1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 25, 2024

സ്വന്തം ലേഖകൻ: നേരവും കാലവും നോക്കാതെ ഫോണിൽ വിളിച്ചു ശല്യപ്പെടുത്തുന്ന മാർക്കറ്റിങ്, പ്രമോഷനൽ കോളുകൾക്ക് ചൊവ്വാഴ്ച മുതൽ പിടിവീഴും. ആളുകളെ ബുദ്ധിമുട്ടിക്കുന്ന പ്രമോഷനൽ കോളുകൾക്ക് തടയിടുന്ന നിയമം ചൊവ്വാഴ്ച പ്രാബല്യത്തിൽ വരും. നിയമം ലംഘിക്കുന്ന കമ്പനികൾക്ക് 10,000 മുതൽ 1.5 ലക്ഷം ദിർഹം വരെയാണ് പിഴ. സ്വകാര്യതകളിലേക്ക് കടന്നു കയറുന്ന വിളികൾക്ക് നിയമം തടയിടും. വ്യക്തികളുടെ ഫോൺ നമ്പരുകൾ തരപ്പെടുത്തുന്ന കമ്പനികൾ കടുത്ത സ്വകാര്യത ലംഘനമാണ് നടത്തുന്നതെന്ന പരാതി വ്യാപകമാണ്.

ടെലികമ്യൂണിക്കേഷൻ റഗുലേറ്ററി അതോറിറ്റിയും (ടിആർഎ) ഡിജിറ്റൽ ഗവൺമെന്റും ഇതര ഇടപാടുകൾക്ക് നമ്പർ നൽകുന്നതിന്റെ മുൻപ് വരിക്കാരുടെ മുൻകൂർ അനുമതി വാങ്ങണമെന്നു നിഷ്കർഷിച്ചിട്ടുണ്ടെങ്കിലും അതൊന്നും പാലിക്കാതെയാണ് ഇപ്പോൾ ഫോൺ വിളികൾ എത്തുന്നത്.

റിയൽ എസ്റ്റേറ്റ്, ഡിജിറ്റൽ കറൻസി, ഓഹരി മേഖലയിലെ നിക്ഷേപം, ഓൺലൈൻ ട്രേഡിങ് തുടങ്ങിയവയുടെ പ്രചാരണാർഥമാണ് പലപ്പോഴും ഫോൺ വിളികൾ എത്തുന്നത്. ബാങ്ക് ക്രെഡിറ്റ് കാർഡിലെ പണം പിൻവലിച്ചു നിക്ഷേപമാക്കാനുള്ള ഫോൺ വിളികൾ, രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപസാധ്യതകൾ, പാർട്ട് ടൈം ജോലി തുടങ്ങിയ കാര്യങ്ങൾക്കും വിളിയുണ്ട്.

ഒരു ദിവസം തന്നെ പലതവണ പല നമ്പറുകളിൽ നിന്നും ഒരേ കാര്യത്തിനു വിളിക്കുന്നതും സർവസാധാരണമാണ്. ഇത്തരം ടെലിഫോൺ വിളികളിൽ നിന്നും രക്ഷപ്പെടാൻ ഇത്തിസാലാത്ത്, ഡൂ കമ്പനികളിൽ നോൺ കോൺടാക്റ്റ് റെക്കോർഡിൽ ഉപയോക്താക്കൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം. അനാവശ്യ കോളുകൾ തടയാനും നിയന്ത്രിക്കാനും ഉള്ളതാണിത്.

നിയമം ലംഘിച്ച് വരിക്കാരെ ഫോൺ ചെയ്യുന്നതായി പരാതിപ്പെട്ടാൽ ഇരു കമ്പനികളും നിയമ ലംഘകർക്കെതിരെ നടപടി സ്വീകരിക്കും. അനുമതി കൂടാതെ ആളുകളെ ശല്യം ചെയ്യുന്ന വിധത്തിൽ ഓഫറുകളും പരസ്യങ്ങളും അറിയിച്ചാൽ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാകുമെന്ന് അധികൃതർ കഴിഞ്ഞ വർഷം മുന്നറിയിപ്പു നൽകിയിരുന്നു.

ആളുകൾക്ക് അലോസരമുണ്ടാക്കുന്ന മാർക്കറ്റിങ് പരിപാടികൾ നിയമം മൂലം വിലക്കിയതായി ലാൻഡ് ഡിപ്പാർട്മെമെന്റ് അധികൃതരും വ്യക്തമാക്കി. തടവു ശിക്ഷയ്ക്ക് പുറമെ അരലക്ഷം ദിർഹം മുതൽ രണ്ട് ലക്ഷം ദിർഹം വരെ പിഴശിക്ഷ ലഭിക്കുന്ന കേസാണിതെന്നു ലാൻഡ് ഡിപ്പാർട്മെന്റ് നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മാർക്കറ്റിങിനും വിപണനത്തിനും അംഗീകൃത മാർഗങ്ങൾ സ്വീകരിക്കാനാണ് നിയമം പരിഷ്കരിച്ചത്. നിയമം നിലവിൽ വരുന്നതോടെ പിഴയ്ക്കു പുറമേ കമ്പനിയുടെ പ്രവർത്തനങ്ങൾ ഭാഗികമായോ മുഴുവനായോ നിർത്തിവയ്പിക്കും. 7 ദിവസം മുതൽ 90 ദിവസം വരെയാണ് പ്രവർത്തന വിലക്കുണ്ടാവുക. ആദ്യം താക്കീത്, പിന്നെ പിഴ, നിശ്ചിത ദിവസത്തേക്ക് പ്രവർത്തന വിലക്ക് എന്നിവ നേരിട്ട ശേഷവും നിയമലംഘനം ആവർത്തിച്ചാൽ ലൈസൻസും കമ്പനികളുടെ ഫോൺ നമ്പരുകളും റദ്ദാക്കുകയും ചെയ്യും.

മാർക്കറ്റിങ് രംഗത്തുള്ള കമ്പനികൾ ഉപഭോക്താക്കൾക്ക് കോളുകൾ ചെയ്യാൻ ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്ന് അനുമതി വാങ്ങണം. ജനങ്ങളുമായി ഫോണിൽ സംസാരിക്കുന്നതിനു കമ്പനികൾ ജീവനക്കാർക്ക് പരിശീലനം നൽകണം. ഇത്തിസാലാത്ത്, ഡൂ കമ്പനികളുടെ ടെലിഫോൺ നമ്പറിൽ നിന്നായിരിക്കണം വിളിക്കേണ്ടത്.

ഈ നമ്പറുകൾ കമ്പനിയുടെ ട്രേഡ് ലൈസൻസിൽ കാണിക്കണം. കമ്പനികളുടെ പരിധിയിൽ വരുന്ന ഉപഭോക്തൾക്ക് മാത്രമേ കോൾ ചെയ്യാൻ പാടുള്ളൂ. പരക്കെയുള്ള വിളി നിയമ ലംഘനമാണ്.

വിളി നിരോധിച്ച പട്ടികയിലുള്ള (ഡിഎൻസിആർ) നമ്പറുകളിലേക്ക് വിളിക്കുന്നതിനും കർശന വിലക്കുണ്ട്. മാർക്കറ്റിങ് കമ്പനികൾ കോൾ ഫയലുകൾ സൂക്ഷിക്കണം. ഔദ്യോഗിക കേന്ദ്രങ്ങൾ ആവശ്യപ്പെട്ടാൽ വിശദാംശങ്ങൾ അടങ്ങിയ കോൾ റജിസ്റ്റർ കാണിക്കണമെന്നും നിർദേശമുണ്ട്. വിളികൾ പകൽ മാത്രമായിരിക്കണം. ജനങ്ങളെ ഒരുതരത്തിലും സമ്മർദത്തിലാക്കാൻ പാടില്ല. ഉത്പന്നങ്ങൾ വാങ്ങാൻ സമ്മർദം ചെലുത്തുന്ന വിധമായിരിക്കരുത് ഫോൺ കോളുകൾ.

രാവിലെ 9 മുതൽ വൈകിട്ട് 6 വരെ മാത്രമാണ് ഇത്തരം കോളുകൾക്കുള്ള അനുമതി. സേവനത്തിനോ മാർക്കറ്റിങ്ങിനോ ആയാലും ഒരിക്കൽ കോൾ നിരസിച്ചാൽ വീണ്ടും വിളിക്കരുതെന്നും വ്യവസ്ഥയുണ്ട്. ഒരു ദിവസം ഒന്നിലധികമോ ആഴ്ചയിൽ രണ്ടു തവണയിൽ കൂടുതലോ ഒരാളെ വിളിക്കാൻ പാടില്ല. സംസാരം തുടങ്ങും മുൻപ് ഫോൺ എടുത്തയാളിന്റെ താൽപര്യം അറിയണം. മുഖവുര കൂടാതെ വിഷയം അവതരിപ്പിച്ച് അലോസരപ്പെടുത്തരുത്.

മാർക്കറ്റിങ് കോളുകൾ പരിധി ലംഘിച്ചാൽ ഉപഭോക്തൃ സംരക്ഷണ വകുപ്പിൽ പരാതിപ്പെടാം. പരാതിക്കാരന്റെ പേര്, മൊബൈൽ നമ്പർ, വിളി വന്ന നമ്പർ എന്നിവ നൽകണം. പരാതിക്കാരന്റെ വിവരങ്ങൾ രഹസ്യമാക്കി വച്ച് ആയിരിക്കും അന്വേഷണം നടത്തുക.

അതേസമയം, ഫോൺ വിളിയുടെ പേരിൽ കമ്പനികൾക്കെതിരെ എടുത്ത നടപടികൾ അന്യായമായെന്നു പരാതിയുണ്ടെങ്കിലും അധികൃതരെ അറിയിക്കാം. നേരിട്ടും ഓൺലൈൻ വഴിയും പരാതിപ്പെടാനാകും. തെളിവുകൾ സഹിതം നൽകുന്ന ഇത്തരം പുന:പരിശോധന കേസുകളിൽ 30 ദിവസത്തിനകം പരിഹാരം കാണണമെന്നും നിർദേശമുണ്ട്. സാമൂഹിക, സാമ്പത്തിക സുസ്ഥിരത ലക്ഷ്യമിട്ടാണ് പുതിയ നിയമമെന്നും യുഎഇ മന്ത്രിസഭാ ഉത്തരവിലുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.