മയക്കുമരുന്നു കച്ചവട സംഘങ്ങള്‍ക്കെതിരേയുള്ള ശക്തമായ പോരാട്ടത്തിന് ആഹ്വാനം ചെയ്തുകൊണ്ടു ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ മെക്സിക്കോ സന്ദര്‍ശനം തുടങ്ങി. ഗ്വാനാഹ്വാതോ പ്രവിശ്യയിലെ ലീയോണില്‍ പതിനായിരങ്ങള്‍ മാര്‍പാപ്പയെ സ്വീകരിക്കാനെത്തി. മാര്‍പാപ്പയെ കാണാന്‍ വിമാനത്താവളത്തില്‍നിന്നു നഗരമധ്യത്തിലേക്കുള്ള 35 കിലോമീറ്റര്‍ പാതയുടെ ഇരുവശവും വിശ്വാസി സഹസ്രങ്ങള്‍ തടിച്ചുകൂടി.
കയര്‍ കെട്ടിത്തിരിച്ച റോഡിന്റെ പാര്‍ശ്വങ്ങളില്‍ നിന്ന് ആവേശത്താല്‍ ആര്‍പ്പുവിളിച്ച വിശ്വാസികള്‍ പേപ്പല്‍ പതാകകളും മാര്‍പാപ്പയുടെ ചിത്രങ്ങളും ഉയര്‍ത്തിവീശി. ഒട്ടേറെപ്പേര്‍ വികാരഭരിതരായി കണ്ണീര്‍ വാര്‍ക്കുന്നതും കാണാമായിരുന്നു. അഞ്ചു കൊല്ലത്തിനിടയില്‍ അരലക്ഷംപേരുടെ ജീവന്‍ അപഹരിച്ച മയക്കുമരുന്നു മാഫിയയ്ക്കെതിരേ ശക്തമായി പ്രതികരിച്ചുകൊണ്ടാണു മാര്‍പാപ്പ നഗരത്തില്‍ പ്രവേശിച്ചത്.
മാനവരാശിക്കും നമ്മുടെ യുവതയ്ക്കുമെതിരായ നാശത്തിന്റേതായ ഈ തിന്മയെ ചെറുക്കാന്‍ നാം സാധ്യമായതെല്ലാം ചെയ്യേണ്ടിയിരിക്കുന്നു. ഈ തിന്മയുടെ മുഖംമൂടി പിച്ചിച്ചീന്തണം, പണത്തെ പൂജിക്കുന്നതും മനുഷ്യനെ അടിമയാക്കുന്നതും വ്യാജമോഹങ്ങള്‍ നല്കുന്നതുമായ ഈ തിന്മയ്ക്കെതിരേ മനഃസാക്ഷിയെ ഉണര്‍ത്തേണ്ടതും പഠിപ്പിക്കേണ്ടതും സഭയുടെ കടമയാണ് – മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു.
മെക്സിക്കന്‍ പ്രസിഡന്റ് ഫിലിപ്പെ കാള്‍ഡെറോണ്‍ മാര്‍പാപ്പയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. പ്രസിഡന്റ് കാള്‍ഡെറോണോടൊപ്പം വന്ന ഒരുഡസന്‍ കുട്ടികളുടെ കവിളുകളില്‍ തലോടിയ മാര്‍പാപ്പ അവര്‍ക്കു ഹസ്തദാനവും ചെയ്തു. മുന്‍ഗാമി ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അഞ്ചു തവണ മെക്സിക്കോ സന്ദര്‍ശിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല