അധികാരത്തിനുവേണ്ടി ധാര്‍മികത ബലികഴിക്കരുതെന്ന് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. മാതൃരാജ്യമായ ജര്‍മനിയില്‍ സന്ദര്‍ശനത്തിന് എത്തിയ മാര്‍പാപ്പ ജര്‍മന്‍ പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു. അധികാരം ദുര്‍വിനിയോഗിക്കുമ്പോള്‍ എന്താണു സംഭവിക്കുകയെന്ന് ജര്‍മന്‍കാരായ നമുക്ക് അനുഭവത്തില്‍ നിന്ന് അറിയാം-നാസികളുടെ ക്രൂരതകളെ പരാമര്‍ശിച്ച് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. നാസി ഏകാധിപത്യത്തിലും അവര്‍ക്കെതിരേ നിരവധി ഗ്രൂപ്പുകള്‍ ചെറുത്തുനില്പ് നടത്തിയ കാര്യം അദ്ദേഹം അനുസ്മരിച്ചു.
നാലുദിവസത്തെ ജര്‍മന്‍സന്ദര്‍ശനത്തിന് എത്തിയ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ ബര്‍ലിനിലെ ടെഗെല്‍ അന്താരാഷ്ട്രവിമാനത്താവളത്തില്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും പ്രസിഡന്റ് ക്രിസ്റ്യന്‍ വൂള്‍ഫും മന്ത്രിസഭാംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. വിമാനത്താവളത്തിലെ സ്വീകരണചടങ്ങിനുശേഷം പോപ്പ്മൊബീലില്‍ നഗരവാസികളെ ആശീര്‍വദിച്ച് ചാന്‍സലറുടെ ഔദ്യോഗികവസതിയായ ചാന്‍സലറിയിലേക്കു പോയി.
ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, ഭര്‍ത്താവ് ജൊവാക്കിം സോര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയശേഷം പ്രസിഡന്റിന്റെ ഔദ്യോഗികവസതിയായ ബെല്ലേവു കൊട്ടാരത്തിലേക്കാണ് മാര്‍പാപ്പ പോയത്. ഇവിടെയായിരുന്നു ഔദ്യോഗിക സ്വീകരണം. തുടര്‍ന്ന് പ്രസിഡന്റ് ക്രിസ്റന്‍ വൂള്‍ഫ്, ഭാര്യ ബെറ്റിന വൂള്‍ഫ്, മുതിര്‍ന്ന മന്ത്രിമാര്‍ എന്നിവരുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി.
മാര്‍പാപ്പയായതിനുശേഷം രണ്ടുതവണ അനൌദ്യോഗികസന്ദര്‍ശനം നടത്തിയിട്ടുണ്െടങ്കിലും ഇതാദ്യമാണ് 84-കാരനായ മാര്‍പാപ്പ മാതൃരാജ്യത്ത് ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നത്. രാഷ്ട്രീയം പറയാനല്ല താന്‍ വന്നിരിക്കുന്നതെന്നും മറിച്ച് ജനങ്ങളെ കാണാനും അവരോട് ദൈവത്തെക്കുറിച്ച് സംസാരിക്കുവാനുമാണെന്നു വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ മാര്‍പാപ്പ ചൂണ്ടിക്കാട്ടി.
ജര്‍മനിയും വത്തിക്കാനും തമ്മിലുള്ള ബന്ധം ഈ സന്ദര്‍ശനത്തോടെ കൂടുതല്‍ ഊഷ്മളമാകുമെന്നും മാര്‍പാപ്പ പ്രത്യാശിച്ചു. സ്വവര്‍ഗഭോഗികളുള്‍പ്പെടെ ചില ഒറ്റപ്പെട്ട സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുള്ള സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് മാര്‍പാപ്പയുടെ യാത്രയിലുടനീളം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നാലു ദിവസത്തെ സന്ദര്‍ശനത്തിനിടെ 18 ചടങ്ങുകളില്‍ മാര്‍പാപ്പ പങ്കെടുക്കും. ജര്‍മന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തശേഷം മാര്‍പാപ്പ ഇന്നലെ വൈകുന്നേരം ബര്‍ലിനിലെ ചരിത്രപ്രസിദ്ധമായ ഒളിമ്പിക് സ്റേഡിയത്തില്‍ ദിവ്യബലിയര്‍പ്പിച്ചു. രണ്ടുലക്ഷത്തോളം വിശ്വാസികള്‍ ദിവ്യബലിയില്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല