സ്വന്തം ലേഖകന്‍: എന്‍.എച്ച്.എസിനെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ലണ്ടനില്‍ ലക്ഷങ്ങളുടെ പ്രതിഷേധ പ്രകടനം. പൊതുമേഖല സ്ഥാപനമായ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനെ സ്വകാര്യ വല്‍ക്കരിച്ചും ആവശ്യമായ ധനസഹായം നല്‍കാതെയും തകര്‍ത്തുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ ലണ്ടനില്‍ നടന്ന പ്രതിഷേധത്തില്‍ ലക്ഷങ്ങള്‍ അണിനിരന്നു. ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് പാരാ മെഡിക്കല്‍ സ്റ്റാഫും ഇവര്‍ക്ക് പിന്തുണയുമായെത്തിയ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരുമടക്കം രണ്ടര ലക്ഷത്തോളം ആളുകള്‍ ഇന്നലത്തെ മാര്‍ച്ചില്‍ പങ്കെടുത്തെന്നാണ് കണക്ക്. പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്‍ ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
പൊതുജനങ്ങള്‍ തങ്ങളുടെ എല്ലാം ശക്തിയും സംഭരിച്ചു സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കണമെന്ന് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ജെറെമി കോര്‍ബിന്‍ ആവശ്യപ്പെട്ടു. അത്യാഹിത വിഭാഗങ്ങളില്‍ പോലും നാല് മണിക്കൂറില്‍ അധികം കാത്തിരിക്കേണ്ട സ്ഥിതിയിലാണ് ബ്രിട്ടനിലെ എല്ലാ ആശുപത്രികളും. അപകടങ്ങളില്‍പെട്ട് വരുന്ന അത്യാസന്ന രോഗികളെ പോലും കിടത്തി ചികിത്സിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ ‘താല്‍ക്കാലിക ട്രോളികളില്‍’ ആണ് പരിചരിക്കുന്നത്. ഇത് അവിടെ ജോലി ചെയ്യുന്ന ജീവനക്കാരുടെ കഴിവ് കേടല്ല മറിച്ചു ജീവനക്കാരെ വെട്ടിക്കുറച്ചു ആവശ്യമായ ഫണ്ടിങ് നല്‍കാതെ പുതുമേഖല ആരോഗ്യ സ്ഥാപനത്തെ തകര്‍ക്കുന്ന നയത്തിന്റെ ഫലമാണ്. ഈ ദുരന്തത്തിനെതിരെ രാജ്യത്തിലെ ജനങ്ങള്‍ ഒറ്റകെട്ടായി മുന്നോട്ടു വരണമെന്ന് കോര്‍ബിന്‍ ആവശ്യപ്പെട്ടു.
റോയല്‍ കോളജ് ഓഫ് നഴ്‌സിംങ്, യൂണിസെന്‍, ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ തുടങ്ങിയ മെഡിക്കല്‍ രംഗത്തെ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്. എന്‍.എച്ച്.എസ് ജീവനക്കാര്‍ക്കൊപ്പം മറ്റ് തൊഴില്‍ മേഖലകളില്‍നിന്നുള്ളവരും ജീവനക്കാരുടെ ബന്ധുക്കളും സുഹൃത്തുക്കളും പ്രകടനത്തില്‍ അണിചേര്‍ന്നു. ലണ്ടനിലെ ടാവിസ്റ്റോക്ക് സ്‌ക്വയറില്‍നിന്നും ആരംഭിച്ച മാര്‍ച്ച് വെസ്റ്റ്മിനിസ്റ്ററിലാണ് സമാപിച്ചത്. ഇത്രയും ജനപങ്കാളിത്തമുള്ള പ്രകടനം എന്‍.എച്ച്.എസിന്റെ ചരിത്രത്തില്‍ ആദ്യമാണെന്നു കരുതപ്പെടുന്നു.
ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഗ്രേറ്റ് ബ്രിട്ടന്‍ ദേശിയ വൈസ് പ്രസിഡന്റ് ഹര്‍സേവ് ബെയിന്‍സിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സംഘം പ്രതിഷേധത്തില്‍ അണിനിരന്നു. എന്‍.എച്ച്.എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ആവശ്യത്തിന് പണം അനുവദിക്കാത്തതിലുള്ള അമര്‍ഷവും പ്രകടനത്തില്‍ അണപൊട്ടി. ആശുപത്രികളും ആംബുലന്‍സ് സര്‍വീസും ജി.പി. സംവിധാനങ്ങളും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളുമെല്ലാം ആവശ്യത്തിന് ഫണ്ട് അനുവദിക്കാത്തതിന്റെ പേരില്‍ കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന് പ്രകടനത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല