മതത്തിന്റെ പേരില്‍ അരങ്ങേറുന്ന ഭീകരത മതവിശ്വാസങ്ങള്‍ക്കും പഠനങ്ങള്‍ക്കും വിപരീതമാണെന്നും ആത്യന്തികമായി അത് മതത്തിന്റെ നാശത്തിലേക്കു നയിക്കുമെന്നും ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. കാലംചെയ്ത പോപ്പ് ജോണ്‍ പോള്‍ രണ്ടാമന് 1986ല്‍ നടത്തിയ ലോകമത സമ്മേളനത്തിന്റെ രജതജബിലിയുടെ ഭാഗമായി വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ജന്മസ്ഥലമായ അസീസിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വിവിധ മതങ്ങളില്‍പ്പെട്ട 300-ലേറെ നേതാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പാപ്പ.ആക്രമണങ്ങളും ഭീകര പ്രവര്‍ത്തനങ്ങളും മിക്കപ്പോഴും അരങ്ങേറുന്നത് മതത്തിന്റെ പേരിലാണ്. ധാര്‍മിക നിയമങ്ങള്‍ ലംഘിച്ചുള്ള ഇത്തരം ആക്രമണങ്ങളെ ന്യായീകരിക്കാന്‍ മതത്തിനുണ്ടാകുമെന്ന് അവകാശപ്പെടുന്ന ‘നന്മയെയാണ് ഇത്തരക്കാര്‍ കൂട്ടുപിടിക്കുന്നതെന്നും മാര്‍പാപ്പ പറഞ്ഞു.
ഇത് മതങ്ങളുടെ അന്തസ്സത്തയ്ക്കു നേരെ വിപരീതമാണ്. അന്‍പതിലേറെ മുസ്ലിം പണ്ഡിതര്‍, യഹൂദ പുരോഹിതന്മാരായ റബ്ബിമാര്‍, ഹിന്ദു, ബുദ്ധ, ജൈന, സിഖ്, ബഹായി, താവോയിസം, കണ്‍ഫ്യൂഷനിസം, സൊറാസ്ട്രിയനിസം, ആഫ്രിക്കയിലെയും അമേരിക്കയിലെയും പരമ്പരാഗത മതങ്ങള്‍ തുടങ്ങിയവയില്‍നിന്നുള്ള പ്രതിനിധികള്‍ക്കു പുറമേ നാല് നിരീശ്വരവാദികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.ചരിത്രഗതിക്കിടെ ക്രൈസ്തവര്‍ ദൈവത്തിന്റെ പേരില്‍ അതിക്രമങ്ങള്‍ നടത്തിയെന്നതു ലജ്ജയോടെ താന്‍ അംഗീകരിക്കുന്നു. ഇൌ അതിക്രമങ്ങള്‍ ക്രൈസ്തവ വിശ്വാസത്തെ അപമാനിക്കുകയായിരുന്നുവെന്നു വളരെ വ്യക്തമാണ്. അക്രമങ്ങളുടെയും ഭിന്നിപ്പിന്റെയും പുതിയ മുഖങ്ങള്‍ ഇവിടെക്കൂടിയിരിക്കുന്ന നാമെല്ലാവരും കൂടുതല്‍ വ്യക്തതയോടെ മനസ്സിലാക്കേണ്ടിയിരിക്കുന്നുവെന്നും പാപ്പ ഉദ്ബോധിപ്പിച്ചു.
കത്തോലിക്കാ സഭയുടെ ചരിത്രപരമായ തെറ്റുകള്‍ക്ക് ജോണ്‍പോള്‍ രണ്ടാമന് നടത്തിയ മാപ്പപേക്ഷയില്നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ് ബനഡിക്ട് പതിനാറാമനും അതിക്രമങ്ങള്‍ക്കു മാപ്പപേക്ഷിച്ചത്. സമ്മേളനത്തില്‍ നിരീശ്വരവാദികള്‍ പങ്കെടുക്കുന്നതില്‍ കത്തോലിക്കരിലെ മൌലികവാദികള്‍ എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്. 1986-ലെ സമ്മേളനത്തിലെപ്പോലെ ഇക്കുറി പ്രതിനിധികള്‍ക്കായി ഒരുമിച്ചുള്ള പ്രാര്‍ഥന ഉണ്ടായിരുന്നില്ല. മറിച്ച് വ്യക്തിപരമായ പ്രാര്‍ഥനയ്ക്കും ധ്യാനത്തിനുമായി പ്രതിനിധികള്‍ മുറികളിലേക്ക് മടങ്ങുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല