കമ്യൂണിസത്തിന്റെ വിളഭൂമിയെന്ന് അവകാശപ്പെടുന്ന ക്യൂബയിലേക്കു വിശ്വസ്നേഹത്തിന്റെ സന്ദേശവുമായി വീണ്ടുമൊരു പേപ്പല്‍ സന്ദര്‍ശനം. ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന, ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ക്യൂബന്‍ സന്ദര്‍ശനം ഇന്ന്. മുന്‍ഗാമി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നടത്തിയ ചരിത്ര സന്ദര്‍ശനത്തിന്റെ 14-ാം വര്‍ഷമാണു പിന്‍ഗാമി ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ക്യൂബയിലെത്തുന്നത്. 1998-ലാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഫിഡല്‍ കാസ്ട്രോയുടെ ക്യൂബ സന്ദര്‍ശിച്ചത്. ക്യൂബയില്‍ അതിനുശേഷം വലിയ മാറ്റങ്ങളുണ്ടായി.
മെക്സിക്കന്‍ സന്ദര്‍ശനത്തിനു ശേഷം ഇന്നു ക്യൂബയില്‍ വിമാനമിറങ്ങുന്ന മാര്‍പാപ്പയെ സ്വീകരിക്കാന്‍ റൌള്‍ കാസ്ട്രോയുടെ സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് അവധി നല്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. സാന്റിയാഗോയിലും ബുധനാഴ്ച ഹവാനയിലും മാര്‍പാപ്പ തുറന്ന വേദിയില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ സംബന്ധിക്കാനും അവര്‍ക്ക് സര്‍ക്കാര്‍ അനുമതി നല്കി. മാര്‍പാപ്പയെ കാണാനും കേള്‍ക്കാനും പതിനായിരങ്ങള്‍ എത്തിച്ചേരുമെന്നാണു കണക്കാക്കപ്പെടുന്നത്. മാര്‍പാപ്പ കടന്നുപോകുന്ന വീഥികള്‍ ഇതിനോടകം മനോഹരമാക്കിയിട്ടുണ്ട്. മാര്‍പാപ്പയ്ക്കു സ്വാഗതമോതുന്ന നിരവധി കമാനങ്ങളും ഉയര്‍ത്തിയിട്ടുണ്ട്.
മെക്സിക്കോയിലേക്കുള്ള യാത്രാമധ്യേ വെള്ളിയാഴ്ച വിമാനത്തില്‍ മാര്‍ക്സിസത്തിനെതിരേ ശക്തമായ ഭാഷയില്‍ മാധ്യമപ്രവര്‍ത്തകരോടു മാര്‍പാപ്പ പ്രതികരിച്ചതു വലിയ വാര്‍ത്തയായിരുന്നു. മാര്‍ക്സിസ്റ് ചിന്തകള്‍ യാഥാര്‍ഥ്യവുമായി ഒരിക്കലും ഒത്തുപോകില്ലെന്നാണു മാര്‍പാപ്പ അഭിപ്രായപ്പെട്ടത്. ഈസ്റേണ്‍ സാന്റിയാഗോ ഡി കൊബ്രേയില്‍ ഇറങ്ങുന്ന മാര്‍പാപ്പയെ പ്രസിഡന്റ് റൌള്‍ കാസ്ട്രോ സന്ദര്‍ശിക്കും.
പിന്നീട് ദൈവമാതാവിന്റെ നാമത്തിലുള്ള കത്തീഡ്രലില്‍ പ്രാര്‍ഥിക്കുന്ന മാര്‍പാപ്പ, ചൊവ്വാഴ്ച ഹവാനയില്‍ രാഷ്ട്ര നേതാക്കളുമായും ബിഷപ്പുമാരുമായും കൂടിക്കാഴ്ച നടത്തും. മുന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്ട്രോയും മാര്‍പാപ്പയെ സന്ദര്‍ശിച്ചേക്കുമെന്നു സൂചനയുണ്ട്. അമേരിക്കന്‍ സാമ്പത്തിക ഉപരോധത്തില്‍ വലയുന്ന ക്യൂബയെ രക്ഷിക്കാന്‍ മാര്‍പാപ്പയുടെ സന്ദര്‍ശനം വഴിതെളിച്ചേക്കുമെന്നു ചില വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു.
മെക്സിക്കന്‍ സന്ദര്‍ശനത്തിന്റെ അവസാനദിനമായ ഇന്നലെ ഗുവാനോജുവാന്റോയിലെ പ്രസിദ്ധമായ ക്രിസ്തു രാജ തിരുസ്വരൂപത്തിനു സമീപം തുറന്ന വേദിയില്‍ ദിവ്യബലി അര്‍പ്പിച്ച മാര്‍പാപ്പ, സമാധാനത്തിന്റെ സന്ദേശവാഹകരാകാന്‍ കുട്ടികളെ ആഹ്വാനം ചെയ്തു. മൂന്നര ലക്ഷത്തോളം പേര്‍ ദിവ്യബലിയില്‍ സംബന്ധിച്ചെന്ന് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുവാനോജുവാന്റോയിലെ 72 അടി ഉയരമുള്ള വെങ്കലനിര്‍മിത തിരുസ്വരൂപം കണ്ടു വണങ്ങാന്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഏറെ ആഗ്രഹിച്ചിരുന്നെങ്കിലും കഴിഞ്ഞില്ലെന്ന് വത്തിക്കാന്‍ വക്താവ് ഫാ. ഫെഡറികോ ലൊംബാര്‍ഡി അ നുസ്മരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല