ജമ്മു കശ്മീരിലെ വിഘടനവാദി നേതാവിന്റെ മോചനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നെ അസ്വാരസ്യം പുതുതായി സ്ഥാനമേറ്റ ബിജെപി, പിഡിപി സഖ്യത്തിന്റെ മധുവിധുവിനെ പ്രതികൂലമായി ബാധിക്കുന്നു. ഹുറിയത് കോണ്‍ഫറന്‍സ് സഖ്യത്തിലെ പങ്കാളിയും മുസ്‌ലിം ലീഗിന്റെ ചെയര്‍മാനുമായ മസറത് ആലമിനെ കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ ജയിലില്‍നിന്നു വിട്ടയച്ചിരുന്നു.
ഭരണസഖ്യമായ ബിജെപിയുമായി കൂടിയാലോചിക്കാതെയാണ് പിഡിപി നേതാവും കശ്മീര്‍ മുഖ്യമന്ത്രിയുമായ മുഫ്തി മുഹമ്മദ് സയീദ് ആലത്തെ വിട്ടയയ്ക്കാന്‍ തീരുമാനമെടുത്തത്. ആലത്തിന്റെ മോചനം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചില്ലെന്നും വിശദമായി റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടിയുണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജമ്മു കശ്മീര്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടില്‍ കേന്ദ്ര സര്‍ക്കാര്‍ തൃപ്തരല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും ലോക്‌സഭയെ അറിയിച്ചു.
അതേസമയം മസറത്ത് ആലമിനെ വിട്ടയക്കുന്നതിനു മുമ്പ് പുതിയ കേസുകള്‍ ചുമത്തേണ്ടെന്നു തീരുമാനിച്ചത് പുതിയ സര്‍ക്കാര്‍ അധികാരം എറ്റെടുക്കുന്നതിനു മുമ്പാണെന്ന് സൂചനയുണ്ട്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നെങ്കിലും ഭരണസഖ്യം രൂപീകരിക്കാനെടുത്ത 49 ദിവസം ഗവര്‍ണര്‍ ഭരണത്തിലായിരുന്നു സംസ്ഥാനം. ഈ ദിവസങ്ങളിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
വിഘടനവാദി നേതാവ് സയ്യിദ് ഗീലാനി നേതൃത്വം കൊടുക്കുന്ന ഹുറിയത് കോണ്‍ഫറന്‍സ് സഖ്യത്തിലെ മുസ്‌ലിം ലീഗിന്റെ നേതാവും തീവ്രനിലപാടുകാരനുമാണ് മസറത്ത് ആലം ഭട്ട്. നേരത്തെ ആലമിനെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്കു പോലീസ് 10 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു. നാലു മാസങ്ങള്‍ക്കുശേഷം മസറത്ത് പിടിയിലാകുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല