സ്വന്തം ലേഖകൻ: ഇലോണ്‍ മസ്കും സക്കര്‍ബര്‍ഗും തമ്മില്‍ കേജ് ഫൈറ്റ് നടക്കുമോ ഇല്ലയോ എന്നത് സംബന്ധിച്ച് ഇപ്പോളും ഉറപ്പൊന്നുമില്ല. നേരത്തെ ഇറ്റലിയിലെ കൊളോസിയത്തില്‍ വെച്ച് ഇരുവരും തമ്മിലുള്ള ഏറ്റമുട്ടല്‍ സംഘടിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് പുതിയൊരു വാര്‍ത്ത. കേജ് ഫൈറ്റ് ഇലോണ്‍ മസ്ക് കാര്യമായെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹവുമായുള്ള ഏറ്റുമുട്ടലില്‍ നിന്ന് പിന്മാറുകയാണെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു.
സോഷ്യല്‍ മീഡിയ വഴിയാണ് മസ്കും സക്കര്‍ബര്‍ഗും തമ്മില്‍ പോര്‍വിളി തുടങ്ങിയത്. പോരടിക്കാനുണ്ടോ എന്ന മസ്കിന്റെ വെല്ലുവിളി ഏറ്റെടുത്ത സക്കര്‍ബര്‍ഗ് തയ്യാറാണെന്നും സ്ഥലം പറയൂ എന്നും മറുപടി നല്കി. യുഎസിലെ നേവാഡയിലുള്ള ഫൈറ്റിങ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്ന വേദിയായ യുഎഫ്സി ഒക്ടാഗോണില് വെച്ച് ഏറ്റുമുട്ടാം എന്ന് മസ്ക് മറുപടി നല്‍കുകയും ചെയ്തു.ഇതിനും തയ്യാറാണെന്നായിരുന്നു സക്കര്‍ബര്‍ഗിന്റെ മറുപടി.
എന്നാല്‍ എപ്പോള്‍ വേണമെന്ന് സക്കര്‍ബര്‍ഗിന്റെ ചോദ്യത്തിന് മസ്ക് മറുപടി നല്‍കുകയോ മത്സരവുമായി ബന്ധപ്പെട്ട് സ്ഥിരീകരണം നല്‍കുകയോ ചെയ്തില്ലെന്ന് കഴിഞ്ഞ ദിവസം സക്കര്‍ബര്‍ഗ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം മസ്ക് സംഭവം കാര്യമായെടുക്കുന്നില്ലെന്ന് കാണിച്ച് താന്‍ പിന്മാറുകയാണെന്ന് സക്കര്‍ബര്‍ഗ് ത്രെഡ്സില്‍ പോസ്റ്റിട്ടത്. “’ഇലോണ്‍ പറഞ്ഞത് കാര്യമായിട്ടല്ലെന്ന് നമുക്കെല്ലാം ഉറപ്പിക്കാമെന്നാണ് എനിക്ക് തോന്നുന്നത്. പിന്മാറാനുള്ള സമയമാണിത്. ഞാന്‍ ഒരു യഥാര്‍ത്ഥ തീയ്യതി പറഞ്ഞതാണ്. ചാരിറ്റിക്ക് വേണ്ടിയുള്ള മത്സരമാക്കി ഇതിനെ മാറ്റാം എന്ന് ഡാനാ വൈറ്റ് (യുഎഫ്സി മേധാവി) വാഗ്ദാനം ചെയ്തതുമാണ്.
എന്നാല്‍ ഇലോണ്‍ തീയ്യതി ഉറപ്പിക്കുന്നില്ല. അന്ന് അദ്ദേഹം പറഞ്ഞു ശസ്ത്രക്രിയ ആവശ്യമാണെന്ന്. ഇപ്പോള്‍ പറയുന്നു ഒരു പരിശീലന റൗണ്ട് നോക്കാം എന്ന്. ഔദ്യോഗിക പരിപാടിയാക്കുന്നതും തീയ്യതിയും സബന്ധിച്ച് അദ്ദേഹം കാര്യമായിട്ടാണെങ്കില്‍ അദ്ദേഹത്തിനറിയാം അത് എങ്ങനെ എന്നെ അറിയിക്കണം എന്ന്. അല്ലാത്തപക്ഷം, പിന്മാറാനുള്ള സമയമാണിത്. കളി കാര്യമായി എടുക്കുന്ന ആളുകളുമായി മത്സരിക്കുന്നതില്‍ ശ്രദ്ധിക്കാന്‍ പോവുകയാണ് ഞാന്‍,” മസ്ക് തന്റെ പോസ്റ്റില്‍ പറഞ്ഞു.
എന്നാല്‍ മത്സരത്തില്‍ നിന്ന് പിന്മാറുകയാണെന്ന് പറഞ്ഞ സക്കര്‍ബര്‍ഗിനെ കളിയാക്കുകയാണ് മസ്ക് ചെയ്തത്. ‘സക്ക് ഒരു ചിക്കനാണ്’ എന്ന് മസ്ക് ട്വീറ്റ് ചെയ്തു. സക്കര്‍ബര്‍ഗ് പക്ഷെ ഇതിന് മറുപടി നല്‍കിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല