സ്വന്തം ലേഖകന്‍: ടെന്നീസിലെ റഷ്യന്‍ സുന്ദരി മരിയ ഷറപ്പോവക്ക് രണ്ടു വര്‍ഷം വിലക്ക്. ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് താരത്തിനെ കളിക്കളത്തില്‍നിന്നു രണ്ടു വര്‍ഷത്തേക്ക് വിലക്കിയത്. വിലക്കിനെതിരേ അപ്പീല്‍ പോകുമെന്ന് ഷറപ്പോവ പറഞ്ഞു.
ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിനിടെ ഷറപ്പോവ മെല്‍ഡോണിയം എന്ന ഉത്തേജകമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് മാര്‍ച്ചില്‍ താരത്തെ കളിക്കളത്തില്‍നിന്നു താത്കാലികമായി വിലക്കി. തുടര്‍ന്ന് അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ നടത്തിയ അന്വേഷണത്തിനു ശേഷമാണ് ഷറപ്പോവയെ രണ്ടു വര്‍ഷത്തേക്കു വിലക്കാന്‍ തീരുമാനിച്ചത്.
2006 മുതല്‍ താന്‍ മെല്‍ഡോണിയം അടങ്ങിയ മരുന്ന് ഉപയോഗിക്കുന്നതായി ഷറപ്പോവ സമ്മതിച്ചിരുന്നു. എന്നാല്‍ അന്ന് ഈ മരുന്ന് നിരോധിച്ചിരുന്നില്ലെന്നും 2016 മുതലാണ് നിരോധിക്കപ്പെട്ട മരുന്നുകളുടെ പട്ടികയില്‍ മെല്‍ഡോണിയം സ്ഥാനം പിടിച്ചതെന്നും താരം അവകാശപ്പെട്ടു.
മരുന്ന് കഴിക്കും മുമ്പ് പുതുക്കിയ പട്ടിക വായിച്ചിരുന്നില്ലെന്നും പരിശോധനയില്‍ പരാജയപ്പെട്ടതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും ഷറപ്പോവ വ്യക്തമാക്കുകയും ചെയ്തു.
കരിയറില്‍ അഞ്ചു ഗ്രാന്‍സ്ലാം കിരീടങ്ങളുള്ള ഷറപ്പോവ ഏറ്റവുമധികം പരസ്യ വരുമാനമുള്ള വനിതാ ടെന്നീസ് താരങ്ങളില്‍ ഒന്നാമതാണ്. എന്നാല്‍ വിലക്കു വീണതോടെ ഈ കരാറുകള്‍ പലതും നഷ്ടമാകുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല