സ്വന്തം ലേഖകൻ: നോബേൽ ജേതാവും പ്രശസ്ത രസതന്ത്രജ്ഞയുമായ മേരി ക്യൂറിയുടെ റേഡിയേഷൻ അടങ്ങിയ പുസ്തകം പങ്കുവെച്ച് നോബേൽ അധികൃതർ. നോബേൽ പ്രൈസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പുസ്തകത്തിനറെ ചിത്രം പങ്കുവെച്ചത്. പരീക്ഷണങ്ങൾ നടന്ന് നൂറ് വർഷം പിന്നിടുമ്പോഴും മേരി ക്യൂറി ഉപയോഗിച്ചിരുന്ന നോട്ട് ബുക്കിൽ റേഡിയേഷൻ തങ്ങിനിൽക്കുന്നു എന്നത് ഏവരെയും അതിശയിപ്പിക്കുന്നു.
ഒരു നൂറ്റാണ്ട് മുൻപ് നടന്ന പരീക്ഷണത്തിന്റെ ഫലമായുണ്ടായ റേഡിയേഷൻ മേരി ക്യൂറിയുടെ പുസ്തകത്തിൽ ഇപ്പോഴും തങ്ങി നിൽക്കുന്നുണ്ട്. ഇത് അടുത്ത 1500 വർഷത്തേക്ക് ഇതേപടി നിലനിൽക്കുമെന്നും ട്വീറ്റിൽ പറയുന്നു. 1899 മുതൽ 1902 വരെയുള്ള പരീക്ഷണങ്ങളുടെ വിവരങ്ങൾ അടങ്ങിയ പുസ്തകമാണ് ട്വീറ്റിനൊപ്പം പങ്കുവെച്ചിരിക്കുന്നത്.
അതേസമയം മേരി ക്യൂറിയുടെ പുസ്തകത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. അർബുദമുൾപ്പെടെയുള്ള രോഗങ്ങളുടെ ചികിത്സയിൽ നിർണായകമായ റേഡിയോ ആക്ടീവ് മൂലകമായ റേഡിയം കണ്ടുപിടിച്ച ശാസ്ത്രജ്ഞയാണ് മേരി ക്യൂറി. ഈ കണ്ടുപിടിത്തമാണ് രസതന്ത്ര നേബേലിന് മേരി ക്യൂറിയെ അർഹയാക്കിയത്.
പരീക്ഷണ സമയത്ത് പുറത്തുവന്ന റേഡിയേഷന്റെ ഫലമായുള്ള അപ്ലാസ്റ്റിക് അനീമിയ ബാധിച്ചായിരുന്നു മേരി ക്യൂറിയുടെ മരണം. മനുഷ്യരാശിയുടെ നിലനിൽപ്പിന് നിർണായകമായ കണ്ടുപിടിത്തത്തിനായി എത്രത്തോളം വലിയ അപകടകരമായ പരീക്ഷണങ്ങളാണ് മേരി ക്യൂറി നടത്തിയത് എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. രസതന്ത്രത്തിന് പുറമേ ഭൗതികശാസ്ത്രത്തിലും മേരി ക്യൂറിയ്‌ക്ക് നോബേൽ ലഭിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല