സ്വന്തം ലേഖകൻ: മെറ്റാവേഴ്‌സ് എന്ന സ്വപ്‌നവുമായി ഇറങ്ങിയ ഫെയ്സ്ബുക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് അടുത്ത വര്‍ഷം മേധാവി സ്ഥാനം രാജിവയ്ക്കുമെന്ന് റിപ്പോര്‍ട്ട്. മെറ്റാവേഴ്‌സിനായി മെറ്റാ കമ്പനിയുടെ പണം ഇറക്കിയത് നിക്ഷേപകരുടെ കടുത്ത രോഷത്തിന് ഇടവരുത്തിയിരുന്നു. ഇതുവരെ 3600 കോടി ഡോളറാണ് മെറ്റാവേഴ്‌സിനായി ചെലവിട്ടത്.
അടുത്ത ഓരോ വര്‍ഷവും 1000 കോടി ഡോളർ വീതം വേണമെന്നാണ് കണക്കുകൂട്ടല്‍. ഇത് മെറ്റാ കമ്പനിയിലെ നിക്ഷേപകര്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നതു വ്യക്തമായിരുന്നു. ഇക്കാരണത്താല്‍ സക്കര്‍ബര്‍ഗ് 2023ല്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചതായി കമ്പനിയിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദ് ലീക്ക് റിപ്പോര്‍ട്ടു ചെയ്തു. അതേസമയം, റിപ്പോര്‍ട്ട് നിഷേധിച്ച് മെറ്റാ കമ്പനിയും രംഗത്തെത്തി.
സക്കര്‍ബര്‍ഗ് രാജിവയ്ക്കുമെന്ന വാര്‍ത്ത വന്നതോടെ മെറ്റാ കമ്പനിയുടെ ഓഹരി വില ഉയര്‍ന്നു. മെറ്റാവേഴ്‌സുമായി മുന്നോട്ടു പോകുന്നതു കൂടാതെ, കമ്പനിയുടെ വരുമാനത്തില്‍ കനത്ത ഇടിവുണ്ടായതും നിക്ഷേപകരുടെ അപ്രീതിക്കു കാരണമായിട്ടുണ്ട്. അതേസമയം, സക്കര്‍ബര്‍ഗ് രാജിവച്ചാലും മെറ്റാവേഴ്‌സുമായി മുന്നോട്ടുപോകുമെന്നും പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിനായി പ്രതിവര്‍ഷം ചെലവിടുന്നത് 500 കോടി ഡോളറായി കുറയ്ക്കാന്‍ സാധ്യതയുണ്ട്. ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഒക്ടോബറിലെ മീറ്റിങ്ങിലാണ് നിക്ഷേപകര്‍ സക്കര്‍ബര്‍ഗിനു നേരെ തിരിഞ്ഞത്. കമ്പനിയുടെ കൂടുതൽ ഓഹരികള്‍ കൈവശമുള്ള ബ്രാഡ് ഗെര്‍സ്റ്റ്ണര്‍ ആണ് സക്കര്‍ബര്‍ഗിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്. മെറ്റാ കമ്പനിയുടെ ഓഹരി വില 70 ശതമാനം ഇടിഞ്ഞു എന്നതും നിക്ഷേപകരുടെ നെഞ്ചിടിപ്പു വര്‍ധിപ്പിച്ച കാരണമാണ്.
സക്കര്‍ബര്‍ഗിന് രാജിവയ്ക്കാന്‍ ഉദ്ദേശ്യമില്ലെന്നു പറഞ്ഞ് മെറ്റാ കമ്പനി രംഗത്തെത്തിയതോടെ ദ് ലീക്ക് അതിന്റെ റിപ്പോര്‍ട്ടില്‍ ചില മാറ്റങ്ങള്‍ വരുത്തി. മുൻപും സമ്മര്‍ദങ്ങളുണ്ടായ സമയങ്ങളിലെല്ലാം, താന്‍ രാജിവയ്ക്കില്ലെന്ന് സക്കര്‍ബര്‍ഗ് വ്യക്തമാക്കിയിരുന്നു. നിക്ഷേപക രോഷം തണുപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി മെറ്റാ കമ്പനി തെറ്റായ വിവരം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമാകാം തങ്ങള്‍ക്കു കിട്ടിയ വിവരമെന്നും ലീക്കിന്റെ പുതുക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ആയിരക്കണക്കിന് ജോലിക്കാരെ പിരിച്ചുവിടുകയാണ് മെറ്റാ ഇപ്പോള്‍. സക്കര്‍ബര്‍ഗിന്റെ സ്വന്തം ആസ്തിയില്‍ ഇതുവരെ ഇടിവു വന്നിരിക്കുന്നത് 10,000 കോടി ഡോളറാണെന്ന് ഫോബ്സ് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല