കേരളത്തിന് അകത്തും പുറത്തുമായി പതിനഞ്ചോളം പുരുഷന്‍മാരെ വിവാഹം കഴിച്ചശേഷം അവരുടെ പണവുമായി മുങ്ങിയ ഷഹനാസ് എന്ന യുവതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. വിവാഹത്തട്ടിപ്പ് പുറത്തറിഞ്ഞതോടെ നിരവധി പേര്‍ പരാതികളുമായി പോലീസിനെ സമീപിച്ച സാഹചര്യത്തില്‍ ബ്രിട്ടനിലേത് അടക്കമുളള വിദേശമാധ്യമങ്ങളില്‍ ഷഹനാസി(33)ന്റെ കഥ റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ നിന്നുളള ഷഹനാസ് കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടയ്ക്കാണ് പതിനഞ്ചോളം യുവാക്കളെ വശീകരിച്ച് വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയത്. അന്‍പതോളം വിവാഹത്തട്ടിപ്പുകള്‍ ഇവര്‍ നടത്തിയിട്ടുണ്ടെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും പതിനഞ്ച് പേരോളമേ തട്ടിപ്പിനിരയായിട്ടുളളൂ എന്ന് പോലീസ് അറിയിച്ചു. ഷഹനാസിനായി ചെന്നൈ പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
ഷഹനാസ് വിവാഹം കഴിച്ച രണ്ട് യുവാക്കള്‍ പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. സംഭവം വാര്‍ത്ത ആയതോടെ നിരവധി പേര്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. ഇതുവരെ ഏഴ് പരാതികളാണ് ഇതു സംബന്ധിച്ച് പോലീസിന് ലഭിച്ചിരിക്കുന്നത്. കാര്‍ ഷോറൂം ജീവനക്കാരനായിരുന്ന മണികണ്ഠനാണ് ആദ്യം ഷഹനാസിനെതിരേ പോലീസിന് പരാതി നല്‍കുന്നത്. സുഹൃത്ത് വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്നും അതിനാല്‍ മനസ്സിനിണങ്ങിയ പുരുഷന്‍മാരെ തേടികൊണ്ടിരിക്കുക ആണെന്നുമാണ് ഇവര്‍ മണികണ്ഠനോട് പറഞ്ഞത്. ചെറുപ്പത്തിലെ തന്നെ അമ്മയും അച്ഛനും മരിച്ചുപോയെന്നും മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകയാണ് താനെന്നുമാണ് ഷഹനാസ് മണികണ്ഠനോട് പറഞ്ഞിരുന്നത്. സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയാണന്നും പറഞ്ഞിരുന്നു. നിരവധി തവണ ഫോണില്‍ സംസാരിച്ച ഇരുവരും പെട്ടന്ന് അടുക്കുകയും ചെയ്തു. മണികണ്ഠന്റെ മാതാപിതാക്കളുടെ സമ്മതമില്ലാതെ ഇവരുവരും കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ വിവാഹിതരാവുകയും ചെയ്തു.
രണ്ട് മാസത്തിന് ശേഷം സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാനുണ്ടന്ന് പറഞ്ഞ് വനിതാ ഹോസ്റ്റലിലേക്ക് മാറിയ ഷഹനാസ് വിവാഹത്തിന് മണികണ്ഠന്‍ വാങ്ങി നല്‍കിയ ആഭരണങ്ങള്‍ വിറ്റ പണവുമായി കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം മുങ്ങുകയായിരുന്നു. ഫുട്‌ബോള്‍ കളിക്കാരനായ പ്രസന്ന എന്ന യുവാവിനേയും് ഇതേ കാരണം പറഞ്ഞ് വിവാഹം കഴിച്ച് സ്വര്‍ണ്ണവും പണവുമായി മുങ്ങിയിരുന്നു. പ്രസന്നയോട് ഒപ്പം കഴിയുന്ന സമയത്ത് മറ്റൊരാള്‍ ഷഹനാസ് തന്റെ ഭാര്യയാണന്ന അവകാശവാദവുമായി എത്തിയിരുന്നുവെന്നും പ്രസന്ന പറയുന്നു. അന്ന് പോലീസില്‍ പരാതി നല്‍കിയപ്പോള്‍ ചോദ്യം ചെയ്യലിന് ശേഷം പ്രസന്നയോടൊപ്പം പോകാന്‍ പോലീസ് ഷഹനാസിനെ അനുവദിക്കുകയായിരുന്നു.
സുരേഷ് എന്ന രണ്ടാമന്‍ സുഹൃത്താണ് എന്നാണ് അന്ന് ഷഹനാസ് പോലീസിനോട് പറഞ്ഞത്. വിവാഹിതരാണ് എന്ന ഉറപ്പിക്കാനായി പ്രസന്നയും ഷഹനാസും അന്ന് വിവാഹത്തിന്റെ ഫോട്ടോ ആല്‍ബം വരെ പോലീസിന് സമര്‍പ്പിച്ചിരുന്നു. ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഷഹനാസ് പ്രസന്നയെ 2012 മേയ് അഞ്ചിന് വിവാഹം കഴിക്കുന്നത്. രണ്ട് ആഴ്ച ഒരുമിച്ച് കഴിഞ്ഞശേഷം സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാനായി ഹോസ്റ്റലിലേക്ക് മാറുകയായിരുന്നു, പിന്നീട് ഇവര്‍ ഹോസ്റ്റലില്‍ നിന്ന് മുങ്ങിയതോടെ പ്രസന്നയ്ക്ക് അജ്ഞാതരില്‍ നിന്ന് തുടര്‍ച്ചയായി ഭീഷണി കോളുകള്‍ ലഭിക്കാനും തുടങ്ങിയിരുന്നു.
തട്ടിപ്പ് പുറത്തായതോടെ രാജേഷ്, ശരവണന്‍, ചന്ദ്രബാബു എന്നിവരും ഷഹനാസിനെതിരേ പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ പരാതിയുമായി എത്തുമെന്നാണ് കരുതുന്നത്. വിവാഹത്തട്ടിപ്പ് മാത്രമല്ല മറ്റ് ക്രിമിനല്‍ ബന്ധങ്ങളും ഉളളയാളാണ് ഷഹനാസ് എന്നാണ് പോലീസ് കരുതുന്നത്. പത്ത് വര്‍ഷം മുന്‍പാണ് ഷഹനാസ് ആദ്യത്തെ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തില്‍ ഒരു കുട്ടിയും ഇവര്‍ക്കുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല