1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 2, 2011

ക്രിക്കറ്റ് മത്സരം ഒത്തുകളിച്ച പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍നായകന്‍ സല്‍മാന്‍ ബട്ടും പേസ് ബൗളര്‍ മുഹമ്മദ് ആസിഫും അഴിയെണ്ണേണ്ടിവരും. ഇരുവരും കുറ്റക്കാരാണെന്ന് ബ്രിട്ടീഷ് കോടതി വിധിച്ചു. വഞ്ചിക്കാന്‍ (ഒത്തുകളിക്കാന്‍) ഗൂഢാലോചന നടത്തിയ കുറ്റത്തില്‍ ഇരുവരും പങ്കാളികളാണെന്ന് 12 അംഗ ജൂറി പാനല്‍ ഏകകണേ്ഠ്യന അഭിപ്രായപ്പെട്ടു. പണത്തിനുവേണ്ടി ബട്ട് ഗൂഢാലോചന നടത്തിയതായി ജൂറി അംഗങ്ങളില്‍ പത്തുപേരും ചൂണ്ടിക്കാട്ടി.

എന്നാല്‍ ആസിഫ് പണം പറ്റി ഗൂഢാലോചന നടത്തിയെന്ന കാര്യത്തില്‍ തീര്‍പ്പെടുക്കാതെയാണ് കോടതി പിരിഞ്ഞത്. പണം പറ്റി ഗൂഢാലോചന നടത്തിയ കുറ്റത്തിന് ബട്ടിന് ഏഴുവര്‍ഷത്തെ ജയില്‍ ശിക്ഷ ലഭിക്കാം. ഒത്തുകളിക്കാന്‍ ഗൂഢാലോചന നടത്തിയതിന് പരമാവധി രണ്ടു വര്‍ഷം തടവു ശിക്ഷ വിധിക്കാം. ഈയാഴ്ച ഒടുവില്‍ ശിക്ഷ പ്രഖ്യാപിക്കും. ഒത്തുകളിയില്‍ പങ്കാളിയായ കൗമാരക്കാരനായ ഇടംകൈയന്‍ പേസ് ബൗളര്‍ മുഹമ്മദ് ആമിറിന്, നേരത്തേ കുറ്റസമ്മതം നടത്തിയെന്ന കാരണത്താല്‍ വിചാരണ കോടതിക്കു മുമ്പാകെ ഹാജരാകേണ്ടി വന്നില്ല.

ഒത്തുകളി: ഇതുവരെ

ഓഗസ്റ്റ് 28- സല്‍മാന്‍ ബട്ട്, മുഹമ്മദ് ആസിഫ്, മുഹമ്മദ് ആമിര്‍ എന്നിവരുടെ ഹോട്ടല്‍ റൂമുകലില്‍ പൊലീസ് റെയ്ഡ് നടത്തുന്നു. ബ്രിട്ടിഷ് ടാബ്ലോയ്ഡായ ന്യൂസ് ഒഫ് ദ വേള്‍ഡ് സ്റ്റിങ് ഓപ്പറേഷന്‍റെ ഭാഗമായി ബുക്കി മസര്‍ മജീദിന് നല്‍കിയ പണം ഇവരുടെ റൂമുകളില്‍ നിന്ന് കണ്ടെത്തുന്നു

സെപ്റ്റംബര്‍ 2- ബട്ട്, ആമിര്‍, ആസിഫ് എന്നിവരെ ഐസിസി അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുന്നു

സെപ്റ്റംബര്‍ 2- മൂവരേയും പൊലീസ് ചോദ്യം ചെയ്യുന്നു

ഫെബ്രുവരി 5- ബട്ടിനെ 10 വര്‍ഷത്തേക്കും ആസിഫിനെ ഏഴ് വര്‍ഷത്തേക്കും ആമിറിനെ അഞ്ച് വര്‍ഷത്തേക്കും ഐസിസി വിലക്കുന്നു

ഫെബ്രുവരി 26- സ്പോര്‍ട്സ് തര്‍ക്ക പരിഹാര കോടതിയില്‍ വിലക്കിനെതിരേ ആമിറും ബട്ടും അപ്പീല്‍ നല്‍കുന്നു. ആസിഫ് മാര്‍ച്ച് 1നും അപ്പീല്‍ നല്‍കി. ഇംഗ്ലണ്ടിലെ ക്രിമിനല്‍ കേസ് പൂര്‍ത്തിയായ ശേഷം വാദം കേള്‍ക്കല്‍ കോടതി നീട്ടിവച്ചു.

ഒക്റ്റോബര്‍ 4- സൗത്ത്വാര്‍ക്ക് ക്രൗണ്‍ കോടതിയില്‍ ആസിഫിന്‍റെയും ബട്ടിന്‍റെയും വിചാരണ ആരംഭിക്കുന്നു

നവംബര്‍ 1- ഇരുവരും കുറ്റക്കാരെന്ന് കോടതി വിധിക്കുന്നു

കഴിഞ്ഞവര്‍ഷം ആഗസ്തില്‍ പാകിസ്താനും ഇംഗ്ലണ്ടും ലോര്‍ഡ്‌സില്‍ ടെസ്റ്റില്‍ ഏറ്റുമുട്ടിയപ്പോഴാണ് ഒത്തുകളി നടന്നത്. പൂട്ടിപ്പോയ ബ്രിട്ടീഷ് ടാബ്ലോയ്ഡ്’ന്യൂസ് ഓഫ് ദ വേള്‍ഡ്’- ന്റെ റിപ്പോര്‍ട്ടര്‍ മസ്ഹര്‍ മഹ്മൂദാണ് സ്റ്റിങ് ഓപ്പറേഷനിലൂടെ കോഴക്കളിയുടെ ഞെട്ടിപ്പിക്കുന്ന കഥ പുറംലോകത്തെ അറിയിച്ചത്. മത്സരം തത്സമയം ഒത്തുകളിക്കാന്‍ വാതുവെപ്പുകാരുടെ ഏജന്റ് മസ്ഹര്‍ മജീദ് പാക് താരങ്ങള്‍ക്ക് വന്‍തുക കോഴ വാഗ്ദാനം ചെയ്യുകയും കളിക്കാര്‍ അത് കൈപ്പറ്റുകയും ചെയ്തുവെന്നാണ് ന്യൂസ് ഓഫ് ദ വേള്‍ഡ് പുറത്തുകൊണ്ടുവന്നത്.

മുന്‍ധാരണ പ്രകാരം ആസിഫും ഇടംകൈയന്‍ പേസ് ബൗളര്‍ മുഹമ്മദ് ആമിറും മത്സരത്തിനിടെ നോബോള്‍ എറിഞ്ഞതായി തെളിഞ്ഞിരുന്നു. രണ്ടുവര്‍ഷമായി വാതുവെപ്പുകാരുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു വരികയാണെന്ന്, ഇന്ത്യന്‍ ബിസിനസ്സുകാരനെന്ന വ്യാജേന സമീപിച്ച മസ്ഹറിനോട് മജീദ് വെളിപ്പെടുത്തിയിരുന്നു. പാക് ടീമിലെ മറ്റു ചില കളിക്കാരുള്‍പ്പെടെ അന്താരാഷ്ട്ര ക്രിക്കറ്റ് രംഗത്തുള്ള പല കളിക്കാരും തന്റെ കൈപ്പിടിയില്‍ ഒതുങ്ങുന്നവരാണെന്നും മജീദ് അവകാശപ്പെട്ടിരുന്നു.

മത്സരം ഭാഗികമായി ഒത്തുകളിക്കാന്‍ 50,000 മുതല്‍ 80, 000 പൗണ്ട് വരെയും ട്വന്റി 20 മത്സരഫലം മുന്‍ധാരണയില്‍ തീര്‍പ്പാക്കാന്‍ നാലു ലക്ഷം പൗണ്ടും ടെസ്റ്റ് ഫലം ഒത്തുകളിയിലൂടെ തീര്‍പ്പാക്കാന്‍ 10 ലക്ഷം പൗണ്ടും നല്കുമെന്നാണ് മജീദ് റിപ്പോര്‍ട്ടറോട് പറഞ്ഞത്. പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന പാകിസ്താന്‍ ക്രിക്കറ്റിനേറ്റ മറ്റൊരു തിരിച്ചടിയാണ് ടീമിന്റെ നായകന്‍ തന്നെ കുറ്റവാളിയാണെന്ന വിധി. ഈ നാണക്കേടില്‍ നിന്ന് ടീം മുക്തമാകണമെങ്കില്‍ വര്‍ഷങ്ങളെടുക്കുമെന്നാണ് വിദഗ്ധാഭിപ്രായം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.