സ്വന്തം ലേഖകന്‍: ഇന്ത്യ ശ്രീലങ്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഡല്‍ഹിയിലെ മലിനവായു വില്ലനായി, ശ്വാസം മുട്ടി മാസ്‌ക് ധരിച്ച് ലങ്കന്‍ കളിക്കാര്‍. ഡല്‍ഹി ഫിറോസ്ഷാ കോട്‌ലയില്‍ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഫീല്‍ഡ് ചെയ്യാനിറങ്ങിയ ശ്രീലങ്കന്‍ കളിക്കാര്‍ മോശം കാലാവസ്ഥ മൂലം ഫീല്‍ഡ് വിടേണ്ടി വന്നു.മല്‍സരത്തിന്റെ ഭൂരിഭാഗം സമയത്തും മാസ്‌ക് ധരിച്ചാണ് ലങ്കന്‍ താരങ്ങള്‍ കളത്തിലിറങ്ങിയത്.
ഇടയ്ക്കിടെ മോശം കാലാവസ്ഥ കാരണം മല്‍സരം തടസ്സപ്പെടുകയും ചെയ്തു. നവംബര്‍ 19ന് നടക്കേണ്ടിയിരുന്ന ഡല്‍ഹി ഹാഫ് മാരത്തണും വായുമലിനീകരണം കാരണം റദ്ദാക്കിയിരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ അതോറിറ്റിയുടെ കണക്ക് അനുസരിച്ച് പിഎം 2.5, പിഎം 10 എന്നീ മലിനീകാരികളാണ് നഗരത്തിന്റെ അന്തരീക്ഷത്തെ ഏറ്റവും കൂടുതല്‍ മോശമാക്കുന്നത്.
കൂടാതെ, വിഷവാതകങ്ങളായ നൈട്രജന്‍ ഡയോക്‌സൈഡ് (എന്‍ഒ 2), ഗ്രൗണ്ട് ലെവല്‍ ഓസോണ്‍ (ഒ 3) എന്നിവയും കാണപ്പെടുന്നു. എന്‍ഒ 2ന്റെ തോത് വളരെ ഉയര്‍ന്ന നിലയിലാണ്. ചില സ്ഥലങ്ങളിലാണ് ഒ 3 കാണപ്പെടുന്നത്. അതേസമയം, വര്‍ഷത്തില്‍ ഈ സമയത്ത് ഡല്‍ഹിയിലെ വായുശുദ്ധി ഇത്രയും മോശമാകാറുണ്ടെന്ന നിലപാടാണ് പ്രാദേശിക അധികൃതര്‍ പുലര്‍ത്തുന്നത്.
എന്നാല്‍ ലങ്കന്‍ കളിക്കാര്‍ മല്‍സരത്തിനിടെ മാസ്‌ക് ധരിച്ചതോടെ രാജ്യാന്തര തലത്തിലും ഡല്‍ഹിയിലെ മലിനീകരണം വാര്‍ത്തയായി. വര്‍ധിച്ച മലിനീകരണം ഉണ്ടാകുന്ന സമയങ്ങളില്‍ എന്‍ 95 മാസ്‌കുകള്‍ ധരിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ അടുത്തിടെ നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശമാണ് ലങ്കന്‍ കളിക്കാര്‍ പാലിച്ചത്.
വായുമലിനീകരണം രൂക്ഷമായ ഡല്‍ഹി, ടെസ്റ്റ് മത്സരത്തിനായി തെരഞ്ഞെടുത്തതിനെ ചോദ്യം ചെയ്ത് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തിയിട്ടുണ്ട്. ഡല്‍ഹി വേദിയായി തെരഞ്ഞെടുത്തതില്‍ വിശദീകരണം നല്‍കണമെന്ന് ലങ്കന്‍ ബോര്‍ഡ് ബിസിസിഐയോട് ആവശ്യപ്പെട്ടു. ശ്രീലങ്കന്‍ താരങ്ങള്‍ നേരത്തെ അശുദ്ധവായു സംബന്ധിച്ച് അമ്പയറോട് പരാതിപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല