സ്വന്തം ലേഖകന്‍: രക്തസാക്ഷി ദിനം, ഗാന്ധിജിയുടെ ഓര്‍മ്മ പുതുക്കി രാജ്യമെമ്പാടും ദിനാചരണം. മഹാത്മാ ഗാന്ധിയുടെ 69 ആം രക്തസാക്ഷി ദിനാചരണം പ്രമാണിച്ച് രാജ്യമെമ്പാടും അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചു. 1948 ജനുവരി 30നു വൈകുന്നേരം 5.17ന് ഡല്‍ഹിയിലെ ബിര്‍ളാ മന്ദിരത്തില്‍ പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കവേയാണു ഹിന്ദു മഹാസഭ പ്രവര്‍ത്തകനായ നാഥുറാം ഗോഡ്‌സേ എന്ന മതഭ്രാന്തന്റെ വെടിയേറ്റു ഗാന്ധിജി കൊല്ലപ്പെട്ടത്.
ജനുവരി 31ന് ഗാന്ധിയുടെ ഭൗതിക ശരീരം രാജ്ഘട്ടില്‍ സംസ്‌കരിച്ചു. മഹാത്മാവിന്റെ ഓര്‍മകള്‍ ഏഴു പതിറ്റാണ്ടോളം പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ ആശയങ്ങള്‍ കാലിക പ്രസക്തമായിത്തന്നെ നിലകൊള്ളുകയാണ്. ഒപ്പമുള്ളവരെ തള്ളിമാറ്റി മൂന്നു വെടിയുണ്ടകള്‍ മഹാത്മാവിന്റെ നെഞ്ചിലേക്ക് പായിച്ച് ഗോഡ്‌സെക്കു വേണ്ടി വാദിക്കുന്ന ശബ്ദങ്ങള്‍ രാജ്യത്തിന്റെ പല ഭാഗത്തും ഉയര്‍ന്നു വരുന്ന കാലത്താണ് മറ്റൊരു രക്തസാക്ഷി ദിനം കൂടിയെത്തുന്നത്.
മതേതരത്വത്തിന്റെ ഏറ്റവും വലിയ സമര്‍ഥകനായിരുന്നു ഗാന്ധിജി. അദ്ദേഹത്തിന്റെ മതേതരത്വത്തിന് വളരെ വിപുലമായ അര്‍ഥമാണുണ്ടായിരുന്നത്. മതേതരത്വത്തിന്റെ അടിത്തറ അദ്ദേഹത്തിന് മാനവികതയായിരുന്നു. ഗാന്ധിജിയുടെ മാനവികതയും വര്‍ഗീയതയുടെ ക്രൂരതയും തമ്മിലുള്ള വൈരുധ്യമാണ് അദ്ദേഹത്തിന്റെ വധത്തിനു വഴിവച്ചത്. ജന്മദിനത്തിലും ചരമദിനത്തിലുംമാത്രം ഓര്‍മിക്കപ്പെടുന്ന ഒരു അസാധാരണ മനുഷ്യനായി മാറുകയാണോ അദ്ദേഹം എന്ന ആശങ്കയും തള്ളിക്കളയാന്‍ കഴിയില്ല.
സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ആത്മാവായ മഹാത്മാവിനെ ഇകഴ്ത്തിക്കാട്ടാനും അദ്ദേഹത്തിനു പകരം ആ സ്ഥാനത്ത് മറ്റു പലരേയും തിരുകിക്കയറ്റാന്‍ നടക്കുന്ന ശ്രമിങ്ങള്‍ ഈ ആശങ്ക ശക്തമാക്കുന്നു. ഗാന്ധി ഘാതകനെ വാഴ്ത്തി, ഗാന്ധിയെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രമിക്കുന്ന പ്രവണത ശക്തി പ്രാപിക്കുന്നത് ഇതിന്റെ സൂചനയാണ്.
ഏറ്റവും കഠിനമായ പ്രതിസന്ധികളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളില്‍ അടിയുറച്ചു പ്രവര്‍ത്തിക്കുവാനും ജീവിതചര്യയാക്കി മാറ്റുന്നതിനും മഹാത്മാഗാന്ധി ശ്രദ്ധിച്ചു. ജീവിതകാലം മുഴുവന്‍ അദ്ദേഹം ഹൈന്ദവ തത്ത്വശാസ്ത്രങ്ങളുടെ പ്രായോക്താവായിരുന്നു. എല്ലാ വിധത്തിലും സ്വയാശ്രയത്വം പുലര്‍ത്തിയ ഒരു ആശ്രമം സ്ഥാപിച്ച് അവിടെ ലളിത ജീവിതം നയിച്ച് അദ്ദേഹം പൊതുപ്രവര്‍ത്തകര്‍ക്കു മാതൃകയായി. സ്വയം നൂല്‍നൂറ്റുണ്ടാക്കിയ വസ്ത്രം ധരിച്ചു.
സസ്യാഹാരം മാത്രം ഭക്ഷിച്ചു. ഉപവാസം ആത്മശുദ്ധീകരണത്തിനും പ്രതിഷേധത്തിനുമുള്ള ഉപാധിയാക്കി. ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ ആഗോള തലത്തില്‍ ഒട്ടേറെ പൗരാവകാശ പ്രവര്‍ത്തകരെ സ്വാധീനിച്ചു. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്, സ്റ്റീവ് ബികോ, നെല്‍സണ്‍ മണ്ടേല, ഓങ് സാന്‍ സൂ ചി എന്നിവര്‍ ഗാന്ധിയന്‍ ആശയങ്ങള്‍ ജീവിതത്തില്‍ സ്വാംശീകരിച്ചവരാണ്. ഐക്യരാഷ്ട്രസഭ ഗാന്ധിജയന്തിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ട് അന്താരാഷ്ട്ര അഹിംസാ ദിനമായും ആചരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല