സ്വന്തം ലേഖകന്‍: ജെയ്‌ഷെ മുഹമ്മദിന്റെ തലവനും മുംബൈ ഭീകരാക്രമണങ്ങളുടെ സൂത്രധാരനുമായ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള യുഎന്‍ നീക്കത്തിന് ചൈന ഇടങ്കോലിടുന്നു. ഭീകരനായി പ്രഖ്യാപിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശങ്ങള്‍ മസൂദിനു യോജിക്കില്ലെന്നാണു ചൈനയുടെ നിലപാട്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ചേര്‍ന്ന യോഗത്തിലും ചൈന ഇതാവര്‍ത്തിച്ചിരുന്നു.
പഠാന്‍കോട് വ്യോമതാവളത്തിലെ ആക്രമണത്തിനു പിന്നാലെ ജെയ്‌ഷെ മുഹമ്മദ് എന്ന സംഘടനയെ നിരോധിത സംഘടനയുടെ പട്ടികയില്‍ പെടുത്താനുള്ള യുഎന്‍ നീക്കത്തെ കഴിഞ്ഞ വര്‍ഷം ചേര്‍ന്ന അംഗരാജ്യങ്ങളുടെ യോഗത്തില്‍ ചൈന വീറ്റോ ചെയ്തിരുന്നു. മസൂദിനെതിരേ വ്യക്തമായ തെളിവുകളാണു വേണ്ടത്. പക്ഷപാതമില്ലാതെ നീതി നടപ്പാക്കണമെന്നാണു തങ്ങള്‍ ആവശ്യപ്പെടുന്നത്. അടുത്ത മാസം ചേരുന്ന യുഎന്‍ പൊതുസഭയില്‍ ചൈനയുടെ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നു ചൈനീസ് വിദേശകാര്യ വക്താവ് ഗെംഗ് ഷു പറഞ്ഞു.
മസൂദിനെ ഭീകരനായി പ്രഖ്യാപിക്കണമെന്നാണ് അമേരിക്കയുടെ നിലപാട്. എന്നാല്‍, മസൂദ് വിഷയം സാങ്കേതികത്വത്തില്‍ കുരുക്കി ആശയക്കുഴപ്പമുണ്ടാക്കാനാണു ചൈന ശ്രമിക്കുന്നത്. പഠാന്‍കോട്ടില്‍ നടന്ന ഭീകരാക്രമണത്തിനു പിന്നില്‍ ജെയ്‌ഷെ മുഹമ്മദ് എന്ന സംഘടനയുടെയും മസൂദിന്റെയും പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ യുഎന്‍ രക്ഷാസമിതിക്കു മുന്പില്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ചിരുന്നു. ചൈനയുടെ നിലപാടിനെതിരേ സ്ഥിരംസമിതി അംഗങ്ങള്‍ നിസംഗത പുലര്‍ത്തുന്നതിനെ ഇന്ത്യ അപലപിച്ചിട്ടുണ്ട്.
പത്താന്‍ കോട്ട് ഭീകരാക്രമണത്തിന് ശേഷം മസൂദ് അസറിനെ അടിയന്തരമായി ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ ഇന്ത്യ ഐക്യരാഷ്ട്രസഭയെ സമീപിക്കുകയായിരുന്നു. ഇതിന് മുന്‍പ് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള അമേരിക്കയുടെ നീക്കത്തെയും ഐക്യരാഷ്ട്രസഭയില്‍ ചൈന തടഞ്ഞിരുന്നു. അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിന് പിന്നാലെയാണ് അമേരിക്കയും രംഗത്തെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല