സ്വന്തം ലേഖകന്‍: സ്‌പെയിനില്‍ പ്രധാനമന്ത്രിയായി മരിയാനൊ രജോയിക്ക് രണ്ടാമൂഴം. നേരത്തെ പൊതുചെലവ് കര്‍ശനമായി വെട്ടിച്ചുരുക്കി ജനപ്രീതി നഷ്ടപ്പെട്ട പ്രധാനമന്ത്രിയായ മരിയാനൊ രജോയിക്ക് 10 മാസത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഒടുവില്‍ കഴിഞ്ഞദിവസം സമ്മേളിച്ച പാര്‍ലമെന്റ് വോട്ടെടുപ്പിലൂടെയാണ് അംഗീകാരം നല്‍കിയത്.
യാഥാസ്ഥിതിക പീപ്പിള്‍സ് പാര്‍ട്ടി (പി.പി) നേതാവായ രജോയിക്ക് 350 അംഗ പാര്‍ലമെന്റില്‍ 170 അനുകൂല വോട്ടുകള്‍ ലഭിച്ചു. 111 പേര്‍ എതിര്‍ത്ത് വോട്ടു ചെയ്തപ്പോള്‍ 68 അംഗങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള സോഷ്യലിസ്റ്റ് കക്ഷിയുടെ തീരുമാനമാണ് തൂക്കുസഭയില്‍ രജോയിയുടെ വിജയം ഉറപ്പിച്ചത്.
ഡിസംബറിലും ജൂണിലും നടന്ന തെരഞ്ഞെടുപ്പുകളില്‍ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയെ കണ്ടെത്താനാകാതെ രാഷ്ട്രീയഭരണമേഖലകള്‍ സ്തംഭിച്ചതിനാല്‍ രജോയിക്ക് ലഭിച്ച പുതിയ അംഗീകാരം പ്രത്യാശജനകമാണെന്ന് പീപ്പിള്‍സ് പാര്‍ട്ടി വിലയിരുത്തി.അതേസമയം, സാമ്പത്തിക കര്‍ക്കശവാദിയായ രജോയിയുടെ രണ്ടാമൂഴം രാജ്യത്ത് കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല