മെക്സിക്കോയിലെ ത്രിദിന സന്ദര്‍ശനത്തിനുശേഷം ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഇന്നലെ ക്യൂബയിലെത്തി. ക്യൂബയിലെ രണ്ടാമത്തെ വലിയ നഗരമായ സാന്തിയാഗോയില്‍ തുറന്ന വേദിയില്‍ അദ്ദേഹം ദിവ്യബലി അര്‍പ്പിക്കും. ഇന്ന് ഹവാനയിലേക്കു തിരിക്കുന്ന മാര്‍പാപ്പ പ്രസിഡന്റ് റൌള്‍ കാസ്ട്രോയും തമ്മില്‍ ഇന്നു ചര്‍ച്ച നടത്തും. 14 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ആഗോള കത്തോലിക്കാസഭയുടെ തലവന്‍ ക്യൂബയിലെത്തിയത്.
ഇതിനിടെ കാന്‍സര്‍ ചികിത്സയ്ക്കായി ക്യൂബയിലെത്തിയിട്ടുള്ള വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസും മാര്‍പാപ്പയെ സന്ദര്‍ശിക്കുമെന്ന് അഭ്യൂഹമുണ്ട്. എന്നാല്‍ ഇപ്പോള്‍ അത്തരമൊരു കാര്യം പരിഗണനയിലില്ലെന്നാണ് വത്തിക്കാന്‍ വക്താവ് പ്രതികരിച്ചത്. ഫിഡല്‍ കാസ്ട്രോയുമായും കൂടിക്കാഴ്ചയ്ക്കു സാധ്യതയുണ്ട്.
കമ്യൂണിസ്റ്റ് ക്യൂബയും കത്തോലിക്കാസഭയും തമ്മില്‍ ദശാബ്ദങ്ങളായി നിലനിന്ന ശത്രുതയ്ക്ക് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1998ല്‍ ക്യൂബ സന്ദര്‍ശിച്ചതോടെ അയവുണ്ടാവുകയും ബന്ധം മെച്ചപ്പെട്ടുതുടങ്ങുകയും ചെയ്തിരുന്നു. അതിനു തുടര്‍ച്ചയായാണ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സന്ദര്‍ശനം.
സഭയുടെ മധ്യസ്ഥത സ്വീകരിച്ച് ഒട്ടേറെ രാഷ്ട്രീയ തടവുകാരെ ക്യൂബ തടവില്‍നിന്നു മോചിപ്പിച്ചിരുന്നു. ഗവണ്‍മെന്റ് കഴിഞ്ഞാല്‍ ക്യൂബയില്‍ സാമൂഹികമായി ഏറ്റവും സ്വാധീനമുള്ള സ്ഥാപനം കത്തോലിക്കാസഭയാണ്. ക്യൂബയുടെ കാവല്‍പുണ്യവതിയായ ‘വെര്‍ജിന്‍ ഒാഫ് ചാരിറ്റിയുടെ പള്ളിയില്‍ പ്രാര്‍ഥനയും സാന്തിയാഗോ ഡി ക്യൂബ, ഹവാന എന്നിവിടങ്ങളില്‍ വിശുദ്ധബലി അര്‍പ്പണവും മാര്‍പാപ്പയുടെ പരിപാടിയില്‍ ഉള്‍പ്പെടുന്നു.
ക്യൂബയുടെ പരമോന്നത നേതാവും മുന്‍ പ്രസിഡന്റുമായ ഫിഡല്‍ കാസ്ട്രോ, കാന്‍സര്‍ ചികില്‍സാര്‍ഥം ഹവാനയിലുള്ള വെനസ്വേല പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് എന്നിവരുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തുമോ എന്നു വ്യക്തമായിട്ടില്ല. മാര്‍പാപ്പയുടെ സന്ദര്‍ശനം രാജ്യത്തെ വിശ്വാസികള്‍ക്ക് ഉണര്‍വേകുമെന്ന പ്രതീക്ഷയിലാണു ക്യൂബയിലെ സഭാ അധികൃതര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല