സ്വന്തം ലേഖകന്‍: ഹെയ്തിയില്‍ ജയില്‍ കലാപവും കൂട്ട ജയിച്ചാട്ടവും, രക്ഷപ്പെട്ടത് 172 കൊടും കുറ്റവാളികള്‍. വടക്കന്‍ പ്രവശ്യയിലെ ആര്‍ക്കെയ് ജയിലില്‍നിന്നാണ് തടവുപുള്ളികള്‍ കൂട്ടമായി രക്ഷപ്പെട്ടത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ജയിലിലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥനെ തടവുപുള്ളികള്‍ വെടിവച്ചുകൊന്നു.
കാവല്‍ ജോലിയിലുള്ള പോലീസുകാരുടെ ആയുധങ്ങളുമായാണ് കുറ്റവാളികള്‍ രക്ഷപ്പെട്ടത്. സംഭവത്തില്‍ രണ്ടു പോലീസുകാര്‍ക്ക് പരിക്കുണ്ട്. തട്ടിക്കൊണ്ടുപോകലിന് ശിക്ഷ അനുഭവിക്കുകയായിരുന്ന എവനെര്‍ കരേലസാണ് കലാപത്തിന്റെ സൂത്രധാരനെന്ന് അര്‍ക്കയീ ജയില്‍ മാനേജര്‍ ഹ്യൂര്‍ത്തലോ പോള്‍ കോള്‍സണ്‍ പറഞ്ഞു. ഇയാളെ അറസ്റ്റുചെയ്തിട്ടുണ്ട്.
സംഭവത്തെത്തുടര്‍ന്ന് രാജ്യമെങ്ങുമുള്ള ജയിലുകളിലെ സുരക്ഷ ശക്തമാക്കി. മോഷണം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, മയക്കുമരുന്ന് കടത്തല്‍ തുടങ്ങിയ കേസുകളിലുള്‍പ്പെട്ട പലരും അര്‍ക്കയീ ജയിലിലുണ്ടായിരുന്നു. രക്ഷപ്പെട്ടവരെ കണ്ടെത്താനായി യുഎന്‍ സമാധാനസേനയുടെ സഹായത്തോടെ ഹെയ്തി പോലീസ് ശ്രമം തുടങ്ങി.
ജയില്‍ യൂണിഫോം ധരിക്കാത്ത 266 കുറ്റവാളികളാണ് ജയിലിലുണ്ടായിരുന്നത്. ഇതുമൂലം രക്ഷപ്പെട്ടവരെ പെട്ടെന്ന് തിരിച്ചറിയാന്‍ പ്രയാസമുള്ളതായി അധികൃതര്‍ പറഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിച്ച 11 പേര്‍ ഇതിനകം പിടിയിലായിട്ടുണ്ട്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഒരു തടവുപുള്ളി മതിലില്‍ നിന്നു വീണു മരിച്ചതായും മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല