2024ല്‍ നടക്കുന്ന ചൊവ്വാ പര്യവേഷണ സംഘത്തിലേക്ക് തെരഞ്ഞെടുത്ത 100 പേരുടെ പട്ടികയില്‍ മലയാളി പെണ്‍കുട്ടിയും. പാലക്കാട് സ്വദേശിനിയാണ് ശ്രദ്ധ പ്രസാദ്. 19കാരിയായ ശ്രദ്ധക്ക് പുറമേ രണ്ട് ഇന്ത്യക്കാര്‍ കൂടി ചൊവ്വാ പര്യവേഷണ സംഘത്തിലുണ്ട്.
ഹോളണ്ടിലെ ഒരു സംഘടനയാണ് മാര്‍സ് വണ്‍ എന്നു പേരിട്ടിട്ടുള്ള പദ്ധതിയുടെ ഭാഗമായി നാലു പേരെ ചൊവ്വയിലേക്ക് അയക്കുന്നത്. ഇനിയും നിരവധി ഘട്ടങ്ങളിലൂടെ കടന്നു പോയ ശേഷമായിരിക്കും അവസാന നാല് പേരെ കൂടി തെരഞ്ഞെടുക്കുക.
കോയമ്പത്തൂര്‍ അമൃത വിശ്വവിദ്യാപീഠത്തില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് വിദ്യാര്‍ഥിയാണ് ശ്രദ്ധ്. ഈ പെണ്‍കുട്ടിക്ക് പുറമേ ഇന്ത്യയില്‍ നിന്നും തരന്‍ജീത്ത് സിങ് ഭാട്ടിയ, റിതിക സിങ് എന്നിവരാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ടത്. തരന്‍ജീത്ത് യുണിവേഴ്‌സിറ്റി ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയില്‍ വിദ്യാര്‍ഥിയാണ്. റിതിക ദുബൈയില്‍ താമസിക്കാരിയാണ്.
202,586 അപേക്ഷകള്‍ ചുരുക്കിയാണ് 100 പേരുടെ പട്ടിക തയ്യാറാക്കിയത്. 50 പുരുഷന്‍മാരും 50 സ്ത്രീകളുമാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത് . അമേരിക്കയില്‍ നിന്നും 39 പേരും യൂറോപ്പില്‍ നിന്നും 31 പേരും ഏഷ്യയില്‍ നിന്നും 16 പേരും സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു.
ആദ്യ ഘട്ടത്തില്‍ നാലു പേരെചൊവ്വയില്‍ എത്തിക്കുക , ശേഷം ചൊവ്വയില്‍ മനുഷ്യരുടെ കോളനി നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തില്‍ 40 പേരെ കൂടി അയക്കുക തുടങ്ങിയയവയാണ് ഹോളണ്ട് ആസ്ഥാനമായ സംഘടനയുടെ ലക്ഷ്യം. . 2024ല്‍ നടത്തുന്ന യാത്രയുടെ അവസാന റൗണ്ടില്‍ എത്തുന്നവര്‍ക്ക് ഏഴു വര്‍ഷം നീളുന്ന പരിശീലനമാണ് സംഘടന നല്‍കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല