന്റലാന്റിക്കിന്റെ ദക്ഷിണപൂര്‍വ മേഖലയിലാണ് മരിയ രൂപംകൊണ്ടിരിക്കുന്നത്. മണിക്കൂറില്‍ പതിനഞ്ച് കിലോമീറ്റര്‍ വേഗതയിലാണ് കരീബിയന്‍ തീരങ്ങളെ ലക്ഷ്യമാക്കി മരിയ വീശിത്തുടങ്ങിയത്.
എന്നാല്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയിലേയ്ക്ക് ഇത് ഉയര്‍ന്നിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരത്തോട് കൂടിയാണ് മരിയ ശക്തിപ്രാപിച്ചത്. അടുത്ത 48 മണിക്കൂറിനുള്ള മറിയ വന്‍ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കുമെന്നും നാഷണല്‍ ഹറികെയ്ന്‍ സെന്റര്‍ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്കുന്നു. 48 മുതല്‍ 72 മണിക്കൂറുകള്‍ക്കുള്ളില്‍ മരിയ ലീവാര്‍ഡ് ഐലന്റിലേയ്ക്ക് പ്രവേശിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്യൂറെര്റ്റോയിലേയ്ക്കും അവിടെ നിന്ന് ഹെയ്തി ഡൊമിനികന്‍ റിപ്ബ്ലിക്കന്‍ മേഖലയായ ഹിസ്പാനിയോളയിലേക്കും കൊടുങ്കാറ്റ് കടക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. ഇര്‍മ നാശംവിതച്ച മേഖലയില്‍ മരിയയും താണ്ഡവമാടുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്കുന്ന മുന്നറിയിപ്പ്. കൊടുങ്കാറ്റിനൊപ്പം പേമാരിയും പ്രവചിക്കപ്പെട്ടിട്ടുണ്ട്. ഫ്ലോറിഡ ഉള്‍പ്പെടെയുള്ള അമേരിക്കന്‍ തീരപ്രദേശങ്ങളില്‍ എത്തുമ്പോഴേക്കും കാറ്റിന്റെ വേഗം 120 കിമീ ആകുമെന്ന പ്രവചനം ആശങ്കപ്പെടുത്തുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല