1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 23, 2018

സ്വന്തം ലേഖകന്‍: ഫേസ്ബുക്കിലെ നമ്മുടെ അരമന രഹസ്യങ്ങള്‍ അങ്ങാടിപ്പാട്ടുകളോ? വിവാദകേന്ദ്രമായി യുകെ ആസ്ഥാനമായുള്ള കേംബ്രിജ് അനലിറ്റക്ക; പിഴവുപറ്റിയതായി തുറന്നുപറഞ്ഞ് മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഡാറ്റാ അനലിറ്റിക്‌സ് കമ്പനി കേംബ്രിജ് അനലിറ്റക്കയിലെ റിസര്‍ച് ഡയറക്ടറായിരുന്ന ക്രിസ്റ്റഫര്‍ വൈലിയാണു ലോകത്തിനെ ഞെട്ടിച്ച ഫേസ്ബുക്ക് ഡേറ്റ ചോര്‍ച്ച വിവാദത്തിന് തിരികൊളുത്തിയത്.

2014ലാണു ചോര്‍ച്ചയ്ക്ക് ആസ്പദമായ സംഭവം. അലക്‌സാണ്ടര്‍ കോഗന്‍ എന്ന കേംബ്രിജ് സര്‍കലാശാല സൈക്കോളജിസ്റ്റിന്റെ കമ്പനിയായ ഗ്ലോബല്‍ സയന്‍സ് റിസര്‍ചിന്റെ(ജിഎസ്ആര്‍) നേതൃത്വത്തില്‍ ‘ദിസ് ഈസ് യുവര്‍ ഡിജിറ്റല്‍ ലൈഫ്’ എന്ന ആപ് തയാറാക്കി. ഫെയ്‌സ്ബുക്കിന്റെ പിന്തുണയുമുണ്ടായിരുന്നു ഇതിന്. ഉപയോക്താവ് നല്‍കുന്ന വിവരങ്ങളനുസരിച്ച് ഓരോരുത്തരുടെയും ‘പേഴ്‌സനാലിറ്റി’ എന്താണെന്നു കണ്ടെത്തി നല്‍കുന്ന ആപ്ലിക്കേഷനായിരുന്നു ഇത്.

യൂസര്‍ക്ക് ഇഷ്ടപ്പെട്ട നഗരം, അവര്‍ ലൈക്ക് ചെയ്ത പേജുകളുടെ വിവരങ്ങള്‍, സുഹൃത്തുക്കളുടെ വിവരങ്ങള്‍ ഇതെല്ലാം ഉപയോഗിക്കാന്‍ ആപ്പിന് അനുമതിയുണ്ടായിരുന്നു. ഓരോ ഡെവലപര്‍ക്കും അവരുടെ ആപ് മികച്ചതാക്കാന്‍ ഈ വിവരങ്ങള്‍ ഉപയോഗപ്പെടുത്താം എന്നതാണ് ഫേസ്ബുക്കിന്റെ നയം. എന്നാല്‍ ഇതു പുറത്തേക്കു നല്‍കാനോ വില്‍ക്കാനോ അധികാരമില്ല.

ആപ്പിന്റെ പേരില്‍ ശേഖരിച്ച 2.7 ലക്ഷം പേരുടെ ഉള്‍പ്പെടെ വിവരങ്ങള്‍ കേംബ്രിജ് അനലിറ്റിക്കയ്ക്കു (സിഎ) വില്‍പന നടത്തി എന്നതാണു കോഗനു നേരെയുള്ള പ്രധാന ആരോപണം. എന്നാല്‍ താന്‍ ബലിയാടാവുകയായിരുന്നു എന്നാണ് അദ്ദേഹം വാദിക്കുന്നത്. 2014 ല്‍ ശേഖരിച്ച ഡാറ്റയില്‍ ഓരോ യൂസറുടെയും സുഹൃത്തുക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള ‘ആക്‌സസും’ ഫെയ്‌സ്ബുക് ജിഎസ്ആറിനു നല്‍കിയിരുന്നു.

കോഗന്‍ കേംബ്രിജ് അനലിറ്റിക്കയ്ക്കു വിവരങ്ങള്‍ വിറ്റതും ഫെയ്‌സ്ബുക്കിന് അറിയാമായിരുന്നുവെന്നാണു വൈലി പറയുന്നത്. തുടര്‍ന്നു ഡേറ്റ മുഴുവന്‍ ഡിലീറ്റ് ചെയ്യാന്‍ നിര്‍ദേശവും നല്‍കി. എന്നാല്‍ അതിനപ്പുറത്തേക്കു യാതൊരു നടപടിയും ഫെയ്‌സ്ബുക്കിന്റെ ഭാഗത്തു നിന്നുണ്ടായില്ല. അന്നു കേംബ്രിജ് അനലിറ്റിക്ക മുഴുവന്‍ വിവരങ്ങളും ഡിലീറ്റ് ചെയ്തിരുന്നില്ലെന്നും 2016ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു സിഎ ഈ ഡാറ്റ ട്രംപിന്റെ വിജയത്തിനായി ഉപയോഗപ്പെടുത്തുകയും ചെയ്തതായാണ് പുതിയ വിവാദത്തിന്റെ കാതല്‍.

സ്വകാര്യതാനയം ലംഘിച്ചതായി കണ്ടെത്തിയാല്‍ ഫെയ്‌സ്ബുക്കിനെതിരെ രാജ്യങ്ങള്‍ക്കു നടപടിയെടുക്കാം. ഫെയ്‌സ്ബുക്ക് അധികൃതരെ വിളിച്ചുവരുത്തി യുഎസ് വിശദീകരണം തേടിയിരുന്നു. വിവിധ യൂറോപ്യന്‍ രാജ്യങ്ങളും അതിനു തയാറെടുക്കുകയാണ്. ആവശ്യമെങ്കില്‍ സക്കര്‍ബര്‍ഗിനെ വിളിച്ചുവരുത്തുമെന്ന് ഇന്ത്യയും വ്യക്തമാക്കിയിട്ടുണ്ട്.

സംഭവം കൈവിട്ടുപോയതായി മനസിക്കിയ സക്കര്‍ബര്‍ഗ് വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി ദുരുപയോഗം ചെയ്ത സംഭവത്തില്‍ നിരുപാധികം മാപ്പുപറഞ്ഞു. ഇന്ത്യയില്‍ അടുത്ത വര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ഇത്തരം പാളിച്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനമായ സുരക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും സക്കര്‍ബര്‍ഗ് അറിയിച്ചു. മൂന്നു ദിവസം കൊണ്ടു നഷ്ടം 4500 കോടി ഡോളറിന്റെ നഷ്ടമാണു ഡേറ്റാ ചോര്‍ച്ചയിലൂടെ ഫേസ്ബുക്കിനുണ്ടായത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.