സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും പാതയിലൂടെ മുന്നേറി പുതിയൊരു സ്നേഹസാമ്രാജ്യം കെട്ടിപ്പടുക്കാന്‍ ആഫ്രിക്കന്‍ ജനതയോടു ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ആഹ്വാനം. വംശീയതയും വിഭാഗീയതയും വെടിഞ്ഞ് ഒരേ മനസോടെ മുന്നേറണമെന്നും ആഫ്രിക്കന്‍ രാജ്യമായ ബെനിന്റെ തലസ്ഥാനമായ കൊതോനൊവുവില് പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നടന്ന ചട ങ്ങില്‍ രാഷ്ട്രനേതാക്കളെ അഭിസംബോധന ചെയ്യവേ മാര്‍പാപ്പ അഭ്യര്‍ഥിച്ചു.
ജനങ്ങളുടെ പ്രതീക്ഷ കെടുത്തരുതെന്നും അവരുടെ ശോഭനമായ ഭാവിക്കു തടസം നില്‍ക്കരുതെന്നും നേതാക്കളോടു മാര്‍പാപ്പ നിര്‍ദേശിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണു മൂന്നു ദിവസത്തെ ബെനിന്‍ സന്ദര്‍ശനത്തിനായി മാര്‍പാപ്പ കൊതോനൊവുവിലെത്തിയത്. ആദ്യ ഔദ്യോഗികപരിപാടിയായിരുന്നു പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച.
രാഷ്ട്രീയനേതാക്കള്‍ക്കു പുറമേ നയതന്ത്രപ്രതിനിധികളും രാജ്യത്തെ മെത്രാന്മാരും ഈ സമ്മേളനത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് രാജ്യത്തെ രണ്ടാമത്തെ വലിയ നഗരവും ക്രിസ്ത്യന്‍ മിഷണറിമാരുടെ പ്രവര്‍ത്തനകേന്ദ്രവുമായ ക്വിദയില് സന്ദര്‍ശനത്തിനായി മാര്‍പാപ്പ പുറപ്പെട്ടു. ക്വിദയിലെ കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ ആഫ്രിക്കയില്‍ സമാധാനവും അനുരഞ്ജനവും സാധ്യമാക്കാന്‍ കത്തോലിക്കാസഭ നടപ്പാക്കുന്ന കര്‍മപദ്ധതികള്‍ മാര്‍പാപ്പ പ്രഖ്യാപിച്ചു.
കൊതോനൊവുവിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ വിപണിയുടെയും സമ്പത്തിന്റെയും നിയമങ്ങളോട് നിരുപാധികമായ കീഴടങ്ങല്‍ പാടില്ലെന്നു മാര്‍പാപ്പ പറഞ്ഞു. ആധുനികത ഭയം സൃഷ്ടിക്കുന്നതാകരുത്. ഭൂതകാലം മറന്നുകൊണ്ട് ആധുനികത സൃഷ്ടിക്കാനുമാവില്ല-മാര്‍പാപ്പ ചൂണ്ടിക്കാട്ടി.
ഇന്ന് കൊതോനൊവുവില് തിരിച്ചെത്തുന്ന മാര്‍പാപ്പ ഇവിടത്തെ അന്താരാഷ്ട്ര സ്റേഡിയത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. പത്തുലക്ഷം പേരെങ്കിലും കുര്‍ബാനയില്‍ പങ്കെടുക്കുമെന്നാണു നിഗമനം. തുടര്‍ന്ന് രാജ്യത്തെ മെത്രാന്മാരുടെ സിനഡില്‍ പങ്കെടുത്തശേഷം വത്തിക്കാനിലേക്കു മടങ്ങും.
വെള്ളിയാഴ്ച കൊതോനൊവു വിമാനത്താവളത്തില്‍ മാര്‍പാപ്പയ്ക്കു ഗംഭീര വരവേല്പാണു ലഭിച്ചത്. പ്രസിഡന്റ് തോമസ് യായി ബൊനിയും പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും ചേര്‍ന്നു സ്വീകരിച്ചു. വിമാനത്താവളത്തില്‍നിന്നു നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പോപ്പ് മൊബീലില്‍ സഞ്ചരിച്ചു നഗരവാസികളെ മാര്‍പാപ്പ ആശീര്‍വദിച്ചു. പിന്നീട് നഗരത്തിലെ നൊട്രെഡാം കത്തീഡ്രലില്‍ ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തി. ലോകത്തില്‍ കത്തോലിക്കാസഭയ്ക്ക് ഏറ്റവും കൂടുതല്‍ വളര്‍ച്ചയുള്ള രാജ്യമാണു ബെനിന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല