മരിക്കുംമുന്‍പ് ഒരുതവണയെങ്കിലും അറിയുക മസാല ദോശയുടെ സ്വാദ്. ഇല്ലെങ്കില്‍ നിങ്ങളുടെ ജീവിതം വ്യര്‍ത്ഥം. ലോകമെങ്ങും ഏറെ വായനക്കാരുള്ള വെബ് പോര്‍ട്ടല്‍ ദ ഹഫിങ്ടണ്‍ പോസ്റ്റിലാണു ദക്ഷിണേന്ത്യയുടെ സ്വന്തം മസാല ദോശയെ ഒരിക്കലെങ്കിലും രുചിച്ചിരിക്കേണ്ട വിഭവമായി വാഴ്ത്തുന്നത്. വയറ്റര്‍ എന്ന ട്രാവല്‍ ബ്ലോഗാണ് ഹഫിങ്ടണ്‍ പോസ്റ്റിന് വേണ്ടി രുചിപ്പട്ടിക തയാറാക്കിയിരിക്കുന്നത്.
മസാല ദോശയും ജീരകം ചേര്‍ത്തുള്ള ചട്ണിയും ചേര്‍ത്തുള്ള ഭക്ഷണം സമാനതകളില്ലാത്തതാണെന്ന് ഹഫിങ്ടണ്‍ പോസ്റ്റ് വാഴ്ത്തുന്നു. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് തയാറാക്കിയ ’10 ഫുഡസ് ടു ട്രൈ ബിഫോര്‍ യു ഡൈ’ എന്ന പട്ടികയിലാണ് ദക്ഷിണേന്ത്യന്‍ വെജിറ്റേറിയന്‍ ഹോട്ടലുകളിലെ മെനുവില്‍ ആദ്യസ്ഥാനത്തുള്ള മസാല ദോശ.
ഉരുളക്കിഴങ്ങും വഴറ്റിയ ഉള്ളിയും ചേര്‍ത്തുള്ള മസാലയും ഉഴുന്നും അരിയും ചേര്‍ത്തു കടലാസ് കനത്തിലുണ്ടാക്കിയ ദോശയ്ക്കുള്ളില്‍ പൊതിയുന്നതും ചൂടോടെ ചട്ണി കൂട്ടി കഴിക്കുന്നതുമെല്ലാം വിശദമായി തന്നെ പറയുന്നുണ്ട്് വെബ്‌പോര്‍ട്ടലില്‍.
ഫ്രാന്‍സുകാരുടെ എസ്‌കാര്‍ഗോട്‌സ്, ചൈനയുടെ പെക്കിങ് ഡക്ക്, യുഎസിന്റെ ബാര്‍ബിക്യു റിബ്‌സ്, ജപ്പാന്റെ ടെപ്പന്യകി , മലേഷ്യയിലെ കടല്‍വിഭവക്കറിയായ ലാക്‌സ, തായ്‌ലന്‍ഡിലെ പച്ചപ്പപ്പായ സലാഡ്എന്നിവയുമുണ്ട് പട്ടികയില്‍.
പ്രാദേശികമായ ഈ വിഭവങ്ങള്‍ പുതിയ സുഹൃത്തുക്കളെ കണ്ടെത്താന്‍ സഹായിക്കുമെന്നും പ്രദേശത്തിന്റെ ചരിത്രവും രാഷ്ട്രീയവും മതപരവുമായ കാര്യങ്ങളെല്ലാം മനസ്സിലാക്കി തരുമെന്നും ലേഖനം പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല