ജര്‍മനിയിലെ ബെര്‍ലിന്‍ സ്വദേശിയും അഭിഭാഷകനുമായ ഡോ. ഒലിവര്‍ ഹാര്‍ട്ട്‌മാനാണു ഹര്‍ത്താല്‍ ദിനത്തില്‍ മലയാള നാടിന്റെ മരുമകനായത്. പുനെയില്‍ നഴ്‌സായി ജോലിചെയ്യുന്ന കോട്ടയം നെല്ലിക്കല്‍ പൊയ്‌കതളിക്കല്‍ ദീപയും (26) ഒലിവര്‍ ഹാര്‍ട്ട്‌മാനും തമ്മിലുള്ള വിവാഹം ഇന്നലെ കോട്ടയത്ത് സ്വകാര്യ ഹോട്ടലിലാണു നടന്നത്. സുഹൃത്തുക്കള്‍ വഴി ആലോചിച്ചുറപ്പിച്ചതാണ് ഇവരുടെ വിവാഹം. മാട്രിമോണിയില്‍ സൈറ്റില്‍ ദീപയുടെ ഫോട്ടോ കണ്ടതിനെത്തുടര്‍ന്ന് പുനെയിലുള്ള സുഹൃത്തു വഴി ഒലിവര്‍ ദീപയെ വിവാഹം ആലോചിക്കുകയായിരുന്നു.
ജര്‍മനിയില്‍ ജോലി ചെയ്യുന്ന ദീപയുടെ കൂട്ടുകാരിയും രംഗത്തെത്തിയതോടെ കടല്‍കടന്നെത്തിയ ബന്ധത്തിനു വീട്ടുകാരും സമ്മതം മൂളി. തുടര്‍ന്ന് ഇന്നലെ വിവാഹം നടത്താന്‍ തീരുമാനിച്ചു. വിവാഹത്തിനായി ഒരാഴ്‌ച മുന്‍പേ ഒലിവര്‍ കേരളത്തിലെത്തി. ആഘോഷമായി വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാല്‍ അപ്രതീക്ഷിതമായി ഹര്‍ത്താല്‍ എത്തിയത് കല്ല്യാണപ്പകിട്ട് അല്‍പം കുറച്ചു. ഹൈന്ദവ ആചാരപ്രകാരമായിരുന്നു വിവാഹം.
വെള്ള കൂര്‍ത്തയും ഷാളും അണിഞ്ഞ് ജര്‍മന്‍ സുഹൃത്തുകള്‍ക്കൊപ്പം കതിര്‍മണ്ഡപത്തിലെത്തിയ ഒലിവറിനെ വധുവിന്റെ ബന്ധുക്കള്‍ വാദ്യമേളങ്ങളോടെ സ്വീകരിച്ചു. ഹൈന്ദവ ആചാരപ്രകാരം വരനെ വധുവിന്റെ സഹോദരന്‍ അനീഷ് മാലയണിയിച്ചു. തുടര്‍ന്ന് വധു ബന്ധുക്കള്‍ക്കു ദക്ഷിണ നല്‍കിയശേഷം താലികെട്ടു നടന്നു. താലിചാര്‍ത്തലിനുശേഷം സിന്ദൂരം അണിയിച്ചും വിവാഹമോതിരം കൈമാറിയുമാണു ചടങ്ങുകള്‍ അവസാനിച്ചത്. ഹര്‍ത്താല്‍ദിനത്തില്‍ ക്ഷണിക്കപ്പെട്ട ബന്ധുക്കളില്‍ പലര്‍ക്കും വിവാഹത്തില്‍ സംബന്ധിക്കാനായില്ല.
ഇന്ത്യന്‍ നിയമത്തിലും ജര്‍മന്‍ നിയമത്തിലും ഡോക്‌ടറേറ്റ് നേടിയിട്ടുള്ള ഒലിവര്‍ ഹാര്‍ട്ട്‌മാന്‍ മഹാരാഷ്‌ട്രയില്‍നിന്ന് ജര്‍മനിയിലേക്കു കുടിയേറിയ ഇന്ത്യന്‍വംശജയായ ഹര്‍മന്റെയും ജര്‍മന്‍കാരിയുടെയും ഏകമകനാണ്. ഈമാസം 24-ന് ഒലിവര്‍ ജര്‍മനിയിലേക്കു മടങ്ങും. വിവാഹ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി പുതിയ വിസയില്‍ ജര്‍മനിയിലേക്കു പോകാനാണ് ദീപയും ഉദ്ദേശിക്കുന്നത്. കോട്ടയം നെല്ലിക്കല്‍ പൊയ്‌കതളിക്കല്‍ പരേതനായ കോമളന്റെയും ഫിലോമിനയുടെയും രണ്ടാമത്തെ മകളാണ്. ദീപ്‌തി, ദൃശ്യ എന്നിവര്‍ സഹോദരങ്ങളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല