സ്വന്തം ലേഖകന്‍: മാര്‍ഷല്‍ ദ്വീപുകള്‍ ഇന്ത്യക്കെതിരെ നല്‍കിയ ആണവ കേസ് അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളി. കേസ് കോടതിയുടെ അധികാരപരിധിക്ക് പുറത്താണെന്ന് കാണിച്ചാണ് കേസ് തള്ളിയത്. കൂടുതല്‍ ആണവ നിരായുധീകരണത്തിന് ആണവശക്തികളില്‍ സ്വാധീനം ചെലുത്തണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ഷല്‍ ദ്വീപുകള്‍ പരാതി നല്‍കിയത്.
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പരിധിയില്‍ വരുന്നതല്ല കേസെന്ന ഇന്ത്യന്‍ വാദം യു.എന്‍ കോടതി അംഗീകരിക്കുകയായിരുന്നു. 1970 ലെ ആണവ നിര്‍വ്യാപനക്കരാര്‍ പാലിക്കുന്നതിന് ആണവശക്തികള്‍ നടപടിയെടുക്കുന്നില്ല എന്നാണ് മാര്‍ഷല്‍ ദ്വീപുകളുടെ ആരോപണം. 53,000 പേര്‍ താമസിക്കുന്ന മാര്‍ഷല്‍ ദ്വീപുകള്‍ രണ്ടാം ലോകയുദ്ധത്തിനുശേഷം യു.എസിന്റെ നിരവധി ആണവപരീക്ഷണങ്ങള്‍ക്ക് വേദിയായിട്ടുണ്ട്.
ഒമ്പത് രാജ്യങ്ങള്‍ക്കെതിരെയാണ് മാര്‍ഷല്‍ ദ്വീപുകള്‍ പരാതി നല്‍കിയത്. എന്നാല്‍ ചൈന, ഫ്രാന്‍സ്, ഇസ്രായേല്‍, ഉത്തര കൊറിയ, റഷ്യ, യു.എസ് എന്നിവക്കെതിരായ കേസ് അവ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പരിധിയില്‍ വരുന്നില്ലെന്ന് വ്യക്തമാക്കി ആദ്യമേ തള്ളിയ കോടതി ബ്രിട്ടന്‍, ഇന്ത്യ, പാകിസ്താന്‍ എന്നിവക്കെതിരായ കേസുകളാണ് പരിഗണനക്കെടുത്തത്.
ആണവയുദ്ധം അവസാനിപ്പിക്കാത്തതുവഴി ഇന്ത്യയും പാകിസ്താനും ബ്രിട്ടനും ആണവനിര്‍വ്യാപന കരാര്‍ വ്യവസ്ഥ ലംഘിക്കുകയാണെന്ന് ആരോപിച്ച മാര്‍ഷല്‍ ദ്വീപുകള്‍ ഇന്ത്യയും പാകിസ്താനും കരാറില്‍ ഒപ്പുവച്ചിട്ടേയില്ലെന്നും വ്യക്തമാക്കി. ദ്വീപസമൂഹത്തിന്റെ യഥാര്‍ഥ പോരാട്ടം തങ്ങളുടെ പ്രദേശം ആണവപരീക്ഷണങ്ങള്‍ക്ക് വേദിയാക്കിയ യുഎസുമായാണെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല